Saturday, 2 September 2017

Review of the documentary endosulfan the Kerala story

അതിരാവിലെ മടിച്ചു മടിച്ചു കട്ടിലിൽ നിന്നെണീറ്റ് കുസൃതികളും പരിഭവങ്ങളുമായി ചോറ്റുപാതവും കൊണ്ട് സ്ക്കൂളിലേക്കോടി കൂട്ടുകാരുമൊത്ത് തല്ലുണ്ടാക്കി കൊണ്ടുവരുന്ന പൊതിച്ചോറിലെ സ്നേഹം പങ്കുവെച്ചു ചെറിയ തമാശകളും പിണക്കങ്ങളുമായി കഴിഞ്ഞു പോകുന്ന നാളുകളാണ് ഓരോ വ്യക്തിയുടെയും ഏറ്റവും മനോഹരമായ ജീവിത കാലഘട്ടം,"സ്കൂൾ ജീവിതം ". മറക്കാനാവാത്ത ഒരുപിടി നല്ല ഓർമ്മകളാണവ ഒടിഞ്ഞ മഷിത്തണ്ടിൽ തിളങ്ങുന്ന ബ്ലാക്ക് ബോർഡുകളിൽ കോറിയിട്ട അക്ഷരങ്ങൾ ഹൃദയത്തിലാഴ്ന്നു പതിയുന്നു. അവ പഠിച്ചും പങ്കുവെച്ചും വളരേണ്ട ഒരു തലമുറതന്നെ പരസ്പരം ഒന്നും പറയാനാകാതെ തിരിച്ചറിയാനാകാത്ത നിസ്സംഗതയോടെ നോക്കുന്ന അവസ്ഥ വന്നാലോ. കാസർഗോഡ് ജില്ലയിലെ കശുമാവിൻതോട്ടങ്ങളിൽ തളിക്കുന്ന മാരകമായ എൻഡോസൾഫാൻകീടനാശിനികൾ മൂലം തച്ചുടക്കപ്പെട്ടത് വരുംകാലത്തിനെ മുന്നോട്ടുനയിക്കേണ്ട പുതുതലമുറകളാണ്. തികച്ചും അശാസ്ത്രീയമായ രീതിയിൽ ഈകീടനാശിനികൾ ഉപയോഗിച്ചത് കാരണം ആയിരക്കണക്കിന് കുരുന്നുകളാണ് പൂർണ്ണതയില്ലാത്ത മനുഷ്യ രൂപങ്ങളായി പിറന്നു വീഴുന്നത്.

1976 മുതൽ കാസർഗോഡിലെ മിക്ക തോട്ടങ്ങളിലും തേയില കീടങ്ങളെ തുരത്തുവാനും മികച്ച വിളവ് ലഭിക്കുവാനും വേണ്ടിയാണ് എൻഡോസൾഫാൻ എന്ന കീടനാശിനി തളിക്കാൻതുടങ്ങിയത്. തീർത്തും അശാസ്ത്രീയമായ ഇതിന്റെ പ്രയോഗം മൂലം  കീടനാശിനികൾതോട്ടം തൊഴിലാളികളെ ബാധിച്ചു തുടങ്ങുന്നത് വളരെ വർഷങ്ങൾക്കു ശേഷമാണ്. ജനിതകവൈകല്യങ്ങളാലും ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ബാധിച്ചും നിരവധിപേർ മരിച്ചിട്ടും ഇതിന്റെ ഉപയോഗം നിർബാധം തുടരുവാൻതൊഴിലാളികൾനിർബന്ധിതരാവുകയായിരുന്നു. വർഷങ്ങൾ പിന്നീടും ഒരുപാടു കൊഴിഞ്ഞുപോയി. മാറി മാറി വന്ന സർക്കാരുകൾ ഇവിടെ ജനിക്കുന്ന ബാധിക്കുന്ന വൈകല്യങ്ങളെ കുറിച്ചുപഠിക്കുവാനും തെളിവെടുപ്പിനുമായി ശാസ്ത്രസാങ്കേതിക സംഘങ്ങളെ അയച്ചു. വർഷങ്ങൾ ഒരുപാടു വേണ്ടി വന്നു. ഇതിന്റെയൊക്കെ വേരുകൾ എൻഡോസൾഫാൻഎന്ന കീടനാശിനിയാണെന്ന് ഉറപ്പിക്കുവാൻ. അപ്പോഴേക്കും ഒരു നാട് മുഴുവൻ തങ്ങളുടെ കുഞ്ഞുങ്ങളെയോർത്തു എന്തുചെയ്യണമെന്നറിയാതെ വിതുമ്പുകയായിരുന്നു.

