Wednesday, 17 September 2025

പ്രണയ വണ്ടി

ടൈം മെഷീനിന്റെ വണ്ടിയിൽ കയറി
ഞാൻ 50 വർഷം മുന്നിൽ ഇറങ്ങി  
എഐ സിസ്റ്റങ്ങൾ നഗരങ്ങളുടെ ഹൃദയമിടിപ്പ് കേട്ടു കൊണ്ടിരിക്കുന്നു,
ഹോളോഗ്രാമിലൂടെ ചിലർ ചന്ദ്രനിൽ പോകുന്നു 
വരുന്നു

ചൊവ്വയിൽ പോയ മലയാളി യുവാക്കളെ
കാണാനില്ലെന്ന വാർത്തകൾ വിർച്വൽ
ഫോണിൽ കേൾക്കുന്നു
വ്യാഴത്തിലെ ജയന്റ് റെഡ് സ്പോട്ടിൽ
നിന്ന് വൈദ്യുതി ഉത്പാദനം തുടങ്ങി
നാസ 
ആ ഡിജിറ്റൽ ഗാലക്സികളിൽ
നിന്ന് ഞാൻ മെല്ലെ ഇറങ്ങാൻ തീരുമാനിച്ചു
 
ന്യൂറൽ ലിങ്ക് ഹെഡ്സെറ്റ് ധരിച്ചപ്പോൾ
എന്റെ മെമ്മറി ആർകൈവ് തുറന്നു 
അവിടെ, ഇന്നത്തെ നീ..
ഒരു പിക്സൽ പോലും മങ്ങിയിട്ടില്ല,
ഒരു അൽഗോരിതത്തിനും മാറ്റാനാവാത്ത ചിത്രം

മെറ്റവേർസിൽ നിന്ന് ആയിരം അവതാറുകൾ
കൈവീശിയിട്ടും,
ഞാൻ ലോഗിൻ ചെയ്യാൻ നോക്കിയത്
നിന്റെ ഹൃദയത്തിലേക്കാണ്.

ടൈം ക്യാപ്സൂൾ ഡ്രൈവിൽ 
ഞാൻ സൂക്ഷിച്ചത് 
നിന്റെ ചിരിയുടെ വേവ് ലെങ്ത്
നിന്റെ ശ്വാസത്തിന്റെ ഫ്രീഖൻസി
എന്നാൽ അതിനെ ഡീകോഡ് ചെയ്യാൻ
ഭാവിയിലെ സൂപ്പർ കമ്പ്യൂട്ടറിനും കഴിയുന്നില്ല

കാരണം,
സ്നേഹം ഒരു കോഡ് അല്ല,
പ്രപഞ്ചം ആണ്,
അതിന് അവസാനമില്ല 
കാലമെത്ര കഴിഞ്ഞാലും 
വികസിച്ചു കൊണ്ടേയിരിക്കും 
അതിന്റെ അറ്റം തേടി പോയാൽ 
ഒരു മടങ്ങി വരവില്ല

Tuesday, 9 September 2025

അവസാനത്തെ കവിത


ആകാശത്തോളം അല്ല അതിനുമപ്പുറം 
ഇഷ്ടമാണ് നിന്നെ,
വാക്കുകൾക്കുള്ളിൽ ഒതുങ്ങാത്ത
വികാരം

കടലോളം ഓർമ്മകൾ നിറച്ചിട്ടുണ്ട്.
ഓരോ തിരയിലും നിന്നെ കണ്ടു,
ഓരോ നിശ്ശബ്ദതയിലും നിന്നെ കേട്ടു.

എന്നാൽ ഇപ്പോൾ,
നിന്റെ കണ്ണിൽ ഞാൻ ഇല്ല,
നിന്റെ ചിരിയുടെ തെളിച്ചം ഞാൻ അല്ല
എന്റെ പേരിന് അവിടെ അഭയം ഇല്ല.

സ്വയം അപമാനിക്കപ്പെട്ട് നിന്നിലേക്കു നോക്കാൻ,
ഇനി എന്റെ കണ്ണുകൾക്കാകില്ല.
സ്വയം നഷ്ടപ്പെട്ട ഒരാളായി
നിന്റെ അരികിൽ ജീവിക്കാൻ
എനിക്ക് സാധിക്കില്ല 

നിന്റെ സന്തോഷത്തിന്റെ ഉറവിടം തേടി പോവുക,
ഞാൻ പിന്നിലായി വരില്ല,
നിന്റെ വാതിലുകൾ തട്ടുകയുമില്ല

നമ്മുടെ വഴികൾ വേർപെട്ടു,
നിന്റെ ചുവടുകൾക്ക് തടസ്സമായി
ഞാൻ വരില്ല.
നിനക്കു ചിരി പകരുന്നവൻ
മറ്റൊരാളാണ്, അത്
സ്നേഹത്തോടെ നോക്കിക്കൊണ്ട്
ഞാൻ ശാന്തമായി മാറിപ്പോകുന്നു.

നിന്റെ ലോകത്ത് നിന്നും,
നിന്റെ ചിരിയുടെ അരികിൽ നിന്നും,
നിന്റെ സ്‌നേഹത്തിന്റെ ഉറവിൽ നിന്നും.

ഇനി ചോദ്യങ്ങളില്ല, ഉത്തരങ്ങളും വേണ്ട,
വ്യാഖ്യാനങ്ങൾക്കും എന്റെ വാതിൽ അടഞ്ഞു.

ഇതാണ് എന്റെ അവസാനത്തെ വരി,
അവസാനത്തെ ശ്വാസം പോലെ.
നിന്റെ പേരിൽ തീർന്ന സ്നേഹം,
എന്റെ പേരിൽ മാത്രം കരിഞ്ഞുപോകട്ടെ.

സത്യമായി പറയട്ടെ എനിക്ക്
വേദനയുണ്ട്.. നീറുന്നുണ്ട്
പക്ഷെ തുറന്ന് പറയാൻ
മാത്രം ഞാൻ അധഃപതിചിരുന്നില്ല 
ഇനി അത് വേണ്ടി വരില്ല
എല്ലാം പറഞ്ഞു നിർത്തുന്നു
 
ഒരിക്കൽ നീ തന്ന
സ്നേഹം,
എന്റെ ജീവിതത്തിലെ
ഏറ്റവും മനോഹരമായ വരികളായിരുന്നു

ഇതോടെ എന്റെ കവിത തീരുന്നു
നിന്നെ കുറിച്ചുള്ള അവസാനത്തെ വരി,
അവസാനത്തെ പ്രാർത്ഥന..
ഞാൻ ഇനി നിന്റെ ഓർമ്മകളുടെ നിഴലിൽ
നിശ്ശബ്ദമായി മാത്രം നില്ക്കും.
സത്യം... 

ഞാൻ പോകുന്നു,
ശാന്തമായി, നന്ദിയോടെ,
ഒരു കവിതയുടെ അവസാന വരിപോലെ.
നിന്റെ ഭാവിയിൽ
പ്രകാശം മാത്രം നിറയട്ടെ.


*പിറന്നാളിന്റെ കവിത*



ഇന്ന്,
ലോകം അവളെ വരവേറ്റ ദിവസം.
എന്നെ മാത്രം അല്ല
ആകാശത്തെയും, കാറ്റിനെയും,
മഴത്തുള്ളികളെയും പോലും
സന്തോഷിപ്പിച്ചൊരു ജനനം.

സ്വപ്നം പോലെ കിട്ടിയവൾ..
എന്റെ ജീവിതത്തിന്റെ
എല്ലാ വഴികളിലും വിരിഞ്ഞിരിക്കുന്ന
പ്രകാശം.

നീ..
പ്രഭാതത്തിലെ സൂര്യോദയം,
കണ്ണിൽ വീണാൽ
ജീവിതം മുഴുവൻ പ്രകാശിക്കും

നീ...
രാത്രി മുഴുവൻ ഉണർന്നിരുന്ന
ചന്ദ്രന്റെ ചിരി,
എന്റെ ഇരുട്ടുകൾക്കിടയിൽ
സാന്ത്വനമായി വീണു നില്ക്കുന്നു.

നീ..
കാറ്റിന്റെ പാട്ടിൽ ഒളിഞ്ഞിരിക്കുന്ന
മധുരമായൊരു സംഗീതം,
കേൾക്കുമ്പോൾ
ലോകം മുഴുവൻ മറക്കുന്നു

നീ..
മഴയ്ക്ക് പിന്നാലെ
ആകാശത്ത് വിരിയുന്ന വില്ല്
അൽപനേരം മാത്രമെങ്കിലും,
ജീവിതം മുഴുവൻ ഓർമ്മിക്കപ്പെടും.

നീ..
ശാന്തമായ കടൽത്തീരത്ത്
അലകൾ കൊണ്ടുവന്ന
മാരുതൻ.. എന്നും 
അലതല്ലികൊണ്ടിരിക്കും

നീ..
എന്റെ ഉള്ളിലെ വരണ്ട മരുഭൂമിയിൽ
പൊട്ടിപ്പിറന്ന
ഒറ്റത്തുള്ളി ജലം

നീ... 
കാറ്റിന്റെ മൃദുസ്പർശം,
കണ്ടുപിടിക്കാനാകാത്തെങ്കിലും
എന്നെ ചുറ്റിപ്പറ്റി നിറഞ്ഞുനിൽക്കുന്ന.

ഇന്ന് നിന്റെ ദിവസമാണ്.
പക്ഷേ സത്യത്തിൽ
ഓരോ ദിവസവും നിന്റേതാണ്,
കാരണം നിന്നെ കണ്ടതുമുതൽ
എന്റെ കലണ്ടറിൽ
ഒറ്റ ദിവസമേ ഉള്ളൂ,
പ്രണയത്തിന്റെ ദിവസം.

ജന്മദിനാശംസകൾ,
എന്റെ ചെക്കാ..

കുറച്ച് നാൾ മാത്രമെങ്കിലും
എനിക്കായി ജനിച്ചതിനു
നന്ദി....
😘😘😘😘





Wednesday, 20 August 2025

അവസാന നാളുകൾ

വിട്ടൊഴിയാൻ മനസില്ല,

പിടിച്ചുനിൽക്കാൻ ശക്തിയുമില്ല.


കയ്പ്പുള്ള മരുന്നുപോലെ,

തുപ്പാനും തിന്നാനും കഴിയാതെ.


പ്രണയമോ വേദനയോ,

മനസ് പിടിതരുന്നില്ല.

അടഞ്ഞ വാതിലിന് മുമ്പിലാണ് ഞാൻ.


ഒരിക്കൽ സ്വപ്നമായത്,

ഇന്ന് അവിശ്വാസത്തിന്റെ മേഘം.


വാക്കുകൾക്ക് പിന്നിൽ കുത്തുകൾ,

ചിരിയിൽ സംശയത്തിന്റെ നിഴൽ.


ഒരുമിച്ചു നിൽക്കുമ്പോഴും,

ഹൃദയം വേറിട്ട് ദൂരെയാകുന്നു.


കൈകളിൽ പിടിച്ചിരിക്കുന്നത്

സ്വപ്നമല്ല, കനലാണ്.


വാക്കുകൾക്ക് മധുരമില്ല,

കുത്തുകൾ മാത്രം.


എന്റെ ഹൃദയം

അവിശ്വാസത്തിന്റെ അടുക്കളയിൽ

ചുട്ടു കരിഞ്ഞ


വിട്ടുപോകില്ല ഒരിക്കലും

നീ തീർത്ത വേദനയുടെ

കനൽ നെഞ്ചിലേറ്റി കൂടെ കാണും


Saturday, 16 August 2025

എന്റെ ലോകം





നീ വന്ന ദിവസം,

എന്റെ ലോകം പുതുതായി ജനിച്ചു.

മഴവില്ലിന്റെ ഏഴു നിറങ്ങൾ പോലും

നിന്റെ ഒരു ചിരിയുടെ മുന്നിൽ മങ്ങിപ്പോയി


എന്റെ സന്തോഷത്തിന്റെ വേരാണ് നീ,

വാക്കുകളിൽ പറയാനാകാത്തൊരു ആകാശം

നീ അരികിൽ ഉണ്ടാകുമ്പോൾ

സാധാരണ ദിവസവും ഉത്സവമാകുന്നു.


നീയൊരു സ്നേഹത്തിന്റെ കടലാണ്,

അതിന്റെ തിരകളിൽ ഞാൻ ആനന്ദിക്കുകയാണ്.

എന്റെ കൈ പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന

ആ കരുതലിന് ഞാൻ കടപ്പെട്ടിരിക്കുന്നു.


സുന്ദരിയാണ് നീ,

പക്ഷേ സൗന്ദര്യത്തെക്കാൾ വിലയേറിയത്

നിന്റെ മനസിന്റെ സത്യവും സ്‌നേഹവുമാണ്.

ബന്ധങ്ങളെ താലോലിക്കുന്ന കൈകൾ,

കാറ്റിൽ പോലും വേരൂന്നുന്ന മരമായി മാറും


ഒരു പക്ഷിയുടെ ചിറകുകൾ പോലെ,

ഉയരങ്ങൾ കീഴടക്കാൻ ജനിച്ചവളാണ് നീ.

നിന്റെ വാക്കുകളിൽ തീർന്ന സ്വപ്നങ്ങൾ

ഒരു ദിവസം ലോകത്തെ മാറ്റിമറിക്കണം


മിടുക്കിയാണ് നീ 

ചിന്തയിൽ, പ്രവൃത്തിയിൽ, സ്നേഹത്തിൽ.

നീ തുടങ്ങുന്നിടത്ത് തോൽവിക്ക് ഇടമില്ല.

കാരണം നിന്റെ ഓരോ ചുവടും

പ്രചോദനമാണ്


ഹൃദയത്തിന്റെ സത്യത്തിൽ,

കരുണയുടെ സ്പർശത്തിൽ,

സ്നേഹത്തിന്റെ ആഴത്തിൽ തന്നെയാണ്

നിന്റെ യഥാർത്ഥ സൗന്ദര്യം.


