കണ്ണ് തുറന്നു നോക്കൂ , കുഞ്ഞിക്കണ്ണുകളിൽ ഉണരുമ്പോൾ തന്നെ പ്രണയം കാണുന്നുണ്ടല്ലോ, രാത്രി ആരെയാണ് അവസാനം ഓർത്തു കിടന്നത് .സത്യസന്ധമായിട്ടൊന്നു പുറകോട്ടോടി നോക്കു ..ഏഹ് എന്നെയാണോ ചുമ്മ ..ആഹ് ആയിരിക്കുമെന്ന് വിശ്വസിക്കാനാണെനിക്കിഷ്ഠം. ശ്ശൊ ഇന്ന് കണ്ണേ ഉറങ്ങുറങ്ങ് പാടി തരാൻ പറ്റിയില്ല. നീ ഒട്ടും ചോദിച്ചതുമില്ല അല്ലാണ്ടു തന്നെ ഉറങ്ങിയല്ലോ. ഇന്നലെ നീ പറഞ്ഞ കാര്യം വീണ്ടും വീണ്ടും വല്ലാണ്ട് അലട്ടിക്കൊണ്ടിരിക്കുന്നു, വിവാഹം തന്നെടി കാര്യം .ഒരു പണിയൊക്കെ ഉടനെ ഉണ്ടാക്കണ്ടേ അതു കഴിഞ്ഞു നിന്നെ വന്നു കാണണം അല്ലല്ലോ വീട്ടുകാരെ അല്ലെ കാണേണ്ടത് ,നിനക്കു ബോധ്യപ്പെട്ടാൽ പോരല്ലോ ബാക്കിയുള്ളവരെയും കൂടി മനസ്സിലാക്കിക്കണമല്ലോ. എന്തു ചെയ്യാനാടി പെണ്ണേ ഇങ്ങനെ ഒരു രാജ്യത്ത് ആയി പോയില്ലേ നമ്മൾ വന്നു ഭൂജാതരായത്. ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാൻ എത്ര പേരുടെ സ്വഭാവ സർട്ടിഫിക്കറ്റു വേണം .എന്നിട്ടും തീരുവോ ആവശ്യങ്ങൾ ചെക്കന് ഇത്ര ബാങ്ക് ബാലൻസ്, പാരമ്പര്യം വേണം 5 അക്ക ശമ്പളമുള്ള സ്ഥിരം ജോലി വേണം അങ്ങനെ നോൺ സ്റ്റോപ്പ് ആവശ്യങ്ങളുടെ നീണ്ട നിര ഉയർത്തി ഭയപ്പെടുത്തും. പ്രണയത്തിനുണ്ടോ പെണ്ണേ സ്റ്റാറ്റസ്റ്റ് അവിടെ രണ്ടു മനസ്സുകൾ കളകമില്ലാതെ തുറന്നു സംസാരിക്കുവാൻ ആഗ്രഹിക്കുന്നു. ആ ഇഷ്ടത്തിന്റെ ശക്തി അളക്കുവാൻ മാത്രമുള്ള യന്ത്രങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുണു. കണ്ണകന്നാലും എത്ര ദൂരത്താണെങ്കിലും ആ സ്നേഹം ഒരിട നഷ്ടമാകാതെ വീണ്ടും വീണ്ടും ആർജ്ജിക്കുന്നതിന്റെ പിന്നിലെ രഹസ്യവും അറിയില്ലല്ലോ.
ഉറങ്ങാൻ നേരം കണ്ണായ്ക്കുമ്പോൾ നിന്റെ മുഖം. ഉണരുമ്പോൾ പിന്നെ മറ്റൊരു ലോകത്തിൽ നിന്നോടുള്ള സല്ലാപം അങ്ങനെ ദിവസങ്ങൾ ഓരോന്നു കൊഴിഞ്ഞു പൊക്കോണ്ടേയിരിക്കുന്നു. നമ്മുടെ കഷ്ടപ്പാടൊന്നും വീട്ടുകാർക്കറിയണ്ടല്ലോ ബ്ലഡീ ഫൂൾസ്.
അല്ലാണ്ടാരാടി നിനക്ക് താരാട്ടുപാടി ഉറക്കണത് ,ഭ്രാന്തു പിടിച്ചു പോലെ ഇടവിടാതെ മിണ്ടാൻ കൊതിക്കുന്നത്.
ഒരു അമ്മയ്ക്കു മാത്രം തരാൻ കഴിയുന്ന വാത്സല്യത്തോടെ നിന്നെ കെട്ടിപ്പിടിച്ചുറങ്ങണം , ഒരച്ചനു മാത്രം നൽകാൻ കഴിയുന്ന കരുതലോടെ ഓരോ നിമിഷത്തിലും സ്നേഹവാർപ്പോടെ നിന്നെ ഊട്ടണം. അങ്ങനെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾക്കിടയിൽ നമ്മൾക്കിടയിലെ പിണക്കങ്ങൾക്കു കർട്ടനിടണം ,ഇടയ്ക്കു അഭിപ്രായ വ്യത്യാസങ്ങൾ വന്നു തലപൊക്കി നോക്കും ഇവരെ തമ്മിൽ തല്ലിക്കാൻ ,ഇല്ല വിട്ടുകൊടുക്കരുത് .