ജനിക്കുന്ന എല്ലാ കുട്ടികൾക്കും വൈകല്യങ്ങളും ബുദ്ധിമാന്ദ്യവും. ഇവ കണ്ടുകൊണ്ട് ഇനി മുന്നോട്ടെന്ന് എന്നറിയാതെ നിസ്സംഗതയോടെ നോക്കിനിൽക്കുകയാണ് ഒരുപറ്റം സാധുക്കളായ അച്ഛനമ്മമാർ. അച്ഛനെന്നോ അമ്മയെന്നോ ഒന്നു വിളിക്കാൻ പോലുമാകാതെതളർന്നുപോയ കുരുന്നുകളെ എത്ര വെല്ലുവിളികൾ നേരിട്ടും ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുവാൻ ശ്രെമിക്കുകയാണ് തോട്ടംമേഖലയിലെ നല്ലമനസ്സുകൾ. അവർക്ക് അവകാശപ്പെട്ട തുച്ഛമായ നഷ്ടപരിഹാരം പോലും കൃത്യമായി കൊടുക്കാതെ വീണ്ടും ഇരുട്ടറയിലേക്ക് തള്ളിയിടുകയാണ് അധികാര കേന്ദ്രങ്ങൾ.

ഗർഭിണികളുടെ രക്തത്തിൽവളരെ ഉയർന്ന അളവിൽകീടനാശിനികൾ കലരുകയും തുടർന്നു ജനിക്കുന്ന കുഞ്ഞുങ്ങളെ സാരമായി ബാധിക്കുകയുമാണുണ്ടായത്. നാഡീവ്യവസ്ഥ തകരാറാകുന്നതു മൂലം കുട്ടികളിൽ ബുദ്ധിമാന്ദ്യം സംഭവിക്കുകയും അവയവങ്ങൾപൂർണ്ണ വളർച്ചയെത്താതാവുകയും ചെയ്യുന്നു. തലച്ചോറിനെപ്പോലും മരവിപ്പിക്കുന്നതാണ് ഈ കീടനാശിനി. ശരീരത്തിലെ എല്ലാ പ്രധാന ഭാഗങ്ങളെയും തളർത്തുന്ന ഇവ 30 വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചതുമൂലം ഉണ്ടാകുന്ന ഈ അത്യാപത്തിന്റെ വ്യാപ്തിയും അത് ബാധിക്കുന്നവരുടെ അവസ്ഥയും ഊഹിക്കാവുന്നതേയുള്ളു.

2006 ഓടുകൂടി എൻഡോസൾഫാൻ കീടനാശിനി നിരോധിക്കണമെന്ന ആവശ്യം ശക്തമാവുകയും പാർലമെന്റിലും ഐക്യരാഷ്ട്രസഭയിൽ പോലും ചർച്ചകൾക്ക് ഇടയാക്കുകയും ചെയ്തു. മാധ്യമങ്ങളും മറ്റും ഏറ്റെടുത്തതോടുകൂടി പ്രശ്നത്തിന്റെ വ്യാപ്തി മറ്റുള്ളവർതിരിച്ചറിഞ്ഞു തുടങ്ങി. ഒട്ടനവധി ഡോക്യുമെൻററികളും പ്രൊഫൈലുകളും നിർമ്മിക്കപ്പെട്ടു. ഒടുവിൽ ഒരുപാടു പേരുടെ ഭഗീരത പ്രയത്‌നം കൊണ്ട് എൻഡോസൾഫാൻനിരോധിക്കപ്പെട്ടു.

വൈകിയുണർന്ന അധികാരികളും മറ്റും നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി എൻഡോസൾഫാൻബാധിച്ച പ്രദേശങ്ങളിൽഅടിസ്ഥാന സൗകര്യങ്ങളും ശുശ്രൂഷ കേന്ദ്രങ്ങളും ബഡ്സ് സ്കൂളുകളും സ്ഥാപിച്ചു. എന്നിരുന്നാലും ഇവരുടെ കണ്ണുനീർ തോരുന്നില്ല. കുടുംബത്തിന്റെ അടിവേരുകൾനഷ്ടപ്പെട്ടിട്ടും വെളിച്ചത്തിന്റെ പുതിയ പ്രതീക്ഷയിൽ കണ്ണും നട്ടിരിക്കുകയാണ് കാസർഗോഡൻതോട്ടം മേഖലയിലെ പല കുടുംബങ്ങളും. 