എനിക്ക് അഭിമാനമാണ്,

ലോകത്തോട് പറയാൻ 

'ഇവൾ എന്റെ സ്നേഹം,

എന്റെ പ്രചോദനം,

എന്റെ ജീവിതത്തിന്റെ വിജയഗാനം.'


നീ പറക്കണം സൂര്യനോളം ഉയരത്തിൽ,

ഞാൻ നിന്നെ കാണും 

അഭിമാനത്തിന്റെ കണ്ണുകളോടെ,

ഹൃദയത്തിന്റെ ആവേശത്തോടെ.


എന്റെ ഓരോ പ്രാർത്ഥനയും,

നിനക്കായി തന്നെയാകും.

എന്റെ ഓരോ കവിതയും,

നിന്റെ പേരിൽ തന്നെയാകും.


നീയാണ് എന്റെ ലോകം,

നീയാണ് എന്റെ കവിത,

എന്റെ ഹൃദയം മുഴുവൻ

എന്നേക്കും നിന്നെ കുറിച്ച് പാടും...


രാത്രിയും നിലാവും


ഞാനും അവളും തമ്മിലുള്ള ബന്ധം

ഒരു സാധാരണ പ്രണയകഥയല്ല.

അത് രാത്രിയുടെയും നിലാവിന്റെയും കഥയാണ്.


പിണക്കം വന്നാൽ,

വാക്കുകൾ കടുപ്പം കാട്ടും.

'എല്ലാം അവസാനിപ്പിക്കാം'

 എന്ന് പറയുന്ന നിമിഷങ്ങൾ ഉണ്ടാകും

ആ വാക്കുകൾ,

രാത്രിയുടെ ആഴത്തിലുള്ള ഇരുട്ട് പോലെ

എന്നെ മുഴുവനും വിഴുങ്ങും.


എന്നാൽ,

നിലാവ് ഒരിക്കലും രാത്രിയെ വിട്ടുമാറാത്തതുപോലെ,

അവളും എന്നിൽ നിന്ന് മാറിപ്പോകുന്നില്ല.

ഞാനും അവളും,

ആ വാക്കുകൾക്ക് അപ്പുറത്ത്

ഒന്നിനൊന്ന് പിടിച്ചുനിർത്തുന്ന

അദൃശ്യബന്ധത്തിന്റെ 

ചരടുകളിൽ കോർത്തിണക്കപ്പെട്ടവർ


പിണക്കം കടുത്താലും,

മനസ്സുകൾ തകർന്നാലും,

വീണ്ടും അവളുടെ കണ്ണുകളിൽ തെളിയും

നിലാവിന്റെ മൃദുവായ വെളിച്ചം.

അവളുടെ ഒരു ചെറു പുഞ്ചിരി,

എന്റെ ഹൃദയത്തിലെ

എല്ലാ ഇരുട്ടും അലിയിച്ചുകളയും.


ഞങ്ങൾ തമ്മിൽ പറഞ്ഞ “അവസാനങ്ങൾ”

ഒരിക്കലും സത്യമായിട്ടില്ല.

അവ അവസാനങ്ങൾക്കപ്പുറം,

ഇണങ്ങലിന്റെ പുതിയ തുടക്കങ്ങളാണ്.


അതുകൊണ്ട്,

ഞങ്ങളുടെ പ്രണയം

ഒരു നീണ്ട രാത്രിയെപ്പോലെ

പിണക്കം മൂടിയാലും,

നിലാവിന്റെ വെളിച്ചത്തിൽ

വീണ്ടും തെളിയും.

ഒരുമിച്ച്

തണുപ്പ്...
പുലരിയിയിലെ മഞ്ഞു തുള്ളിപോലെ
നമ്മളെ പൊതിഞ്ഞു.
നിന്റെ കൈകളിൽ ഞാൻ,
എന്റെ കൈകളിൽ നീ 
ചൂട് പകർന്ന് 
സമയം സ്വയം നഷ്ടപ്പെട്ടു.

പിന്നെ അടുക്കളയിലേക്ക്.
ചിക്കൻ കഴുകുമ്പോൾ
എന്റെ വിരലുകൾക്കിടയിൽ വെള്ളത്തിന്റെ പൊന്മണികൾ,
നീ അരിഞ്ഞ ഉള്ളിയുടെ നീരിൽ
കണ്ണ് നിറഞ്ഞു.
ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു മൃദുവാക്കുമ്പോൾ
പാനിൽ എണ്ണ ചൂടായി,
ആദ്യത്തെ പൊട്ടിത്തെറിക്കൽ പോലെ
മസാലകൾ സംസാരിക്കാൻ തുടങ്ങി.

ആട്ടിൻ കരളിന്റെ ചുവന്ന നിറവും,
പൊരിച്ച കോഴിയുടെ മണവും
അടുക്കളയിൽ ചുറ്റി നൃത്തമാടി.
ബിരിയാണിക്കായി അരി ചൂടുവെള്ളത്തിൽ നനഞ്ഞു,
മുകളിലൂടെ തവികൊണ്ട് 
അലിഞ്ഞുപോകുന്ന പോലെ കലക്കി.
ചൂട് ഉയർന്നപ്പോൾ
മഞ്ഞൾ, മുളക്, മല്ലി —
നിന്റെ ചിരിയോളം ഉത്സാഹത്തോടെ
പാത്രത്തിൽ വീണു കലർന്നു.

ബിരിയാണി കുറച്ച് അടിയിൽ പിടിച്ചു,
ഞങ്ങൾ ഒരുമിച്ച് നോക്കി ചിരിച്ചു;
ഒന്നാമത്തെ തവണയല്ലേ…
എന്ന് നീ പറഞ്ഞപ്പോൾ
അത് പോലും വിജയമായി

വൈകുന്നേരം,
മെട്രോയുടെ ചില്ലുകൾക്കപ്പുറം
നഗരം ഒഴുകി പോയി,
ഞങ്ങളുടെ മങ്ങിയ പ്രതിബിംബങ്ങൾ
ജനലുകളിൽ കുടുങ്ങി.
മുടി വെട്ടി തിരികെ വന്ന നീ,
പുതിയൊരു രൂപം,
എന്നാൽ കണ്ണുകളിൽ
 അതേ സ്നേഹത്തിന്റെ മഴവില്ല്.

പിരിയുന്നതിനു മുൻപ്
നിന്നിൽ നിന്നൊരു കടി,
എന്നാൽ അതിലുമധികം
പിരിഞ്ഞശേഷമുള്ള മൗനം.
ഒരു ശൂന്യത,
ഒരു വിറയൽ,
ഒരു ശ്വസനം പോലും ഭാരമായ അവസ്ഥ.

ഇത് എന്നെങ്കിലും തീരുമോ?
നമ്മൾ എഴുതി കൊണ്ടിരിക്കുന്ന
ഈ കഥ,
ശൂന്യതയുടെ വക്കിൽ
നമ്മൾ എന്നാകും
തനിച്ചാവുക...

Wednesday, 13 August 2025

ഇത് ഞങ്ങളുടെ കഥ

*ഒന്ന്* 

ഒരു ഉത്സവം കാലമായിരുന്നു അത്. തിരുവനന്തപുരത്തെ എല്ലാ ഓഫീസ് മുറികളിലും, കടകളിലും പൂക്കളും മാവേലി കട്ടൗട്ടുകളും സ്ഥാനം പിടിച്ചിരിപ്പുണ്ട്. ഓണക്കോടിയും ഊഞ്ഞാലും ഓണപ്പാട്ടുകളും പട്ടുപ്പാവാടയും മുണ്ടും ഷർട്ടുകളും കീഴടക്കി റീലുകൾ ഒഴുകുന്നു. എങ്ങും തിരയേണ്ട, വൈബ് നമ്മളെ തേടിയെത്തുന്ന 2024ലെ ചിങ്ങമാസം. അന്ന് ഒരു സെപ്റ്റംബർ 10. അവളെ ഞാൻ ആദ്യമായി കണ്ടുമുട്ടാൻ പോകുന്നു. കിഴക്കേ ചക്രവാളത്തിൽ തെളിഞ്ഞ പൊൻകിരണങ്ങൾ കണ്ണിൽ അടിച്ചപ്പോൾ ആദ്യം മനസ്സിലേക്ക് വന്നതും ആ മുഖം മാത്രം. തെല്ലൊരു ശങ്കയിലും കണ്ണാടിയിൽ നോക്കി ചോദിച്ചു.ഇത് വേണോ? മനസ്സ് രണ്ടായി പിളർന്നു കിടപ്പാണ്. ഒരു ചോദ്യം. ചെയ്യുന്നത് ശെരിയോ തെറ്റോ? ഞാൻ ആണേൽ വാക്കും കൊടുത്തു പോയി. ഉച്ചക്കാണ് കാണാമെന്നു ഏറ്റത്. രാവിലെ ഓഫീസിൽ എത്തണം. ചെറിയ പണികൾ ബാക്കിയുണ്ട്. രണ്ടു മനസ്സോടെ ഓഫീസിലേക്ക് ഇറങ്ങി. പോകുന്ന വഴിയിലും ചിന്ത അത് തന്നെ. എന്തെങ്കിലും ഒഴിവുകിഴിവ് പറഞ്ഞു പിന്മാറിയാലോ. സുഖമില്ലെന്ന് പറയാം. പലവഴിക്കായി ആലോചനകൾ. ഉള്ളിന്റെ ഉള്ളിൽ വരാമെന്ന് ചാടി കേറി പറഞ്ഞതിന്റെ കുറ്റബോധവും. ഓഫീസിലെത്തി. മുഖത്ത് പ്രസന്നത വരുത്തി എല്ലാവരെയും നേരിട്ടു. ഉള്ളിൽ തീയാണ്. ഉച്ചക്ക് കാൾ വന്നു. വരുമോ. ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി. ജലദോഷം പനി അങ്ങനെയൊക്കെ പറഞ്ഞു. പക്ഷെ വന്നേ പറ്റു. ബാക്കി അപ്പോൾ നോക്കാമെന്നായി. ഒടുവിൽ അർദ്ധസമ്മതം മൂളി. അവസാന പ്രതീക്ഷ കൂടിക്കാഴ്ച എങ്ങനെ എങ്കിലും മുടങ്ങുമെന്ന് ആയിരുന്നു. അതുണ്ടായില്ല. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വീണ്ടും ഫോണടിച്ചു. എത്തണം. ഞാൻ സമ്മതം മൂളി. നെഞ്ചിടിപ്പോടെ കാണാൻ പോയി. പോകുന്ന വഴിയിൽ ഗസ്റ്റ് ഹൌസിൽ കയറി കുളിച്ചു. കൂട്ടുകാരന്റെ ഷർട്ട്‌ എടുത്തിട്ടു. അവന്റെ തന്നെ പാൻസും ചെരുപ്പും കടം വാങ്ങി. മുണ്ട് ഉടുത്ത് കേരള വേഷത്തിൽ എത്താൻ ആണ് ആവശ്യപ്പെട്ടത്. മുണ്ട് ബാഗിൽ ആക്കി. അവൾ വന്നു. കാത്തിരിക്കുന്നു. അതിനിടയിൽ വെപ്രാളത്തിൽ വണ്ടിയുടെ താക്കോൽ എവിടെയോ മറന്നു. ഗസ്റ്റ് ഹൌസിൽ തിരയാൻ ബാക്കി ഇടമില്ല. പത്തിരുപതു മിനുട്ട് പോയി കിട്ടി. വെപ്രാളവും ആധിയും കൂടി വിയർത്തു. ഒടുവിൽ കുളിമുറിയിൽ നിന്ന് താക്കോൽ കിട്ടി. വെപ്രാളത്തിൽ അവിടെ വച്ചത് ഓർത്തില്ല. വണ്ടി എടുത്തു ഇറങ്ങി. ടെൻഷൻ കൂടി വരുന്നു. കയ്യും കാലും വിറക്കുന്നു. ഇടക്ക് സ്വയം ധൈര്യം പകർന്നു. നെഞ്ചിടിപ്പ് പുറത്തു കേട്ടാൽ തോന്നും തട്ടിപ്പോകുമെന്ന്. അമ്മാതിരി ഇടിയാണ് അകത്തു കിടന്നു കാണിക്കുന്നത്. സർവ്വ ധൈര്യവും ആവാഹിച്ചു അവളുടെ അടുത്തെത്തി. 