കല്യാണത്തെ പറ്റിയെന്തിനാടി നമ്മൾ വെറുതെ ബേജാറാവണത് ,ഒരിക്കലെങ്കിലും ഓർത്തിട്ടുണ്ടോ ഇങ്ങനെ സംസാരിക്കുന്നതു പോയിട്ട് ഒരു നേരം ഉണ്ണാൻ പോലും ഗതിയില്ലാത്ത ശതകോടികളെപ്പറ്റി. നമ്മളെ സുഖമായി ഉറങ്ങാൻ അനുവദിച്ച സാഹചര്യങ്ങളെ ശ്രിഷ്ടിക്കുവാൻ വേണ്ടി ത്യാഗവും പീഢനങ്ങളും സഹിച്ച് പ്രണയവും കുടുംബ ജീവിതവും ഉപേക്ഷിച്ച് ,അമ്മമാരുടെ കണ്ണുനീരിൽ പതറാതെ മുന്നോട്ടുള്ളവരുടെ ശോഭനമായ ഭാവിക്കു വേണ്ടി ജീവൻ വരെ കളഞ്ഞ് പൊരുതിയവരെ. അവരും നമ്മളെ പോലെ പ്രണയിച്ചിട്ടുണ്ടാവില്ലേ, ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ പങ്കുവച്ചുവരാകില്ലേ, ഒന്നു ഓർത്തുനോക്കിയേ പ്രണയം സാക്ഷത്കരിച്ചതിന്റെ പേരിൽ ചുട്ടെരിക്കപ്പെട്ട ഒരുപാടു ദലിത് പെൺകുട്ടികളുടെ നിലവിളികൾ. പല പ്രണയവും ഒത്തുചേർക്കപ്പെടാൻ ഇവിടുത്തെ ജാതി ദ്രാന്തന്മാർ സമ്മതിക്കാതെ പോയിട്ടുണ്ടാകില്ലേ. കീഴാളനായതു കൊണ്ടു മാത്രം അടിമപ്പണി ചെയ്യപ്പെടാൻ വിധിക്കപ്പെട്ടവൻ അതിൽ നിന്നും മോചിതനാവാനല്ലേശ്രമിക്കുകയുള്ളു അതിനാല്ലല്ലേ രമണന്റെ നിസ്സഹായ അവസ്ഥയോർത്തു മലയാള മനസ്സ് വിങ്ങിയത്. ആ അസ്ഥകളിൽ ഏതെങ്കിലുമൊന്ന് നമ്മൾ അനുഭവിച്ചിട്ടുണ്ടോ.
ഇച്ചിരി ഓവറായി പോയല്ലേ ഐ ആം ദി സോറി പെണ്ണേ , നീ സഖാവെന്നു വിളിക്കുമ്പോൾ പലപ്പോഴും അപകർഷതാ ബോധത്താൽ ഞാൻ തല കുനിക്കാറുണ്ട്. ഒരു നല്ല സഖാവിന് വേണ്ട ഒരു ഗുണവും എനിക്കില്ലെടി പെണ്ണേ. അതു തന്നെ കാരണം. DYFI യിൽ പ്രവർത്തിക്കുന്നതു കൊണ്ടൊന്നും ഒരാൾ സഖാവാകില്ല , ആഹ് പോട്ടെ അതൊക്കെ പറഞ്ഞാൽ ഇനിയും ഒത്തിരി പറയേണ്ടി വരും. നിന്റെ മനസ്സിലെ ഞാൻ പല കാര്യങ്ങളിൽ അഗ്രഗണ്യനായ ഒരാളെന്നായിരിക്കും ആ തെറ്റിധാരണ മാറ്റി വയ്ക്കുക ,നിന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു കിണ്ടിയുമല്ല ഞാൻ. ഒരശു അത്രേയുള്ളു. നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് പലപ്പോഴും പല കാര്യങ്ങളും ഇംപ്രസ്സ് ചെയ്യാൻ വേണ്ടി പറയുന്നതും ചെയ്യുന്നതുമാണ്.
മിക്ക പ്രണയങ്ങളും പരാജിതമാകുമ്പോൾ വിശ്വാസിയല്ലാത്ത ഞാൻ നെഞ്ചിൽ കൈവയ്ക്കുന്നതു നീ എന്ന ഒറ്റ കാര്യത്തിനാണ്. എന്റെ പ്രണയം എനിക്ക് തോൽക്കുവാനുള്ള വഴിയല്ല , എന്റെ പ്രണയം എനിക്ക് ഇന്ധനമാണ് മുന്നോട്ടുള്ള ജീവിതത്തിന് കണ്ണും കാതും തുറന്നു പിടിക്കുവാൻ പ്രേരണയാകുന്ന ഇന്ധനം.
വാക്കെന്ന വാക്കിനെ കീറിമുറിച്ചു സത്യം ചെയ്യാൻ എനിക്കു പ്രയാസമാണ്. വാക്കാണ് സത്യം നുമ്മടെ മൊയ്തീന്റെ ഡയലോഗൊന്നും ഞാൻ കടമെടുക്കുന്നില്ല. വാക്കു നൽകുന്നതിനേക്കാൾ അതു പ്രാവർത്തികമാക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ട് എന്റെ കൊരങ്ങി പരിഭ്രാന്തി കൊള്ളാതെ ഇരിക്കൂട്ടോ. ഒരുപാടൊരുപാട് സ്നേഹത്തോടെ എന്നും നിന്റെ മാത്രം സഖാവ്.