 

ഹൃസ്വവും എന്നാൽ വളരെയേറെ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് " എൻഡോസൾഫാൻ ദി കേരള സ്റ്റോറി" എന്ന ഡോക്യുമെന്ററി. കൈവശമുണ്ടായിരുന്ന കാർഷിക സമ്പത്തിനെ തച്ചുടച്ചു അന്യനാട്ടിലെ വിഷംനിറഞ്ഞ പച്ചക്കറികളുടെ മുന്നിൽപ്ലാസ്റ്റിക്  കവറുകൾ നീട്ടുന്ന ഒരോ മലയാളികൾക്കും നൽകുന്ന മുന്നറിയിപ്പ്.

   വൃത്തിയില്ലാത്ത , കൊലുസണിഞ്ഞ രണ്ടുകാലുകളുടെ ദൃശ്യത്തോടെയാണ് എൻഡോസൾഫാൻ ഡോക്യുമെന്ററി ആരംഭിക്കുന്നത് . കാലുകളുടെ വൈരൂപ്യം തുടർന്ന് മുഖത്തേക്ക് നീങ്ങുന്ന ക്യാമറയിലൂടെ കുട്ടി ഒരു പൂർണ്ണതയില്ലാത്ത രൂപമാണെന്ന് മനസ്സിലാക്കിത്തരുന്നു ."ഒരു കുഞ്ഞു സമൂഹത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത് , സ്കൂളിലേക്ക് പോയി തുടങ്ങുന്നതുമുതലാണ് " എന്ന് തുടങ്ങുന്ന ഇംഗ്ലീഷ് വിവരണം പ്രേക്ഷകരെ അവരുടെ ബാല്യകാലത്തെ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു .തുടർന്നുള്ള വിവരണത്തിൽ നിന്നും ദൃശ്യങ്ങളിൽ നിന്നും ബാല്യമെന്നോ യൗവനമെന്നോ തിരിച്ചറിയാനാകാതെ ഒരു പട്ടം കുരുന്നുകൾ വെല്ലുവിളികളെ അതിജീവിക്കാൻ കഷ്ടപ്പെടുന്നതാണ് കാണുന്നത് .അഞ്ചുപേർ ചേർന്ന് നിർമ്മിച്ച ഈ ടോക്കിയുമെന്ററി കാസർഗോഡ് ജില്ലയിലെ പെർള എന്ന ഗ്രാമത്തിലെ 'സ്വാന്തന ബഡ്‌സ് സ്കൂളിലെ കുട്ടികളെയും അന്ദേവാസികളെയും കുറിച്ച് പറഞ്ഞു തുടങ്ങുന്നു .ചിത്രം പിന്നീട് ഒരു നാടിനെയും ജനതയെയും മൊത്തം ബാധിച്ച എൻഡോസൾഫാൻ എന്ന കീടനാശിനിയെക്കുറിച്ചും അത് മൂലമുണ്ടായ വിപത്തിനെക്കുറിച്ചും ചെറുതെങ്കിലും സ്പഷ്ടമായും ആധികാരികമായും അവതരിപ്പിക്കുന്നു .ദൃശ്യങ്ങളുടെ എടുത്തുപറയത്തക്ക വൈവിധ്യങ്ങളൊന്നും തന്നെ ഈ ചിത്രത്തിലില്ല .പരമ്പരാഗത രീതിയിലുള്ള ആംഗിളുകളും ഷോട്ടുകളുമാണ് ഭൂരിഭാഗവും ഉപയോഗിച്ചിരിക്കുന്നത് .ദൃശ്യങ്ങളുടെ വൈവിധ്യങ്ങളും പുതുമയും കൂടുതൽഉപയോഗിക്കാതെ  തന്നെ എൻഡോസൾഫാന്റെ വിപത്തിനെക്കുറിച്ചു ആഴത്തിൽപ്രതിപാദിക്കാനും പ്രതിഫലിപ്പിക്കാനും ഈ ഡോക്യൂമെന്ററിക്ക് സാധിച്ചിട്ടുണ്ട്.

No comments:

Post a Comment