*രണ്ട്*

ഓഫീസിലെ ഓണാഘോഷ പരിപാടി കഴിഞ്ഞുള്ള വരവാണ്. തലയിലെ മുല്ലപ്പൂ മിക്കതും വാടി തുടങ്ങി. എങ്കിലും അവളുടേതായി എനിക്ക് അനുഭവിക്കാൻ കഴിഞ്ഞ ആദ്യ സുഗന്ധം . ഒരു വൈലറ്റ് കളർ ഹാഫ് സാരി. വിയർപ്പ് തുടച്ചു മാറ്റിയ കണ്മഷി ചെറുതായി പടർന്നിട്ടുണ്ട്. സാരിക്ക് ചേർന്ന മുല്ലമൊട്ട് വിരിഞ്ഞ പോലത്തെ ജിമിക്കി . കഴുത്തിൽ പറ്റി പിടിച്ചു കിടക്കുന്ന പോലൊരു മാല. കയ്യിൽ രണ്ട് വളകൾ. വട്ട മുഖം, വലിയ നെറ്റിത്തടം. നാണവും, പരിഭ്രമവും കഷ്ടപ്പെട്ട് മറച്ചുവെച്ച് , ഒരു ചിരി എനിക്ക് തന്ന് പരസ്പരം പരിചയപ്പെട്ടു. ഞാൻ നിലാവ് (സങ്കല്പിക നാമം).
.... അപ്പുറത്ത് നിന്ന് ആമ്പൽ ( സങ്കൽക്പിക നാമം)....... അപരിചിതർ. ആദ്യമായി കണ്ടുമുട്ടുന്നവർ. ഒരു അനായാസ തുടക്കാമായിരുന്നില്ല അത്. ടെൻഷൻ അവളിൽ അത്ര കണ്ടില്ല . എന്റെ കാൽമുട്ട് വരെ കൂട്ടിയിടിക്കുന്നുണ്ട്. ഏതൊരു പരിചയപ്പെടലിനും, സൗഹൃദത്തിനും, പ്രണയത്തിനും തുടക്കം ഒരു ചായകുടിയിൽ ആയിരിക്കുമല്ലോ. ഞങ്ങൾ ഒരുമിച്ചൊരു ചായ കുടിച്ചു. പരസ്പരം പരിചയപ്പെട്ടു. ഞങ്ങൾക്കിടയിലെ വേലിക്കെട്ടുകൾ ഒന്നൊന്നായി അഴിഞ്ഞു തുടങ്ങി. ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നില്ല അത്. മറ്റേതോ പ്രപഞ്ചത്തിൽ ജന്മം കൊണ്ടു ഒന്നിച്ചവരുടെ കാലങ്ങൾക്ക് ശേഷമുള്ള കൂടിച്ചേരലായിരുന്നു. അല്ലെങ്കിൽ പരിചയപ്പെട്ട ആദ്യനിമിഷം അപരിചിതത്വം ഞങ്ങൾക്ക് ഇടയിൽ ഒരു ശൂന്യത സൃഷ്ടിച്ചേനെ. അന്നത് ഉണ്ടായില്ല. ഈശ്വര വിശ്വാസം തൊട്ടുതീണ്ടിയിട്ടില്ലാത്ത എനിക്ക് അന്ന് ഒരു വെളിപാട് ഉണ്ടായത് പോലെ. പണ്ട് ഏതോ ജന്മത്തിൽ സ്നേഹിച്ചു ഒന്നിക്കാൻ പറ്റാതെ പോയവരാണോ ഇനി നമ്മൾ.കണ്ണുകളിൽ ഓർമ്മയുടെ നിഴൽ. ഹൃദയത്തിൽ നിർവചനമില്ലാത്ത ആകർഷണം. വാക്കുകൾ ആവശ്യമില്ലാതെ ഞാനും അവളും അത് മനസ്സിലാക്കി. ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവ് നിശബ്ദമായിരുന്ന ആ വൈകുന്നേരത്തിൽ നടന്നു. കാലത്തെ മറികടന്ന് ഞങ്ങൾ രണ്ടുപേരും ഒന്നായി. ഇതൊരു പുതിയ തുടക്കമല്ല, മറിച്ച് സ്നേഹം പൂർത്തിയാകാതെ പിരിയേണ്ടി വന്ന രണ്ടു ആത്മാക്കൾക്ക് ദേഹം കൈവന്നപ്പോൾ കൊതിച്ചത് പൂർത്തിയാക്കിയതാണ്. ഒരേ ശ്വാസത്തിൽ, ഒരേ സ്പന്ദനത്തിൽ, ഞങ്ങൾ അതിമനോഹരമായ ഏകതയിൽ ലയിച്ചു. മുൻജന്മത്തിന്റെ കുറവുകൾ ഈ ജന്മത്തിൽ പൂരിപ്പിച്ചു. എല്ലാത്തിനും മൂക സാക്ഷിയായി ഒരു ദേശാടനക്കിളി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. മറ്റെവിടെയെങ്കിലും പോയി ആർക്കും മനസ്സിലാവാത്ത ഭാഷയിൽ ആ കിളി ഞങ്ങളുടെ സംഗമത്തിന്റെ കഥ പറയുമായിരിക്കും. 

*മൂന്ന്*

തിരുവനന്തപുരം നഗരത്തിലെ രാത്രികൾക്ക് പ്രത്യേക ഭംഗിയാണ്. അധികം തിരക്ക് കാണില്ല. സോഡിയം ലാമ്പുകളാണ് വഴികളിൽ ഇപ്പോഴും കൂടുതൽ. നല്ലൊരു മഴ പെയ്തു തോർന്നാൽ, പിന്നെ പറയണ്ട. തണുത്ത കാറ്റും, മഞ്ഞ വെളിച്ചവും, ഒറ്റപ്പെട്ട റോഡുകളും. പരസ്പരം നല്ല സുഹൃത്തുക്കളായ ഞങ്ങൾ പിന്നെ പറ്റുന്ന സമയത്തൊക്കെ കാണാൻ തുടങ്ങി. എന്റെ ഡ്യൂട്ടിക്കിടയിലും അവളെ കാണാൻ പോകും. അവളും ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയാൽ എന്നെ വിളിക്കും. ഒരുമിച്ചു ഭക്ഷണം കഴിക്കാൻ പോകും. ഉച്ചക്കും രാത്രിയും ഒക്കെ. എന്തോ വല്ലാത്ത ആകർഷണം അവളിൽ എനിക്ക് തോന്നി തുടങ്ങി.
അവളെ പിന്നിൽ ഇരുത്തി വണ്ടി ഓടിക്കുമ്പോൾ, ചാറ്റൽ മഴയിൽ നനഞ്ഞ അവളുടെ മുഖവും ചിരിയും എന്റെ ലെഫ്റ്റ് മിറർ തിരിച്ചു വച്ചു നോക്കി കാണുന്നത് ഒരു ശീലമായി. പ്രണയം പറയാതെ പറയുംപോലെ മഴയും രാത്രിയും ആ യാത്രകളെ മിണ്ടാതെ അനുഗ്രഹിച്ചു.
പിന്നെ അവൾ പിന്നിലുണ്ടെങ്കിൽ എന്റെ ഇടത്തെ കണ്ണാടി റോഡ് കണ്ടിട്ടില്ല. അത് ഒരു രസമാണ്. ഞാൻ പണ്ട് പോയിരുന്ന സ്ഥലത്തൊക്കെ പിന്നെ ഞങ്ങൾ ഒന്നിച്ചു പോയി തുടങ്ങി. ആദ്യം പോയത് എല്ലാവരെയും പോലെ ശംഖ്‌മുഖം തന്നെ. തിരയെണ്ണിയും കടല കൊറിച്ചും വെടിവട്ടം പറഞ്ഞുമൊക്കെ ആ ദിവസം കടന്നു പോയി. പോകുന്ന ദിവസങ്ങൾ ഒക്കെ ഞങ്ങളുടെ ക്യാമെറയിൽ പതിയും. അതൊക്കെ ഒരു ചരിത്ര രേഖയായി അവളുടെ മൊബൈലിൽ ഉണ്ട്. എന്റടുത്തു ഇല്ല. അതിനൊരു കാരണം ഉണ്ട്. കഥയുടെ അവസാനം എത്തുമ്പോൾ അത് മനസിലാകും. അങ്ങനെ ഓരോ ദിവസത്തെ യാത്ര കഴിയുമ്പോഴും ഞങ്ങൾ കൂടുതൽ അടുത്ത് കൊണ്ടേയിരുന്നു. ഹൃദയം കൊണ്ടും ശരീരം കൊണ്ടും. ജോലിക്കിടയിലെ പ്രശ്നങ്ങൾ, വിശേഷങ്ങൾ, ഗോസിപ്പുകൾ എല്ലാം പരസ്പരം സംസാരിക്കും. നമ്മൾ ഒന്നിച്ചിരുന്നെങ്കിൽ എത്ര രസമായേനെ തുടങ്ങി ഭാവി ഭൂത വർത്തമാനങ്ങൾ തുടങ്ങി റോക്കറ്റ് സയൻസ് വരെ സംസാരിക്കും. അതങ്ങനെ തുടർന്ന്. ഒരുമിച്ചു ഒരു സമാന്തര രേഖയിൽ ഞങ്ങൾ ഇരുവരും യാത്ര തുടങ്ങി.

നാല്


ചില ഇഷ്ടങ്ങൾ അങ്ങനെയാണ്, സാധാരണ വഴികളിൽ നിന്ന് മാറി അവരവരുടേതായ അടയാളങ്ങൾ അവശേഷിപ്പിക്കും. എനിക്കും അവൾക്കും ഇടയിലെ ഇഷ്ടം ആഴം പ്രാപിച്ചത് തിരുവനന്തപുരത്തിന്റെ വഴികളിലൂടെയായിരുന്നു. ആ നഗരം ഞങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഓരോ ബൈക്ക് യാത്രയും ഞങ്ങൾക്കിടയിലെ ദൂരം കുറച്ചു. അവൾ ഇഷ്ടം പ്രകടിപ്പിക്കുന്നത് അവളുടെ മാത്രം ശൈലിയിലായിരുന്നു. വേദന സമ്മാനിച്ച കടിപ്പാടുകളിലൂടെ. എന്റെ കൈകളിലും മുതുകിലുമെല്ലാം അവളുടെ പ്രണയത്തിന്റെ ആഴം പതിഞ്ഞു. ഓരോ കടിയ്ക്കപ്പുറവും എന്റെ നിലവിളി കോറസും ഉണ്ടാകും. വേദന കൊണ്ടു പുളയും. ഓരോ കടിയും ഒരു നേരിയ നോവായിരുന്നെങ്കിലും, അതിലേറെ അവളുടെ തീവ്രമായ സ്നേഹം ആയിരുന്നു എന്ന് കരുതാനാണ് ഇഷ്ടം. ആ വേദനയിൽ പോലും ഒരു മധുരമുണ്ടായിരുന്നു, കാരണം അത് ഞങ്ങൾക്കിടയിലെ ആത്മബന്ധത്തിന്റെ തെളിവായിരുന്നു.അവളുടെ കടിപ്പാടുകൾ എന്റെ ശരീരത്തിൽ മായാത്ത ഓർമ്മകളായി അവശേഷിച്ചു. 
തിരുവനന്തപുരത്തെ തിരക്കേറിയ തെരുവുകളിലൂടെയും, ആളൊഴിഞ്ഞ ഇടങ്ങളിലൂടെയുമുള്ള ആ യാത്രകൾ ഞങ്ങൾക്കിടയിൽ ഒരു പാലം പണിതു. വഴിയോരക്കാഴ്ചകൾക്കപ്പുറം, ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തറിഞ്ഞു. ബൈക്ക് എടുത്ത് ഒന്ന് കറങ്ങി തിരിച്ചു ഹോസ്റ്റലിൽ വിട്ടാലും പോകാൻ തോന്നില്ല. ഞാൻ വണ്ടിയിൽ ഒരു കാല് നിലത്തൂന്നി, അവളെന്റെ മുന്നിലും നിൽക്കും. എന്തൊക്കെ സംസാരിച്ചു എന്ന് ഇപ്പോഴും ഓർക്കുന്നില്ല. വിഷയങ്ങൾക്ക് ഞങ്ങൾക്കിടയിൽ പഞ്ഞമുണ്ടായിരുന്നില്ല. തിരികെ വിട്ടിട്ട് പോകാൻ പോലും തോന്നാത്ത എത്രയോ ദിവസങ്ങൾ. ഈ രാത്രി അവസാനിക്കാതെ പോയിരുന്നെങ്കിൽ എന്ന് 
പറഞ്ഞ എത്രയോ രാവുകൾ. കോവളത്തിനും, മുതലപ്പൊഴിക്കും, വർക്കലക്കും ഇത്ര സൗന്ദര്യം രാത്രിയിൽ ഉണ്ടായിരുന്നു എന്ന് തോന്നിയത് ആ കണ്ടുമുട്ടലുകളിലാണ്. പൂജപ്പുരയിലെ സരസ്വതി മണ്ഡപത്തിന് മുന്നിലൂടെ നവരാത്രിയിൽ അവൾക്കൊപ്പം കൈപിടിച്ച് നടന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. വീണ്ടും പ്രണയിക്കപ്പെടുന്നതിന്റെ ആനന്ദം അനുഭവച്ചറിഞ്ഞു. പൂജപ്പുരയിലെ കൽമണ്ഡപവും, ഗ്രൗണ്ടും ആളുകളെ കൊണ്ടു നിറഞ്ഞിരുന്നു. ഇല്ലുമിനേഷൻ ചെയ്‌ത പൂജപ്പുര മൈതാനവും വഴിയും ഒരുപാടു വട്ടം കണ്ടിട്ടുണ്ട്. പുതിയ അനുഭവം തന്നത് ആദ്യമായിട്ടും. ആ യാത്രകൾ തുടരും..


