പോയ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കേരളത്തിൽ ജന്മിത്വത്തിന്റെ സമ്പദ്ഘടന താറുമാറാകുകയും, നാടുവാഴിത്തത്തിന്റെയും ജാതിമേൽക്കോയ്മയുടെയും സംസ്കാരം വെല്ലുവിളിക്കപ്പെടുകയും ചെയ്തു. ഇതോടെ അവയുടെ ഗുണഭോക്താക്കളായിരുന്ന സാമൂഹിക വിഭാഗങ്ങളിൽപ്പെട്ട പലരിലും കടുത്ത അമർഷവും അസംതൃപ്തിയും പ്രകടമായി. ഇത് വിവിധ രൂപങ്ങളിലാണ് ബഹിസ്ഫുരിച്ചത്.ആദ്യ ഘട്ടത്തിൽ ഹൈന്ദവ മതം സാംസ്കാരിക സംഘടനകളുടെ അനുയായികളും അനുഭാവികളുമായി മാറിയത് കൂടുതലും ഈ വിഭാഗങ്ങളിൽപെട്ടവരായിരുന്നു. ഈ സമ്പ്രദായം അവിടെ നിന്നില്ല,അത്തരക്കാർ അനുഭവിച്ച നൈരാശ്യവും നഷ്ടബോധവും പുതിയ ആവിഷ്കാര മാർഗങ്ങൾ തേടിക്കൊണ്ടേയിരുന്നു. 1970-കളുടെ അവസാന പാദത്തിൽ കേരളത്തിൽ നാമ്പെടുത്ത പരിസ്ഥിതി പ്രസ്ഥാനത്തിന് ഊർജ്ജം പകരുന്നതിലും ഈ സാമൂഹിക സാഹചര്യം ചെറുതല്ലാത്ത പങ്കു വഹിച്ചു.
സൈലന്റ്‌വാലി ജലവൈദ്യുത പദ്ധതിക്ക് എതിരെ പല ഭാഗങ്ങളിൽ നിന്നായി തുടങ്ങി ശക്തി പ്രാപിച്ച പ്രതിഷേധമാണ് കേരളത്തിൽ പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. സൈലന്റ് വാലിയിലെ നിത്യഹരിതവനങ്ങൾ നശിപ്പിച്ച് വൻ പാരിസ്ഥിതിക ദുരന്തം ക്ഷണിച്ചു വരുത്താൻ ഇടനൽകുമായിരുന്ന ജലവൈദ്യുത പദ്ധതിക്ക് എതിരെ നടന്ന ചരിത്രപ്രധാനമായ ആ സമരം ശരിയായ ആവശ്യങ്ങളണ് മുന്നോട്ടുവെച്ചത്. വികസനത്തെ സംബന്ധിച്ച അടിസ്ഥാനപരമായ പ്രശ്നങ്ങൾ പലതും ഉന്നയിക്കാൻ സൈലന്റ്‌വാലി സമരത്തിനും അതിലൂടെ രൂപം കൊണ്ട പരിസ്ഥിതി പ്രസ്ഥാനത്തിനും കഴിഞ്ഞു. പക്ഷേ, രാഷ്ട്രീയമായ ഉള്ളടക്കത്തെ സംബന്ധിച്ച് ഗൗരവത്തിലുള്ള ചർച്ചകളോ സംവാദങ്ങളോ ഇല്ലാതെ മുന്നോട്ടു പോയ പരിസ്ഥിതി പ്രസ്ഥാനം, തുടക്കത്തിൽ തന്നെ അതിലേക്കു കടന്നു വന്ന യാഥാസ്ഥിതിക വിഭാഗങ്ങളുടെ നിയന്ത്രണത്തിലായി. വ്യക്തമായതും ദിശാബോധപൂർവവുമായ ശ്രമങ്ങളുടെ അഭാവത്തിൽ, അഹംബോധത്തിന്റെ മൂർത്തീ കരണങ്ങളായ ചില വ്യക്തികളുടെ സ്വയം താൽപര്യങ്ങൾക്കും യാഥാസ്ഥിതികമായ വീക്ഷണങ്ങൾക്കും വഴങ്ങി നിൽക്കുന്ന നാമമാത്ര സംഘടനകളായി ഇവ അതിവേഗം മാറി.
ചിലർ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ, സാധാരണ ജനങ്ങളുടെ പക്ഷത്തുനിന്നു കൊണ്ട് വിശദീകരിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും പ്രതിലോമ താൽപര്യങ്ങൾ വ്യക്തമായി തിരിച്ചറിഞ്ഞ് അവയെ ചെറുത്തു തോൽപ്പിക്കാൻ അവർക്കും കഴിഞ്ഞില്ല. വൈദ്യുതി ക്ഷാമം നേരിടുന്ന നമ്മുടേതു പോലുള്ള കൊച്ചു സംസ്ഥാനങ്ങളിൽ പരിസ്ഥിതിവാദം ഒരു ആഡംബരമാണെന്നും ജനങ്ങളെ മറന്നു കൊണ്ടു സിംഹവാലൻ കുരങ്ങുകളെ സംരക്ഷിക്കാൻ കാല്പനികരായ പ്രകൃതിസ്നേഹികൾ സൃഷ്ടിക്കുന്ന അനാവശ്യ ബഹളമാണ് സൈലൻവാലി എന്നും പ്രശ്നങ്ങളെ ലഘൂകരിച്ചുകണ്ട യാഥാസ്ഥിതിക ഇടതുപക്ഷവും ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള സാദ്ധ്യതകൾ ഇല്ലാതാക്കി.
സൈലന്റ് വാലിയും പരിസ്ഥിതി സംഘടനകളുടെ ധ്വംസനവും ഒരു ഓർമ്മപ്പെടുത്തലാണ്, വരാൻ പോകുന്ന വലിയ പ്രക്ഷോഭത്തിന്റെ ഒടുക്കവും ഇങ്ങനെ ആയിത്തീരരുത് എന്നതിന്റെ ഓർമ്മപ്പെടുത്തൽ. അതെ വരാൻ പോകുന്നത് അതിരപള്ളിയുടെ നിത്യഹരിതാഭം നിലനിർത്തുന്നതിന് വേണ്ടിയുള്ള സമരമാണ്. “കാടില്ലെങ്കിലും കറണ്ടുമതി” എന്നു പറയുന്ന മന്ത്രിയുടെ വിവരമില്ലായ്മകളെ വെറും പരിസ്ഥിതി വാദത്തിന്റെ മുനയൊടിഞ്ഞ വാദങ്ങൾ കൊണ്ട് എതിർക്കാതെ രാഷ്ട്രിയവും സാധാരണ ജനങ്ങളുടെയും ഭാഷയിൽ തിരുത്തി തന്നെ പോകണം. അല്ലെങ്കിൽ ഒരുപക്ഷേ പരിസ്ഥിതി പ്രസ്ഥാനങ്ങൾ എന്നത് വെറും നാമധേയവും, പിൽക്കാലത്ത് ഓർമ്മ പുസ്തകങ്ങളിൽ ഒതുങ്ങി കൂടിയ അച്ചുകളുമായി മാത്രം അവശേഷിക്കും.
No comments:
Post a Comment