 *അഞ്ച്*

മിത ഭക്ഷണം, വ്യായാമം, കളി ഇങ്ങനെയൊക്കെ തട്ടിയും മുട്ടിയും ഭാരം അഡ്ജസ്റ്റ് ചെയ്തു പോകുമ്പോൾ ഏതെങ്കിലും സുഹൃത്ത് ഇന്റസ്റ്റ്ഗ്രാമിൽ ഒരു റീൽ അയക്കും. കൂടെ ഒരു ചോദ്യവും,വിട്ടാലോ.അങ്ങനെ 
ഇടയ്ക്ക് ഒരു രാജ്യാന്വേഷണ സഞ്ചാരത്തിനിറങ്ങും. തിരുവനന്തപുരം അതിന് പറ്റിയ ഇടമാണ്. വലിയ ആഢംബരം ഒന്നും ഇല്ലെങ്കിലും ഉള്ളത് പങ്കുവെച്ചു പുതിയ ഇടങ്ങൾ തേടി പോകുന്നത് ആയിരുന്നു പതിവ്. 
പുതിയ കൂട്ടുകെട്ട് പതിവുകളെ തെറ്റിച്ചു. നമ്മൾ രണ്ടും ബൈക്കും എടുത്തു ഇറങ്ങിയാൽ പുറത്തു നിന്ന് എവിടുന്നെങ്കിലും കഴിക്കാതെ മടങ്ങി പോകുന്ന ദിവസം കുറവാണ്. ചുരുക്കി പറഞ്ഞാൽ പര്യവേക്ഷണത്തിന് ഇറങ്ങിയ മാർക്കോ പൊളോയും, ടോളമിയും, ഹുയാൻ സാങ്ങുമൊക്കെയായി നമ്മൾ വേഷമണിഞ്ഞു. പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ല. ഇറങ്ങുക കറങ്ങുക, കഴിക്കുക, ആസ്വദിക്കുക,മടങ്ങുക. 
ഞാൻ മനസിലാക്കിയിടത്തോളം അവൾക്ക് വീക്നെസ് ബീഫാണ്. നല്ല തേങ്ങ കൊത്തിട്ട് , വെളിച്ചെണ്ണയിൽ വേവിച്ചെടുത്ത്, വിറകടുപ്പിൽ മണിക്കൂറുകളോളം മോക്ഷവും കാത്ത് ചട്ടിയിൽ കിടക്കുന്ന ബീഫ് കടകൾ ധാരാളമുണ്ട് ഇവിടെ. രാത്രിയിൽ എത്രയോ ദിവസം ചൂട് കഞ്ഞിയും പയറും, മുളകും ചമ്മന്തിയും തന്ന് വിശപ്പും ദാഹവും മാറ്റി, ഞങ്ങളുടെ സല്ലാപം കേട്ടിരുന്ന ഗുരുവായൂരപ്പൻ. ഗുഡ് മോർണിംഗ്, കുമാർ കഫെ, വഞ്ചിയൂർ ദേവി, ബാലരാമപുരം ബിസ്മി, കിള്ളിപ്പാലത്തെ മസാല കഞ്ഞി. പാപ്പഞ്ചാണിയിലെ എരിവ് കൂടിയ താറാവും,കോഴിയും, കാന്താരി ചമ്മന്തിയും. കൂടെ നാരങ്ങ വെള്ളവും. വെള്ളായണിയിലെ ഏലകളിൽ അവൾ ഗൂഗിൾ മാപ്പിട്ട് വഴി തെറ്റിച്ചു തെറ്റിച്ചു ശെരിയാക്കിയാണ് അവിടെ ആദ്യം എത്തിയത്. പിന്നെയും അവിടെ പോയി. വഴുതക്കാട്ടെ തട്ടുകടകളിൽ എത്രയോ വട്ടം ദോശയും ഓംലെറ്റും നമ്മുടെ വിശപ്പകറ്റി. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ ചൈനീസ് ഒക്കെ പരീക്ഷണത്തിന്റെ ഏതോ ഘട്ടത്തിൽ നമ്മുടെ ലാബിൽ വന്നു പോയിരുന്നു. ആസാദിലെയും, ജെഫിലെയും ഒക്കെ ഭക്ഷണം രുചിക്കാൻ വല്ലപ്പോഴും പോകും. സത്യം പറഞ്ഞാൽ ഒരുമിച്ചു കുറേ നേരം കഴിയാൻ ഓരോരോ കാരണങ്ങൾ ആണ് ഇവയൊക്കെ. ഇനിയും ലിസ്റ്റിൽ പേരുകേട്ട ഒരുപാടു ഹോട്ടലുകൾ ഉണ്ട്. നെട്ടയും, ഉണ്ണിക്കുട്ടന്റെ കടയിലെ ബീഫുമൊക്കെ ആഗ്രഹങ്ങൾ ആണ്. ഇനി വരുമോ ആ കാലം. അറിയില്ല. നമ്മൾ ചിരിച്ച, ആസ്വദിച്ചു രുചിച്ച വഴിയിടങ്ങൾ ഒക്കെ നമ്മുടെ മാത്രം പ്രിയപ്പെട്ട ഓർമ്മകൾ ആണ്. തുടരും


*ആറ്

വെട്ടുകാട് പള്ളി പെരുന്നാളിന് ക്രിസ്തുമത വിശ്വാസികൾ മാത്രം അല്ല പള്ളിമുറ്റത്ത് എത്തുന്നത്. തിരുവനന്തപുരത്തെ ഒട്ടുമിക്ക ആളുകളും ഒത്തുകൂടും. ആൾതിരക്കിനിടയിൽ ഒരു സൂചിക്ക് വീഴാൻ ഇടമുണ്ടാകില്ല. ഞാൻ ആദ്യമായാണ് പെരുന്നാൾ കാണാൻ പോയത്. അവൾക്കൊപ്പം. തിരക്കിനിടയിൽ കൈവിട്ടു പോകാതെ ഒരു കുഞ്ഞിനെ എന്നോണം ഞാൻ അവളെ ചേർത്ത് പിടിച്ചിരുന്നു. അവിടെ ചെന്ന് നമ്മൾ തിരുവനന്തപുരത്തെ ഏറ്റവും വലിയ ലേസർ ഷോ കണ്ടു. കടപ്പുറത്തു കൂടെ കുറേ നേരം സംസാരിച്ചു നടന്നു. അവളെന്റെ കയ്യിൽ കോർത്തു പിടിച്ചു നടക്കും. ഇടയ്ക്ക് ഒന്ന് കടിക്കും. ചിലപ്പോൾ തോന്നും ഇവൾ എന്റേത് ആണെന്ന്. ആയിരുന്നെങ്കിൽ എന്ന്. അതിന് ശേഷം പലവട്ടം നമ്മൾ ശങ്കുമുഖം ചാക്ക വെളിവെട്ടുകാട് റോഡിലൂടെയൊക്കെ വണ്ടിയിൽ പോയി. ഒരിക്കൽ അവളുടെ പിന്നിൽ ഞാൻ ഇരുന്നു. അവൾ നന്നായി ഓടിച്ചു. സത്യം പറഞ്ഞാൽ പിന്നിലായത് കൊണ്ടു മാത്രം എന്റെ ചിരിച്ച മുഖം അവൾ കണ്ടില്ല. ആ സമയത്ത് ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച ആൾ ഞാൻ തന്നെ. അത്രയും ഇഷ്ടപെടുന്ന ഒരുവളുടെ പിന്നിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന ആനന്ദം. ഒരു ദിവസം കൊച്ചുവേളി ഭാഗത്തു കൂടെ വണ്ടി പോകുന്നു. രാത്രി ആണ്. മഴ പെയ്തു ഒരു വശം ചെളി ഉണ്ട്. ഞാൻ ചോദിക്കുന്നുണ്ട് നിനക്ക് വല്ലതും കാണാമോ എന്ന്. ചെറുതായിട്ട് ഉണ്ടെന്നായിരുന്നു മറുപടി. തമാശ പറഞ്ഞതാണെന്ന് കരുതി ഞാൻ കാര്യമാക്കിയില്ല വലതു വശത്തു കൂടെ നടന്ന് വന്ന ഒരാളെ ഇടിക്കാൻ പോകുന്ന വരെ. തലേ ദിവസം സർവീസ് സെന്ററിൽ നിന്ന് പണി കഴിഞ്ഞ് ഇറക്കിയ വണ്ടി വീണ്ടും കയറ്റേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. ചെളി തിന്നുവെന്നും തോന്നിപ്പിച്ചു. പക്ഷെ ബ്രേക്ക്‌ പോലും പിടിക്കാനുള്ള സാമാന്യ ബുദ്ധി അവൾക്ക് തോന്നാത്തത് കൊണ്ടു ഞങ്ങൾ വീണില്ല. ഞങ്ങൾ ചെളിയിലൂടെയും, നടന്ന് പോയ മനുഷ്യൻ റോഡിലൂടെയും കടന്നു പോയി. അന്ന് അത് കഴിഞ്ഞ് ഞങ്ങൾ ഇത് പറഞ്ഞ് ചിരിച്ചതിനു കണക്കില്ല. Beautiful moments often arise from unexpected events. മനോഹര മുഹൂർത്തങ്ങൾ ഉണ്ടാകുന്നത് ഇതുപോലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെ ആകും. പിന്നിൽ ഇരുന്ന് അവളുടെ അരക്കെട്ടിൽ കെട്ടിപിടിച്ചു, തോളിൽ തലവച്ചു കാതിൽ മിണ്ടുമ്പോൾ, ഈ ലോകം ആ കുഞ്ഞ് വണ്ടിയിലേക്ക് ചുരുങ്ങിയ പോലെ. ആ രാത്രികൾ അവനസിക്കരുതേ എന്ന് മനസ്സ് കൊണ്ടു ഞാൻ എന്ത് മാത്രം ആഗ്രഹിച്ചു.അവളുടെ കയ്യിൽ ബൈക്കിന്റെ നിയന്ത്രണം ഭദ്രമാണെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഓരോ വളവിലും തിരിവിലും, അവളുടെ കഴിവിലുള്ള വിശ്വാസം എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. യാത്രയുടെ ഓരോ നിമിഷവും ഒരു ഉത്സവമാണ്. അവൾ ഓരോ ഗിയർ മാറ്റുമ്പോഴും, ബ്രേക്ക് ചെയ്യുമ്പോഴും, ആക്‌സിലറേറ്റ് ചെയ്യുമ്പോഴും ഒരു താളം പോലെ അത് എന്നെ തൊട്ടുണർത്തും.  ഈ യാത്ര വെറുമൊരു സഞ്ചാരമല്ല, അതൊരു പ്രണയത്തിന്റെ ഒഴുക്കാണ്. അവളുടെ പിന്നിലിരുന്ന് ലോകം കാണുമ്പോൾ, ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്ന് തോന്നും. ആ ഓർമ്മകൾ എന്നും എന്റെ മനസ്സിൽ ഒരു തണുത്ത കാറ്റ് പോലെ തലോടി നിൽക്കും.


ഏഴ്


*കാന്തല്ലൂർ*


ഇടുക്കിയിലെ മറയൂർ വനമേഖലയോട് ചേർന്ന പശ്ചിമഘട്ടത്തിലെ ഒരു കാർഷിക ഗ്രാമമാണ് കാന്തല്ലൂർ. മൂന്നാറിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ. പഴ തോട്ടങ്ങൾ ധാരാളം ഉള്ള നാട്. കടും പച്ച നിറമാണ് കാന്തല്ലൂരിന്.  ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യവും പ്രശാന്തതയും നേരിട്ട് അനുഭവിച്ചറിയാൻ സാധിക്കണമെങ്കിൽ ഒരിക്കലെങ്കിലും അവിടെ പോകണം. കുറച്ചു കാലമായി ഒരു ദീർഘ ദൂര യാത്ര പോയിട്ട്. അവളോടൊപ്പം അങ്ങനെ ഒരു ഓർമ വേണമെന്ന് തോന്നി.അവൾക്കും സന്തോഷം ആയിരുന്നു. അവൾ തിരുവനന്തപുരം നഗരം വിടുന്നതിനു മുൻപ് ആ യാത്രക്ക് ഞങ്ങൾ പ്ലാനിട്ടു. നവംബർ മാസത്തിലെ ഒടുവിലത്തെ ആഴ്ച. തിരുവനന്തപുരത്ത് അവളും ഒന്നിച്ചു വീണ്ടും ഒരു റൈഡ് സാധ്യമാകുമോ എന്ന് ഉറപ്പില്ല. ഡൽഹിക്ക് അവൾ പോയി കഴിഞ്ഞാൽ പിന്നെ കാണുമോ എന്ന് പോലും അറിയില്ല. അങ്ങനെ ഞങ്ങൾ പോകാൻ തീരുമാനിച്ചു. ആ ദിവസം വന്നെത്തി. തലേന്ന് ബാഗും റെഡി ആക്കി ഈവെനിംഗ് ഡ്യൂട്ടി എടുത്തു ഗസ്റ്റ് ഹൌസിൽ പോയി കിടന്നു. പുലർച്ചെ രണ്ടു മണിക്ക് എങ്കിലും ഇറങ്ങണം. ചെറിയ ഉറക്കമേ കിട്ടു. ട്രിപ്പ്‌ പോകുമ്പോൾ ഏറ്റവും അത്യാവശ്യവും അതാണ്. അവളോടും അങ്ങനെ തന്നെ പറഞ്ഞു. നേരത്തെ കിടക്കണം. രാവിലെ പോകുന്നതിന്റെ എക്സൈറ്റ്മെന്റും ചെറിയൊരു ആശങ്കയും ഉണ്ട്. മഴ രസം കെടുത്തുമോ എന്നൊക്കെ ആയിരുന്നു ചിന്ത. ഭാഗ്യത്തിന് അങ്ങനെ ഉണ്ടായില്ല. വീട്ടിൽ കൊച്ചിയിൽ പോകേണ്ടി വരുമെന്നും രണ്ടു ദിവസം കഴിഞ്ഞേ എത്തൂ എന്നും കള്ളം പറഞ്ഞു. നേരം പെട്ടെന്ന് കടന്നു പോയി. ഒന്നരയോടെ എണീറ്റ് അവളെയും ഉണർത്തി. റെഡി ആയി നിൽക്കാൻ പറഞ്ഞു. എന്റെ വണ്ടിയുമെടുത്തു ഹോസ്റ്റലിന് മുന്നിൽ ചെന്നു. ഒരു യാത്രയുടെ സന്തോഷത്തിൽ ഞാൻ എത്തിയപ്പോൾ, ഉറക്കം തൂങ്ങിയ മുഖവുമായി, കുഴഞ്ഞു നടന്ന് വരികയായിരുന്നു ഓൾ. അവളുടെ ബാഗ് എന്റേതിനുള്ളിൽ കയറ്റി. ആ ട്രാവലർ ബാഗ് അവളുടെ കയ്യിൽ ഏൽപ്പിച്ചു ഞങ്ങൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ ആ യാത്ര തുടങ്ങി...ഇറങ്ങി പട്ടവും കേശവദാസപുരം ഒക്കെ പിന്നിട്ടപ്പോഴാണ് അവൾ പറയുന്നത് തലേദിവസം ഉറങ്ങിയിട്ടേ ഇല്ലാന്ന്. ഒരു കാളിൽ ആയിരുന്നു അത്രേ. സത്യത്തിൽ മനസ്സിൽ തോന്നിയ ദേഷ്യത്തിന്, യാത്ര അവിടെ അവസാനിപ്പിക്കാൻ ആണ് തോന്നിയത്. കുറേ സ്വപ്നം കണ്ടു യാഥാർത്ഥ്യമാകുന്ന യാത്രയുടെ തലേന്ന് ഇങ്ങനെ ചെയ്യുമോ. കുറച്ചു ഉത്തരവാദിത്തം കാണിക്കണം. ഉറക്കം തൂങ്ങി പിന്നിൽ ഇരിക്കുന്ന അവളും, ഒന്നും മിണ്ടാനും പറയാനും പറ്റാതെ ഞാനും. ഇടയ്ക്ക് അവൾ ഉറങ്ങി വീഴാൻ പോയി. യാത്ര കുളമാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. ഒരു ബോധവും ഇല്ലാതെ എങ്ങനെ ഇനി പോകും. ഒടുവിൽ വെമ്പായം കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ട് എത്തിയപ്പോൾ ഒരു ചായ കട കണ്ടു. നിർത്തി വഴിയിൽ ഇരുന്ന് ചായ കുടിച്ചു. വീണ്ടും വണ്ടി മുന്നോട്ട്. അപ്പോഴും ഉറക്കം വിട്ടു മാറിയിട്ടില്ല അവൾക്ക്. ഒടുവിൽ ഉള്ളിൽ നിന്ന് വളരെ കുറച്ചു ദേഷ്യം മാത്രം പുറത്ത് കാണിച്ചു വണ്ടി തിരിച്ചു. ഇത് ശെരിയാവില്ല. തിരിച്ചു തിരുവനന്തപുരം പോകാം, ഞാൻ പറഞ്ഞു. അവൾ സമ്മതിച്ചില്ല. ഞാൻ കേട്ടതുമില്ല. വണ്ടി വീണ്ടും തിരുവനന്തപുരം ഭാഗത്തേക്കു. ഈ സമയം അവള് പിന്നിലിരുന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു അങ്ങനെ ചെയ്യല്ലേ എന്ന്. ഉള്ളിലെ ദേഷ്യം അത്രത്തോളം ഉണ്ടായിരുന്നു. ഒരുപാട് വർത്തമാനം പറഞ്ഞു പോകാം എന്ന് കരുതിയപ്പോൾ തുടക്കത്തിൽ തന്നെ ഇങ്ങനെ ആയി. പിറ്റേന്ന് വൈകിട്ട് കാന്തല്ലൂര് എത്തു. അതുവരെ ഈ ബൈക്കിൽ അവൾക്ക് യാത്ര ചെയ്യാൻ കഴിയില്ല. കുറച്ചു ദൂരം തിരിച്ചു വന്നപ്പോൾ മനസ്സൊന്നു ശാന്തമായി. ഇനിയൊരിക്കലും ഇങ്ങനെ ഒരുമിച്ചു പോകാൻ കഴിയില്ല ഞങ്ങൾക്ക്. ആ തോന്നൽ വന്നതോടെ തണുത്തു. ട്രിപ്പ് തുടരാൻ തീരുമാനിച്ചു. അവളുടെ നിർബന്ധം കാരണം മാത്രമാണ് അങ്ങനെ ചെയ്‌തത് എന്ന് ഞാൻ പറയില്ല. യാത്ര തുടരണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. ഇനി ഉറങ്ങില്ല എന്ന് അവളും ഉറപ്പു നൽകി. പക്ഷേ ആ ചടവ് വിട്ടു മാറിയിട്ടില്ല. വണ്ടി വാളകം എത്തി. പുലർച്ചെ നാലുമണിയോട് അടുപ്പിച്ചു ആയിട്ടുണ്ടാകും. വാളകത്തിനു സമീപം ആളൊഴിഞ്ഞ ഒരു ബസ്റ്റോപ്പ് കണ്ടു. വണ്ടി അവിടെ നിർത്തി. കുറച്ചുനേരം ആ ബസ്റ്റോപ്പിൽ കിടന്നുറങ്ങാൻ പറഞ്ഞു. ഞാൻ കൂട്ടിരുന്നു. ഒരു ജാക്കറ്റിട്ട് അവൾ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ വല്ലാത്ത വാത്സല്യം തോന്നി. ഇത് എന്റെ കുഞ്ഞല്ലേ. . ദേഷ്യപ്പെടേണ്ടിയിരുന്നില്ല. ഒന്നും വരാതെ നോക്കേണ്ടത് ഞാൻ അല്ലേ. അവൾ പെട്ടെന്ന് ഉറങ്ങി. സ്റ്റീൽ റോഡിന്റെ ഇരിപ്പിടം ആണ്. ഉറക്കം സുഖകരം ആകില്ലെങ്കിലും, അത്രയും ക്ഷീണം തോന്നിയാൽ ആരായാലും ഉറങ്ങി പോകും. ആരും മിണ്ടാനില്ലാതെ കുറച്ചധികം നേരം അവിടെ ഒറ്റയ്ക്ക് ഇരുന്നപ്പോൾ സത്യത്തിൽ ഉറക്കം വന്നു. പക്ഷേ അവൾ ഉള്ളതുകൊണ്ട് ഉറങ്ങിയില്ല. തൊട്ടടുത്ത് മാറിയിരുന്ന് അവളുടെ ഉറക്കം നോക്കിയിരുന്നു. രാവിലെ ജോലിക്ക് പോകാനും ഒക്കെ ആളുകൾ വന്നു തുടങ്ങി. ഞങ്ങൾ ഇവിടെ ഇരിക്കുന്നത് കണ്ട് അവർ ബസ് സ്റ്റോപ്പിന് പുറത്തു മാറിനിന്നു. വണ്ടികളൊക്കെ റോഡിലൂടെ പോകുന്നുണ്ട്. എം സി റോഡ് ആണ് എപ്പോഴും വണ്ടികൾ ഒക്കെ റോഡിൽ ഉണ്ടാകും. ഞങ്ങൾക്ക് അവിടെ കാവലിനായി പുറത്തൊരു നായയും ഉണ്ടായിരുന്നു. അരമണിക്കൂർ അവിടെ കിടന്ന് ഉറങ്ങി. അവൾ എണീറ്റു. വീണ്ടും സംസാരിച്ചു യാത്ര തുടർന്നു. കുറേ ദൂരം വീണ്ടും പോയി. കുറേ മിണ്ടി. ചങ്ങനാശ്ശേരി എത്താറാകുന്നു. ഉറക്കത്തിന്റെ വ്യാളി കൈകൾ അവളെ വീണ്ടും പിടികൂടി തുടങ്ങി. ഇനി നന്നായി ഉറങ്ങാതെ ഒരടി മുന്നോട്ടു പോകാൻ പറ്റില്ല. ചങ്ങനാശ്ശേരിയും പെരുന്നയും കഴിഞ്ഞ് കുറച്ചു മുന്നോട്ട് ടൗണിൽ തന്നെ വണ്ടി നിർത്തി. നടപ്പാതയിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. എന്റെ തോളിൽ തലവച്ചു അവൾ കുറച്ചു നേരം കൂടി ഉറങ്ങി. റോഡിൽ ആളുകൾ ഉണ്ട്. തിരക്ക് തുടങ്ങുന്നേ ഒള്ളു. പ്രധാനപ്പെട്ട ഒരു ട്രിപ്പാണ് എന്നറിഞ്ഞിട്ടും അവൾ ഇങ്ങനെ ചെയ്തതിനു പിന്നെയും ദേഷ്യം തോന്നി. പ്രകടിപ്പിച്ചില്ല. എന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുന്ന ഈ പാവ കുഞ്ഞിനെ എനിക്ക് വാക്ക് കൊണ്ടുപോലും വേദനിപ്പിക്കാൻ തോന്നിയില്ല. കുറച്ചു നേരം അവിടെ ഇരുന്ന് ഉറങ്ങിയപ്പോൾ ഞാൻ തന്നെ പറഞ്ഞു. നീ ബസ് കേറി മൂന്നാർ വാ. അതിനകത്തു ഇരുന്ന് ഉറങ്ങിക്കോ. ഞാൻ ഒറ്റക്ക് വന്നോളാം. ആദ്യം സമ്മതിച്ചില്ല. നിർബന്ധിച്ചപ്പോൾ വഴങ്ങി. കോട്ടയം ബസ് സ്റ്റാൻഡിലേക്ക് പോയി. മൂന്നാർ ബസ് ഉണ്ടായിരുന്നു. കയറാൻ പറഞ്ഞപ്പോൾ കയറിയില്ല. എന്നെ ഒറ്റക്ക് ആക്കുന്നതിന്റെ വിഷമം അവൾക്കുണ്ട്. പക്ഷെ ഒരു ദയയും തോന്നിയില്ല. അടുത്ത ബസ് തൊടുപുഴക്ക്. അതിനുള്ളിൽ കയറി. ബസ് എടുത്തു. ഒരുമിച്ചു തുടങ്ങിയത് ഇടയ്ക്ക് ഒറ്റക്കായി. ഇടക്ക് ഏതോ അരുവി കണ്ടു വണ്ടി കുറച്ചു നേരം അവിടെ നിർത്തി നോക്കി നിന്നു. മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം കണ്ണിൽ തട്ടി തുടങ്ങി.പുൽനാമ്പുകളും മഞ്ഞുതുള്ളികളും വിടപറയുന്ന സമയമാണ്. രാത്രികളിൽ പച്ചപ്പും മഞ്ഞും പ്രണയ സല്ലാപത്തിന് ഇറങ്ങും. ഒടുവിൽ തമ്മിൽ ചേർന്ന് ഉറങ്ങി പോകും.നിമിഷങ്ങൾ മാത്രം ആയുസ്സുള്ള പ്രണയം. സൂര്യൻ ഉദിച്ചാൽ പോകാതെ പറ്റില്ല.ഇരുവരും വേര്പിരിയുമ്പോൾ പ്രകൃതി അവർക്ക് വേണ്ടി കണ്ണീർപൊഴിക്കുന്നതാകാം തുള്ളികളായി. ബസ് തൊടുപുഴക്ക് എത്തുന്നതിനു മുന്നേ ഞാൻ എത്തി. ഇടക്ക് ഒരു ചായ ഒറ്റക്ക് കുടിച്ച് അവളെ കാത്തിരുന്നു. നല്ല ഉറക്കം കിട്ടിയതിന്റെ സന്തോഷം ആ മുഖത്തു കാണാം. ഉഷാറായപ്പോൾ പഴയ ചെക്കനെ തിരിച്ചു കിട്ടിയ സന്തോഷം. നേരം ഉച്ചയോട് അടുക്കാറായി. ഇടക്ക് എവിടെയോ കയറി ഭക്ഷണം കഴിച്ചു. വഴിയിൽ എവിടെയോ നിർത്തി ഓൺലൈനിൽ റൂം ബുക്ക് ചെയ്തു. മിണ്ടിയും പറഞ്ഞും കാഴ്ച കണ്ടും ഞങ്ങളുടെ ലോകത്ത് ആയിരുന്നു. ഒടുവിൽ മൂന്നാറെത്തി. മുന്നാറിലേക്ക് പലതവണ വന്നിട്ടുണ്ട്. എന്നാൽ അവളോടൊപ്പം പോയപ്പോഴാണ് ആ സ്ഥലം മനസ്സിലേയ്ക്ക് മുഴുവനായി നിറഞ്ഞത്.പച്ചകുന്നുകളിലൂടെയുള്ള കാറ്റും മൂടൽമഞ്ഞും നമുക്ക് വേണ്ടി കാത്തിരുന്നുപോലെ.ഞങ്ങൾ കുറേനേരം ആ കാഴ്ച നോക്കിയിരുന്നു.പ്രകൃതിയേയും മറികടക്കുന്ന ഒരു സൗന്ദര്യം അവളുടെ കണ്ണുകളിൽ ഞാൻ കണ്ടു.ആ ദിവസം മുന്നാർ മാത്രമല്ല, എന്റെ ഹൃദയവും പച്ചപ്പണിഞ്ഞു. കുറേ ഫോട്ടോ എടുത്ത് അവിടുന്ന് കാന്തല്ലൂരിലേക്ക് വിട്ടു. 

മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ ഉണ്ട്. തനി ഗ്രാമമാണ്. നെറ്റ്‌വർക്ക് പ്രശ്നങ്ങളും ഉണ്ട്. വർഷത്തിൽ എപ്പോഴും മഴയും മഞ്ഞും പെയ്യുന്ന സ്ഥലം. പോകുന്ന വഴിയിൽ നൂൽമഴ പെയ്യുന്നുണ്ടായിരുന്നു. കൊടും തണുപ്പും. ടി ഷർട്ടിനു തടഞ്ഞു നിർത്താൻ ആകാത്ത തണുപ്പ്. കൈ രണ്ടും മരവിച്ചു തുടങ്ങി. പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ട്. വണ്ടി ഓടിക്കാൻ പറ്റാത്ത അത്ര ദയനീയ അവസ്ഥ. വഴിയിൽ മഴക്കോട്ടും, ഗ്ലൗസും വിൽക്കാൻ വച്ചിട്ടുണ്ട്. ഒരു കോട്ട് അവൾക്ക് വാങ്ങി. എന്റെ കയ്യിൽ ഒരു റെയിൻ കോട്ട് ഉണ്ടായിരുന്നു. ഗ്ലൗസും വാങ്ങി. അരിച്ചു കേറുന്ന തണുപ്പിനെ തടയാൻ ആകുന്നില്ലെങ്കിലും ഒരുവിധം ഒപ്പിച്ചു. പിന്നിൽ അവളെന്റെ ദേഹത്തോട് ചേർന്ന് മുറുകെ കെട്ടിപ്പിടിച്ചു ഇരിക്കും. ചൂട് പകർന്നും, ഇടക്ക് നിർത്തി ഒന്ന് പരസ്പരം അടുത്ത് നിന്നും ആ തണുപ്പിനെ പ്രതിരോധിച്ചു. കാന്താല്ലൂരിലെ ഫേമസ് നീല കുട ചൂടിയ മരങ്ങൾ അങ്ങിങ് ഉണ്ടെങ്കിലും, എന്തോ പിശുക്കുന്നുണ്ടായിരുന്നു. ഇടയിൽ ഒരു തേയില തോട്ടത്തിൽ ഇറങ്ങി. വിദൂരെ മലനിരകളിൽ കോട ഇറങ്ങുന്നത് കാണാം. കുറേ ഓർമ്മകൾ ഫോണിലാക്കി. ആ ചിത്രങ്ങൾ എത്ര വട്ടം കണ്ടാലും സങ്കടം വരും. 

കാന്തല്ലൂരിലേക്കുള്ള വഴിയിൽ ആദ്യമെത്തുന്നത് കോവിൽക്കടവ് എന്ന അടിവാര ഗ്രാമം. പാതക്കിരുവശവും കരിമ്പിൻ തോട്ടങ്ങൾ . ഈ കരിമ്പിൻ തണ്ടുകളിൽ നിന്നുമാണ് ലോകപ്രശസ്തമായ കാന്തല്ലൂർ ശർക്കരയുടെ ഉൽപാദനം . ഒരിടത്തു ഇറങ്ങി അതൊക്കെ കണ്ടു. രുചിച്ചു നോക്കി. വളവുകളോരോന്നും പിന്നിടുമ്പോഴും പ്രകൃതി കൂടുതൽ സുന്ദരിയായികൊണ്ടിരുന്നു . റിസോർട്ടുകളുടെയും കോട്ടേജുകളുടെയും പരസ്യ ബോർഡുകൾ കാണാം . പണ്ട് മുതുവാന്മാരും മലപുലയരും കുറുമ്പപുലയരും മാത്രമടങ്ങുന്ന ആദിവാസി സമൂഹമായിരുന്നു കാന്തല്ലൂരിൽ . പ്രധാന കൃഷി കൊമ്പുനെല്ലും ഗോതമ്പും റാഗിയും. 

                                                                             കാന്തല്ലൂർ കവലയും കഴിഞ്ഞു ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന കോട്ടേജിന്റെ മുന്നിലെത്തി . വഴി കണ്ടുപിടിക്കാൻ കുറേ ബുദ്ധിമുട്ടി. തെറ്റിയും തിരിഞ്ഞും ഒക്കെ ആണ് ആ സ്ഥലത്ത് എത്തിപ്പെട്ടത്. ഒരു ഉൾഗ്രാമം. തമിഴ്നാട് ഹിൽ സ്റ്റേഷൻ പോലെ. വലിയ വൃത്തി ഇല്ല. എന്നാൽ തീരെ മോശമല്ല. ഷീറ്റിട്ട വീടുകൾ ആണ് കൂടുതലും. തോട്ടം തൊഴിലാളികൾ. തമിഴ് വംശജർ. മിക്ക വീടുകളോടും ചേർന്ന് ഒരു ചെറിയ കട ഉണ്ടാകും. തൊഴുത്തും. കോട്ടേജിന്റെ തൊടിയിൽ ഒരു ചെറിയ പൂന്തോട്ടം ഉണ്ട്.  കോട്ടജിന്റെ സൂക്ഷിപ്പുകാരൻ സഹായിക്കാൻ എത്തി. ഞങ്ങൾ മാത്രമുള്ള വീട്. കുക്ക് ചെയ്യാൻ അത്യാവശ്യം സൗകര്യം ഉണ്ട്. രണ്ടു കിടപ്പുമുറിയും അടുക്കളയും സ്വീകരണ മുറിയും . ഒരു തമിഴ് ടച്ച് ഉള്ള ചെറിയ വീട്.ഒരു വലിയ യാത്രയുടെ ക്ഷീണം രണ്ടു പേർക്കും ഉണ്ട്. പുറത്തിറങ്ങി ഒന്ന് നടന്നു. ടെറസിൽ കയറിയാൽ കാന്തല്ലൂർ ഗ്രാമത്തിന്റെ ഭംഗി മുഴുവൻ ഒറ്റ ക്യാൻവാസിൽ കാണാം. നൂൽമഴ പെയ്യുന്നുണ്ടായിരുന്നു. തണുപ്പ് അരിച്ചു കേറുന്നുണ്ട്. പരസ്പരം പുണർന്നു. മിക്ക ദിവസങ്ങളിലും ഉച്ച കഴിഞ്ഞാൽ കാന്തല്ലൂരിൽ മഴയാണ്. കോട്ട പോലെ ഉയർന്നു നിൽക്കുന്ന മലനിരകളിൽ നിന്നും മഴ മേഘങ്ങൾ ഇറങ്ങി വരും . ആ കുളിരിൽ അവളെയും ചേർത്ത് പിടിച്ചു ഇരുന്നു. ഇയ്യോ... എന്റെ പൊന്നെ എത്ര ഹാപ്പി ആയിരുന്നെന്നോ ഞാൻ. ആ വൈകുന്നേരവും, നൂൽമഴയും നമ്മളുടെ പ്രണയ പൂർത്തികരണത്തിന് സാക്ഷിയായി. പിന്നെ ഉറങ്ങി. രാത്രി നൂഡിൽസ് എന്തോ ഉണ്ടാക്കി കഴിച്ചു. അവൾ ഫുഡ്‌ ഉണ്ടാകുമ്പോ കൂടെ നോക്കി നിൽക്കും.                                          സ്വർണ്ണവെയിലിന്റെ ശോഭ കണ്ട കിളികളാണ് രാവിലെ വിളിച്ചുണർത്തിയത്. നല്ല തണുപ്പും. ജനാല തുറന്നിട്ടാൽ തൊട്ടപ്പുറത്തു മലനിരകളിലൂടെ മഞ്ഞു പെയ്യുന്നത് കാണാം. നല്ല തണുപ്പും.കമ്പിളിപ്പുതപ്പിനടിയിൽ അവളെ ചേർത്തു കിടന്നപ്പോൾ, ആ നിമിഷങ്ങൾ എനിക്ക് ജീവിതത്തിൽ അത്ഭുതമായൊരു പ്രണയമുഹൂർത്തമായി തോന്നി. വല്ലാത്ത കംഫർട്ടും, സ്നേഹവും അനുഭവപ്പെട്ടു. അവളെ നെഞ്ചോട് ചേർത്ത് ആ ചൂട് പങ്കിട്ട് കുറേ നേരം മിണ്ടാതെ കിടന്നു. പൂർണ്ണമായി ഒരാളിൽ ലയിച്ചുചേരുന്ന അവസ്ഥയായിരുന്നു അത്. വാക്കുകളില്ലാത്ത ഭാഷയിലായിരുന്നു ഞങ്ങൾ സംസാരിച്ചത്. അവളുടെ ചെവി ഭാഗത്ത് പതിഞ്ഞ എന്റെ ഉമ്മകളുടെ മറുപടിയായി അവളുടെ വിരലുകൾ എന്റെ കാൽവിരലുകളിൽ കളിച്ചു. നമ്മളിൽ യാതൊരു ആശങ്കയും ഭയം പോലും ഇല്ലാതെ, രാത്രിയിലും പകലിലും നമ്മൾ ഒറ്റശരീരമായി. ശരിക്കും ചിന്തിച്ചത് ഇനി ജീവിതമൊക്കെ ഇതുപോലെയാകണം, അവളോടൊപ്പം പ്രണയം തീരാതെ നിലനില്ക്കണം എന്നാണ്. അവിടുന്ന് ഞങ്ങൾ വണ്ടിയെടുത്ത് ഇറങ്ങി ഒന്ന് രണ്ടു പഴ തോട്ടങ്ങൾ കാണാൻ ഇറങ്ങി. മഴ പിന്നെയും ചിണുങ്ങി ചിണുങ്ങിയെത്തി . കൂട്ടിനു മൂടൽ മഞ്ഞും . കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന കർഷകർ . മരച്ചില്ലകളിലിരുന്നു കുശലം പറയുന്ന കാട്ടുകിളിക്കൂട്ടം .ഗ്രാമം ഉണർന്നു കഴിഞ്ഞിരുന്നു. ഗ്രാമത്തിലേക്ക് ചാഞ്ഞിറങ്ങുന്ന പച്ചപ്പിന്റെ ചരിവുകൾ അങ്ങിങ് കാണാം. സ്ട്രോബറിയുടെ സീസൺ അല്ലാത്തതുകൊണ്ട് ആ ഫാമിൽ പോയിട്ട് കാര്യമില്ല എന്ന് മനസ്സിലായി. കുറച്ചു ദൂരം പോയി ഒരു ഫാമിൽ കയറി. സീതപഴ൦ മാതളം,പ്ലം, മരത്തക്കാളി, ഓറഞ്ചു തുടങ്ങി ഒരു താഴ്വാരം മുഴുവൻ പഴങ്ങളുടെ ഏദൻതോട്ടം. പക്ഷെ സീസൺ അല്ല. അതുകൊണ്ട് ചിലതൊക്കെ മാത്രമേ കാണാൻ കഴിഞ്ഞോളു. അതും കണ്ടു പുറത്തിറങ്ങി. പലതരം പഴങ്ങൾ കൊണ്ടുണ്ടാക്കിയ വൈനുകൾ രുചിച്ചു. അവൾ അത് നുണഞ്ഞ് ഇറക്കുന്ന ഒരു വീഡിയോ ഉണ്ട്. പുളിപ്പ് രസം ഉള്ളിൽ ചെല്ലുമ്പോൾ ചിണുങ്ങിച്ചിരിക്കുന്ന ആ പെണ്ണിനെ കാണാൻ എന്ത് രസമാണെന്നേ. അവിടുന്ന് ഒന്ന് രണ്ട് വൈൻ ബോട്ടിൽ വാങ്ങി ഞങ്ങൾ താഴേക്ക് ഇറങ്ങി. വളഞ്ഞു തിരിയുന്ന മറയൂരിലേക്കുള്ള പാത . വണ്ടിയിൽ പെട്രോൾ കുറവായിരുന്നു. ന്യൂട്രലിട്ട് താഴേക്ക്. കോട കാരണം വണ്ടി പോലും കാണാൻ പറ്റാത്ത അവസ്ഥ. ചുവപ്പും വെള്ളയും കലർന്ന വീടുകളുടെ നിരകൾ . രാത്രികളിൽ കാട്ടുപോത്തുകളുടെ വിഹാര ഭൂമിയാണ് ഇവിടെയെന്നു കേട്ടിട്ടുണ്ട്. കാന്തനല്ലൂരിനോട് വിട പറയുവാൻ സമയമായി. കാന്തല്ലൂരിലെ ഏകാന്തതയിൽ നിന്നും പെട്ടെന്ന് തിരക്കിലേക്ക് വന്നു വീണപോലെ ഞങ്ങൾ ഒരു ചെറിയ ടൗണിൽ എത്തി. മറയൂർ വഴി വേണം തിരികെ പോകാൻ. ചന്ദന മര തോട്ടങ്ങൾക്ക് ഇടയിലൂടെ. അത്യാവശ്യം വീതിയും വളവും തിരുവുമുള്ള ആ റോഡുകൾ താണ്ടി ഞങ്ങൾ രണ്ടുപേരും യാത്ര തുടർന്ന്. ഇടയ്ക്കു വീണ്ടും അവളുടെ കയ്യിൽ വണ്ടി ഏൽപ്പിച്ച് ഞാൻ പിന്നിൽ വിശ്രമിക്കാൻ ഇരുന്നു. അവരുടെ പിന്നിലിരുന്ന് കാണുന്ന കാഴ്ചയും മനോഹരമായിരുന്നു. വൈകിട്ടോടെ ഞങ്ങൾ മൂന്നാർ ടൗണിൽ എത്തി. അവിടെവച്ച് വണ്ടി പണി തന്നു. സ്റ്റാർട്ടർ കംപ്ലൈന്റ്റ്. ടൗണിലൂടെ ഒരു വർക്ഷോപ്പ് കണ്ടുപിടിച്ചു. സഹായിക്കാൻ അവളും കൂടെ ഉണ്ടായിരുന്നതുകൊണ്ട് തള്ളാൻ എളുപ്പമായിരുന്നു. വർഷോപ്പിലെത്തിയപ്പോൾ ബാറ്ററിയുടെയാണ് പ്രശ്നം. പിന്നെ ബാറ്ററി കട കണ്ടുപിടിച്ച അവിടെയെത്തി പ്രശ്നം പരിഹരിച്ചു. ഇടയ്ക്ക് കാടിന്റെ നടുവിലെത്തുമ്പോൾ ഞാൻ അവളെ ഒന്ന് പേടിപ്പിക്കും. കാട്ടാനയുണ്ട് പുലിയിറങ്ങുന്ന സ്ഥലമാണ് എന്നൊക്കെ പറഞ്ഞു. യഥാർത്ഥത്തിൽ 24 മണിക്കൂറും വണ്ടികൾ പോകുന്ന ദേശീയപാതയാണത്. ആ ഭാഗത്ത് അങ്ങനെ കാട്ടാനകൾ ഒന്നും ഇറങ്ങാറില്ലായിരുന്നു. ആ വണ്ടി ഓടിക്കൊണ്ടേയിരുന്നു. പത്തനംതിട്ട വഴിയാണ് തിരുവനന്തപുരത്തേക്ക് പോകാൻ തീരുമാനിച്ചത്. അടൂര് എത്തുന്നതിനു മുൻപ് രണ്ടുപേർക്കും നല്ല ഉറക്കം വന്നു. ഒരു ബസ്റ്റോപ്പിൽ വണ്ടി നിർത്തി കുറച്ചുനേരം കിടന്നുറങ്ങി. പുലർച്ചയോടെ അവളെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കി.ആ യാത്രകളുടെ ചിത്രങ്ങൾ എപ്പോൾ കണ്ടാലും വല്ലാത്ത നഷ്ടബോധം തോന്നും. അവൾ എന്നും കൂടെയുണ്ടായിരുന്നെങ്കിൽ ഇതുപോലെ ഒരുപാട് ഓർമ്മകൾ ഉണ്ടാക്കാമായിരുന്നു എന്ന് കരുതും. പക്ഷെ കഴിയില്ലല്ലോ. ആ ട്രിപ്പ് ഒരു യാത്ര മാത്രമായിരുന്നില്ല. ഞങ്ങളുടെ ഹൃദയങ്ങൾ ചേർന്ന് ഒരുമിച്ചുനടന്ന ഒരു പ്രണയവഴി ആയിരുന്നു. കൽവഴികളിലൂടെ നടന്നപ്പോഴും, തണുത്ത കാറ്റിൽ വിരലുകൾ കോർത്തപ്പോഴും, അവളോടൊപ്പമുള്ള കാഴ്ചകൾ എല്ലാം എന്റെ മനസ്സിൽ ഈടായി പതിഞ്ഞു. അവളെ നെഞ്ചോട് ചേർത്തിരുന്ന ആ രാത്രികൾ... അവളുടെ ചിരിയുടെ ശബ്‌ദം... അത്തരം നിമിഷങ്ങൾ ഇനി ഒരിക്കലും വീണ്ടും ഉണ്ടാകില്ല എന്ന ബോധം ഉണ്ട്. 

ഇനി അതുപോലൊരു യാത്ര അസാധ്യം. ഇനി ഒന്നും പഴയ പോലെ ആകില്ല. ഇനി എനിക്ക് പിന്നിൽ അവളും, അവൾക്ക് പിന്നിൽ ഞാനും ചിലപ്പോൾ ഇരുന്നേക്കില്ല. പക്ഷേ ഞങ്ങൾ പങ്കിട്ട ഓരോ നിമിഷവും എന്റെ കൂടെ നിലനിൽക്കും.അവളോടൊപ്പം ഞാനെന്നെ കണ്ടെത്തിയ യാത്രയായിരുന്നു അത്. ഇനി ഒരിക്കലും തിരികെ വരികില്ലെന്നറിയുന്ന യാത്ര.........


*എട്ട്*

അവൾക്ക് അന്ന് ഒരു അവധി ദിവസം ആയിരുന്നു. എനിക്ക് ഈവെനിംഗ് ഡ്യൂട്ടിയും.പൊന്മുടി പോകാൻ ആയിരുന്നു പ്ലാൻ. രാവിലെ അവൾ നെടുമങ്ങാടേക്ക് ബസിൽ വരും. ഞാൻ വീട്ടിൽ നിന്ന് വണ്ടിയുമായി ബസ് സ്റ്റാൻഡിലേക്ക് എത്തി. തലേദിവസം മുതൽ കടുത്ത പനിയായിരുന്നു. രാവിലെ നല്ല മഞ്ഞുമുണ്ട്. ശരീരം നല്ല വിയർക്കുന്നുണ്ട്, തലപൊട്ടുന്ന വേദനയും. പക്ഷേ അവൾക്ക് വാക്ക് കൊടുത്തതാണ്, കൂടെ ചെല്ലാമെന്ന്. ഒട്ടും വയ്യായിരുന്നെങ്കിലും പോകാതിരിക്കാൻ തോന്നിയില്ല. ഇറങ്ങി. നമ്മൾ ഇരുവരും ഒരുമിച്ചുള്ള ആദ്യ പൊന്മുടി ട്രിപ്പ്. ബസ്റ്റാൻഡിൽ നിന്ന് അവളെയും കൂട്ടി പുറപ്പെട്ടു. വിതുരയിൽ വച്ച് ഭക്ഷണവും കഴിച്ചാണ് പൊന്മുടി ഹെയർ പിൻ കയറിയത്. ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ കുടുംബശ്രീയിലെ ചേച്ചിമാരാണ് ടിക്കറ്റ് കൊടുക്കുന്നത്. അവർ വീടുകളിൽ ഉണ്ടാക്കിയ പലഹാരങ്ങളും മേശപ്പുറത്ത് വിൽക്കാൻ വച്ചിട്ടുണ്ട്. കുശലം പറഞ്ഞ ശേഷം വണ്ടി കേറി. ടോപ് എത്തിയപ്പോഴും നമ്മൾ പ്രതീക്ഷിച്ച കോട ഇല്ല. പക്ഷെ നല്ല കാറ്റായിരുന്നു. ആ ദിവസവും ഓർമയിലെ മറ്റൊരു അറയിലേക്ക് മാറ്റി ഞങ്ങൾ ഇറങ്ങി. തിരിച്ചിറങ്ങിയപ്പൾ പനിയുടെ ലക്ഷണങ്ങൾ കുറഞ്ഞു. ചിലർ ചിലപ്പോൾ മരുന്നാകും. വാക്ക് കൊണ്ടും സാന്നിധ്യം കൊണ്ടും. 


ഒടുവിൽ തിരുവനന്തപുരത്തിലെ അവളുടെ അവസാന ദിവസം എത്തി. കാന്തല്ലൂർ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയശേഷം കുറച്ചു ദിവസമേ ബാക്കി ഒള്ളു. ആകെ പ്രതീക്ഷ മൂന്ന് മാസം കഴിഞ്ഞ് തിരികെ വരുമെന്നത് മാത്രം. അവളെയും എന്റെ മനസ്സിനെയും പറഞ്ഞ് ആശ്വസിപ്പിച്ചത് അങ്ങനെയാണ്. മുടി വെട്ടി അതി സുന്ദരിയായി അവൾ നാട്ടിലേക്ക് പോയി. ഇനി തിരുവനന്തപുരത്തേക്ക് വരുന്നത്, ഡൽഹിക്ക് പോകാനുള്ള പെട്ടിയുമായിട്ടായിരിക്കും. തലേ ദിവസവും ഒത്തിരി സംസാരിച്ചു. വിട്ടു പോകാൻ മനസ്സ് അനുവദിക്കുന്നില്ല. എന്റെ അല്ല എന്റെ അല്ല എന്നാവർത്തിച്ചു പറഞ്ഞു മനസിനെ പാകപ്പെടുത്താൻ ശ്രമിച്ചു. ചിലപ്പോൾ ചങ്ങല പൊട്ടിച്ചു കണ്ണീരു പുറത്ത് വരും. വല്ലാത്ത ശൂന്യത ആണ് ഉണ്ടാകാൻ പോകുന്നത്. സ്വയം ചോദിച്ചു. നിന്റേതല്ലാത്ത ഒരാളെ എന്തിന് നീ ഇങ്ങനെ സ്നേഹിച്ചു. ഉത്തരം കണ്ടെത്താൻ ആയിട്ടില്ല. മോർണിംഗ് ഫ്ലൈറ്റ് ആണ്. ചങ്കിടിപ്പ് കൂടുന്നു. ഇനി മണിക്കൂറുകൾ മാത്രമേ എന്റെ ചെക്കൻ ഇവിടെ ഉണ്ടാകൂ. ഒരുമിച്ചു കഴിഞ്ഞ ദിവസങ്ങൾ, പോയ യാത്രകൾ, തമ്മിൽ പറഞ്ഞ് ചിരിച്ച മുഹൂർത്തങ്ങൾ, എല്ലാം മിന്നി മറഞ്ഞു പോയി. നേരെ എയർപോർട്ടിലേക്ക് വിട്ടു. ഒന്ന് കെട്ടിപ്പിടിക്കാൻ പോലും, മനസ് തുറന്ന് ഒരു യാത്ര പറയാൻ പോലും ആകാത്തൊരു സന്ദർഭം. അവളുടെ കുടുംബം കൂടെ ഉണ്ട്. കണ്ടതും ഓടി വന്നു. കൈ തന്നു. ആൾ ദി ബെസ്റ്റ് പറഞ്ഞു. കണ്ണിൽ നോക്കി നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞോള്ളൂ. കൈയിലെ ചൂട് വിട്ടു പോയപ്പോൾ ഹൃദയത്തിൽ ചോര പൊടിഞ്ഞ പോലെ. കരച്ചിൽ അടക്കി പിടിച്ചു. അവളുടെ മുന്നിൽ അന്നുവരെ കരഞ്ഞിട്ടില്ല. കാണേണ്ട എന്ന് കരുതി. ദൂരെ മാറി നിന്ന് അകത്തേക്ക് കയറി പോകുന്നതും നോക്കി നിന്നു. എന്റെ പ്രാണന്റെ പകുതി ആയിരുന്നു ആ സമയം ആ ഡിപ്പാർചർ ഗേറ്റ് വഴി അകത്തേക്ക് നടന്ന് പോയത്. ഒന്ന് പിടിച്ചു നിർത്താൻ പോലും ആകാതെ നിസ്സഹായനായി നോക്കി നിൽക്കാനേ കഴിഞ്ഞോളു. മൂന്ന് മാസമല്ലേ, പെട്ടെന്ന് പോകും എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. അതിനേക്കാൾ ആയിരം വട്ടം പോകല്ലേ എന്ന് മനസ് കൊണ്ടു പറഞ്ഞ് സ്വയം പറഞ്ഞു. അവൾ പോയി.... ശൂന്യത മാത്രമായിരുന്നു.. നെഞ്ചിൽ വല്ലാത്ത നീറ്റൽ. തീരികെ പോരുമ്പോൾ ആ വണ്ടിയിൽ അവളില്ല.ഇനി ഉണ്ടാകുമോ എന്നുറപ്പില്ല. ഡൽഹിയിൽ പോകുമ്പോൾ ഇതൊക്ക മറക്കും.പുതിയ സുഹൃത്തുക്കളെ കിട്ടും. കാലം കടന്നു പോകും. അപ്പോൾ ഞാൻ നിനക്ക് വെറുമൊരു പരിചയക്കാരൻ മാത്രം ആകും. ഇങ്ങനെ ഒക്കെ തമാശക്ക് പറയുമായിരുന്നു. ഈ ബോണ്ടിങ് എങ്ങനെ രൂപപ്പെട്ടു. കഷ്ടിച്ച് 50 ദിവസങ്ങൾ മാത്രം ഒരുമിച്ചു ഒരു നഗരത്തിൽ ഉണ്ടായിരുന്നിരിക്കണം. ഒരുമിച്ചു ജോലി പോലും ചെയ്യുന്നില്ല. എന്നിട്ടും എങ്ങനെ അടുത്തു. ശങ്കുമുഖത്തുകൂടെ എത്രയോ വട്ടം ഞങ്ങൾ രാത്രിയും വൈകുന്നേരവും പോയിരിക്കുന്നു. വെട്ടുകാടും,വേളിയും, മുതലപൊഴിയും വഴി പോയ ദിവസങ്ങൾ എത്ര. ബൈപാസിലൂടെ എത്രയോ മഴ നനഞ്ഞു വണ്ടി ഓടിച്ചിരിക്കുന്നു. കോവളത്തെ മണലിൽ ഇരുന്ന് എത്രയോ വട്ടം കടല കൊറിച്ചു. എത്രയോ രാത്രികൾ നമ്മൾ കരമന പോയി ഷേക്കും ജ്യൂസും കുടിച്ചിട്ടുണ്ട്. പാതിരാത്രി നട്ടപ്രാന്തിളകി എന്റെ വീട്ടിലേക്കും ഞാൻ അവളെ കൊണ്ടുപോയി. ഈ ജന്മത്ത് മറക്കാൻ ആവാത്ത ഓർമകൾ സമ്മാനിച്ച അവളാണ് ഒന്ന് കെട്ടിപിടിച്ചു യാത്ര പറയാൻ പോലും ആകാതെ പോകുന്നത്. ഒരു വീഡിയോ കാളിൽ അവൾ കരയുന്നുണ്ടായിരുന്നു. ഞാനും. തിരുവനന്തപുരം നഗരവും ഞാനും ഒറ്റപ്പെട്ട പോലെ. തനിച്ചാക്കി പ്രിയപ്പെട്ടവൾ മടങ്ങി. പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. എന്റേത് അല്ലെങ്കിലും, അങ്ങനെ ആയിരുന്നെങ്കിൽ എന്ന് എത്ര വട്ടം പരസ്പരം മനസ് തുറന്നിട്ടുണ്ട്. എന്തിനായിരിക്കും ഇത്ര വൈകി അവൾ വന്നത്. ഞാൻ മനസമാധാനത്തോടെ കഴിഞ്ഞിരുന്നതല്ലേ. പോകാൻ ആണെങ്കിൽ പിന്നെന്തിനാ ഇത്ര അടുപ്പിച്ചത്. വിട്ടുകളയാൻ ആണെങ്കിൽ എന്തിനാ ഇത്ര കൊതിപ്പിച്ചത്. എനിക്ക് തന്നൂടെ ആയിരുന്നോ. ഞാൻ നോക്കില്ലായിരുന്നോ കണ്ണിലെ കൃഷ്ണമണി പോലെ. ഓഫിസിൽ എത്തിക്കഴിഞ്ഞും പിന്നെയും ദിവസങ്ങൾ വേണ്ടി വന്നു ആ വേർപാടിൽ നിന്നും മുക്തനാകാൻ. ഡൽഹിയിൽ എത്തി ഓരോ മണിക്കൂറും അവൾ വിളിക്കും. കൂടെ ഉണ്ടാകുമെന്ന് വാക്ക് കൊടുത്തതല്ലേ. ഉണ്ടായിരുന്നു. പിന്നെ അതിന്റെ ആവശ്യം അവൾക്ക് ഉണ്ടാകില്ലെന്ന് അറിയാം. സമയം അങ്ങനെയാണ് എല്ലാം മുറിവുകളും ഉണക്കും. എല്ലാ വേർപാടുകളും സാധാരണമാകും. 

കണ്ണ് നിറഞ്ഞിട്ട്  എഴുതി പൂർത്തിയാക്കാൻ പ്രയാസപ്പെട്ട അധ്യായം 

*ഒൻപത്*

ഒരു വലിയ ശൂന്യത, ഏകാന്തത ഇതാണ് അവൾ പോയതിൽ പിന്നീട് കുറേ ദിവസം അനുഭവപ്പെട്ടത്. പിന്നിട്ട വഴികൾ,പങ്കുവയ്ക്കപ്പെട്ട ഓർമകൾ. ദിവസങ്ങൾക്ക് നീളമില്ലാതായി. ഓരോ നിമിഷവും ഓരോ യുഗമായി തോന്നി. ഉണരുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും അവളുടെ ഓർമ്മകൾ . ഒരു മെസേജിനപ്പുറം അവളുണ്ടായിരുന്നെങ്കിലും.ജോലിക്കിടയിലും കൂട്ടുകാരുമായി സംസാരിക്കുമ്പോഴും ചിരി മായുന്ന എന്റെ മുഖം എന്നെത്തന്നെ അസ്വസ്ഥനാക്കി. എല്ലാ സന്തോഷങ്ങൾക്കും ഒരു മങ്ങലേറ്റ പോലെ.ഫോൺ കോളുകളും വീഡിയോ കോളുകളുമായിരുന്നു പിന്നെ ഏക ആശ്വാസം. അവളുടെ ശബ്ദം കേൾക്കുമ്പോൾ, ഒരു നിമിഷത്തേക്കെങ്കിലും ആ ശൂന്യത മാറും. പക്ഷേ, കാൾ കട്ട് ചെയ്യുമ്പോൾ വീണ്ടും അതേ അവസ്ഥ. അവൾ വരുമായിരുന്ന വഴികളിലേക്ക് നോക്കി എത്ര നേരം നിന്നിട്ടുണ്ടെന്നെനിക്കറിയില്ല. ഒരു യാത്ര പോകാൻ പദ്ധതിയിടുമ്പോഴും, ഇഷ്ടപ്പെട്ടൊരു സിനിമ കാണുമ്പോഴും, പുതിയൊരു പാട്ട് കേൾക്കുമ്പോഴും എല്ലാം അവളുടെ സാമീപ്യം വല്ലാതെ ആഗ്രഹിച്ചു.ചിലപ്പോൾ ഒരുപാട് ദേഷ്യം തോന്നിയിട്ടുണ്ട്, ഈ സാഹചര്യത്തോട്. മറ്റു ചിലപ്പോൾ എല്ലാം സാധാരണമാവുമല്ലോ എന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ദിവസങ്ങൾ എണ്ണിയെണ്ണി കാത്തിരുന്നു. അവൾ തിരിച്ചുവരുന്ന ആ ദിവസത്തിനായുള്ള കാത്തിരിപ്പ്. ഈ വേർപാട് എന്റെ ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു. സ്നേഹത്തിന്റെ ആഴം, വില, ഒറ്റപ്പെടലിന്റെ വേദന എല്ലാം ഞാൻ അനുഭവിച്ചറിഞ്ഞു. മറ്റൊരിടത്ത് അവൾ ചേക്കേറിയപ്പോൾ ഒരു വിളിക്കപ്പുറം ഞാൻ കൂടെ ഉണ്ടായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം.ആത്മാർത്ഥമായി കൂടെ ഉണ്ടായിരുന്നു. അവളെ മിസ്സ്‌ ചെയ്യുമ്പോൾ വിളിക്കാൻ തോന്നിയില്ല. മനപ്പൂർവം വിളിച്ചില്ല. ജോലി ചെയ്യുമ്പോൾ, രാത്രികളിൽ ഒക്കെ അങ്ങനെ തുടർന്നു. പല തവണ വിളിക്കാനായി ഫോൺ എടുത്തു. ഒന്ന് അവളെ വിളിച്ചാലോ. ശബ്ദം കേൾക്കണം, വിശേഷങ്ങൾ അറിയണം. പക്ഷെ , വിളിച്ചില്ല. ഒന്നല്ല, പലതവണ. അതിനൊരു കാരണം ഉണ്ടായിരുന്നു.അവളുടെ പേഴ്സണൽ സ്പേസ്.പുതിയ ജോലി തുടങ്ങിയിരിക്കുകയാണ്. പുതിയ ചുറ്റുപാടുകൾ, പുതിയ ഉത്തരവാദിത്തങ്ങൾ, പുതിയ ജീവിതം. അവൾ ഈ മേഖലയിൽ വലിയ ഉയരങ്ങളിലേക്ക് പറക്കണമെന്ന് ഉള്ളുകൊണ്ട് ആഗ്രഹിച്ചു. അതിന് എനിക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം ഇതായിരുന്നു. അവൾക്ക് കിട്ടുന്ന സമയം മുഴുവൻ അവളുടെതായിരിക്കാൻ ഞാൻ അനുവദിക്കണം.ഞാൻ വിളിച്ചോ എന്നതിൽ കാര്യമില്ല. അവൾക്ക് ആവശ്യമുള്ളപ്പോൾ കൂടെ ഉണ്ടാകണം. അത്രെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. അവസാനം ഗുഡ് ബൈ പറഞ്ഞു പോകുന്നവരെ അങ്ങനെ മാത്രെ പാടുള്ളു. അവളുടെ ഓരോ ദിവസവും സമാധാനത്തോടെ ആയി തീരണമെങ്കിൽഎന്നെ കുറിച്ചുള്ള ചിന്തകൾ മറക്കണം. ഞാനവളെ കാത്തിരിക്കുന്നത് സ്നേഹം കൊണ്ടാണ്.അല്ലാതെ സ്വാർത്ഥത കൊണ്ടല്ല. വിലപ്പെട്ട ആ സ്‌നേഹം, അവളുടെ സ്വാതന്ത്ര്യത്തെയും ഭാവിയെയും മാനിക്കാതെ എങ്ങിനെയാണ് ഞാൻ പ്രകടിപ്പിക്കേണ്ടത്. ഞാൻ അവളെ സ്‌നേഹിക്കുന്നത് പോലെ തന്നെ, വിലമതിക്കുന്നുമുണ്ട്. അതിന്റെ ഒരു ചെറിയ തെളിവ് മാത്രമാണ് ഞാനവളെ വിളിക്കാതെ കാത്തിരുന്നത്. വിട്ടുകളഞ്ഞതല്ല, ഈഗോ അല്ല. സ്നേഹം മാത്രമായിരുന്നു. പക്ഷേ അവളുടെ മനസ്സിൽ ഒരിക്കലും ഞാൻ വിട്ടുപോയില്ല. എന്നെ പോലും അത്ഭുതപ്പെടുത്തി എല്ലാ വൈകുന്നേരങ്ങളിലും അവൾ വിളിക്കും. കിട്ടുന്ന സമയങ്ങളിൽ ഒക്കെ ആയിരുന്നു ആദ്യം. അവളുടെ വിളിക്കായി ഞാനും കാത്തിരുന്നു. അങ്ങോട്ട് വിളിച്ചില്ല. . ഇനി വിളിച്ചിട്ടുണ്ടെങ്കിൽ, മെസ്സേജ് അയച്ചിട്ടുണ്ടെങ്കിൽ എന്റെ മനസിനെ കടിഞ്ഞാണിടാൻ എനിക്ക് പോലും പറ്റാത്തപ്പോൾ മാത്രമാണ്. എന്റെയും അവളുടെയും ഓരോ ദിവസങ്ങൾ പരസ്പരം പറഞ്ഞും, നടക്കാത്തത് സ്വപ്‌നം കണ്ടും വീണ്ടും കണ്ടുമുട്ടുമ്പോൾ പോകേണ്ട ഇടങ്ങളെ കുറിച്ചുമൊക്കെ സംസാരിച്ചും ദിവസങ്ങൾ കടന്നു പോയി. ആഴ്ചകൾ മാസങ്ങൾക്ക് വഴി മാറി. അടുപ്പം കൂടിയതേ ഉണ്ടായുള്ളൂ. ഫെബ്രുവരി അവസാനത്തോടെ അവളുടെ ട്രാൻസ്ഫർ ഓർഡർ വരുമെന്നാണ് കരുതിയത്. അതുണ്ടായില്ല അവളുടെ ഡൽഹി ജീവിതം പിന്നെയും നീണ്ടു. തിരിച്ചുവരാൻ ആകില്ലെന്ന് അറിഞ്ഞ ദിവസം എന്നെ വിളിച്ചു ഒരുപാട് കരഞ്ഞു. സങ്കടം തോന്നി പക്ഷേ അവളുടെ കരിയറിന് അത് നല്ലതാണെന്ന് തോന്നി. പക്ഷേ മാർച്ച് 10ന് എന്റെ പെരുന്നാൾ ദിവസം അവൾ വരുമെന്ന് പറഞ്ഞു. നീ എന്തിനാടാ ചെക്കാ അന്ന് വരുന്നത് ഇത്രയും കാശു മുടക്കി. ഞാൻ നിന്റെ ജീവിതത്തിൽ ആരാണ്. ഇതാണ് സത്യത്തിൽ മനസ്സിൽ തോന്നിയത്. എന്നെ കാണാം കൂടെ വീട്ടുകാരെയും കാണാം. അങ്ങനെയാണ് അവൾ പറഞ്ഞത്. അവളെ കാണുന്നതിൽ സന്തോഷമേയുള്ളൂ. സത്യത്തിൽ അവളുടെ വരവിനായി ഓരോ ദിവസം ഞാൻ കാത്തിരിക്കുകയായിരുന്നു.  

*പത്ത്*

കാലത്തെയും ദൂരത്തെയും അതിജീവിച്ചൊരു സ്‌നേഹത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. അവളുമായി ഒരുപാട് ഓർമ്മകൾ, സ്വപ്നങ്ങൾ, നിശബ്ദതകളിൽ നമ്മൾ പങ്കിട്ട അതുല്യമായ അടുപ്പം.അവളെ വീണ്ടും കാണാൻ പോകുന്നു. മാർച്ച്‌ 10. അന്ന് എന്റെ പിറന്നാൾ ആണ്. ആ ദിവസം ആണ് അവൾ തെരെഞ്ഞെടുത്തത്. ശെരിക്കും ഇഷ്ടം ഉള്ളത് കൊണ്ടാണോ. അതോ വെറും ഷോ ആണോ. ഇഷ്ടം ആയിരിക്കും. എനിക്ക് അവളോട്‌ ഉണ്ടായിരുന്നത് കലർപ്പില്ലാത്ത സ്നേഹം ആയിരുന്നു. രാത്രി 12 മണി കഴിയുമ്പോൾ വിമാനം ലാൻഡ് ചെയ്യും. ഓഫീസിൽ സുഹൃത്തിന്റെ കാറും എടുത്തു ഞാൻ നേരെ വിമാനത്താവളത്തിൽ എത്തി. 

വിമാനത്താവളത്തിൽ കാത്തുനിൽക്കുന്ന ഓരോ നിമിഷവും എന്റെ ഉള്ളിൽ പതിനായിരം ചോദ്യങ്ങളായി പടർന്ന് നിന്നു. അവളെ കാണുന്നതിലെ എക്സൈറ്റ്മെന്റ് അത്രത്തോളം ഉണ്ടായിരുന്നു. അവൾ പുറത്തിറങ്ങി വന്നപ്പോൾ, ആ തിരക്കിന്റെ നടുവിൽ പോലും അവളെ തിരിച്ചറിയാൻ എനിക്ക് ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ.. അവളിൽ നിന്നൊരു ചിരി,കാലം പോലും തളർത്താൻ കഴിയാത്ത ഒരു ചിരി, എന്റെ ഉള്ളിൽ വീണ്ടും ജീവൻ ഉണ്ടാകുന്നത് പോലെ തോന്നി.അവളെ വീണ്ടും കണ്ടു. കെട്ടിപിടിച്ചു. നെഞ്ചോട് ചേർത്തുനിർത്തി. എന്തുമാത്രം കൊതിച്ചതാണെന്നോ. ആ നിമിഷം ഞാൻ വീണ്ടും ജീവിക്കാൻ തുടങ്ങിയ പോലെ തോന്നി.അവളെ നോക്കി ഞാൻ ചിന്തിച്ചു. ഇതാ, എന്റെ ഹൃദയം തന്നെ പുനഃസൃഷ്ടിയായി എന്റെ മുന്നിൽ വീണ്ടും വന്നു നിൽക്കുന്നു. അവളെ കണ്ട് ഒന്നും പറയാൻ കഴിഞ്ഞില്ല. എടാ ചെക്കാ നിന്നെ എന്ത് മാത്രം മിസ്സ്‌ ചെയ്യുന്നു എന്നറിയാമോ. ചോദിക്കണം എന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. അവളെ കാണാനായില്ലെങ്കിൽ, എന്റെ ഉള്ളിലെ ആ ഭാഗം ഒരിക്കലും നിറയില്ല. ഞങ്ങൾ വീണ്ടും പഴയതുപോലെ കണ്ടുമുട്ടി. നഗരത്തിലൂടെ രാത്രി കാറോടിച്ച് നടന്നു. പരസ്പരം സന്തോഷവും സങ്കടവും പ്രകടിപ്പിച്ചു. ഉമ്മവെച്ചു. ഒരുമിച്ച് വീണ്ടും ഒരു ശരീരവും ഒരു മനസ്സുമായി ചേർന്നു. അന്ന് രാത്രി നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. നമ്മൾ ആഗ്രഹിച്ച പോലെ ഒരു ദിവസം. ആഗ്രഹിക്കാത്ത ചിലതും നടന്നു. പിറ്റേന്ന് അവളെ വീട്ടിൽ കൊണ്ട് ചെന്നാക്കി. കൊല്ലത്ത് അവളെ കൊണ്ടാക്കി യാത്ര പറയുമ്പോൾ എന്റെ കണ്ണുനിറഞ്ഞു. അത്രയധികം ഞാൻ അവളെ സ്നേഹിക്കുന്നുണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത് അന്നാണ്. രണ്ടുദിവസം കഴിഞ്ഞ് ആറ്റുകാൽ പൊങ്കാലയാണ്. അന്ന് അവൾ വീണ്ടും വന്നു. ഔദ്യോഗിക ജീവിതത്തിലെ മോശം ദിവസം കഴിഞ്ഞ് ഞാൻ അവളെ കാണാൻ പോയി. ഒരു സാരിയുടുത്ത് സുന്ദരിയായാണ് അവൾ പൊങ്കാലയിട്ടത്. അവൾ എന്റേതായിരുന്നെങ്കിൽ എന്ന് ഞാൻ അപ്പോൾ ചിന്തിച്ചു. കുറെ നേരം അവിടെ നിന്ന് സംസാരിച്ചു ഒരു ഫോട്ടോയും എടുത്തു ഞാൻ തിരിച്ചു പോയി. അവൾ തിരിച്ചു ഡൽഹിക്ക് പോകുന്നതിന് രണ്ടുദിവസം മുമ്പ് വീണ്ടും തിരുവനന്തപുരത്ത് വന്നു. ഞങ്ങൾ ഒരുപാട് നേരം കണ്ടു സംസാരിച്ചു. ആസാദില്‍ പോയി ബിരിയാണി കഴിച്ചു. റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിടാൻ നേരം അവളുടെ കണ്ണ് നിറഞ്ഞു എന്റെയും. ഇനിയെന്നാണ് കാണുക എന്ന് പോലും ഒരു പിടിയുമില്ല. പിറ്റേന്ന് അവൾ തിരുവനന്തപുരം വീണ്ടും വിടുകയാണ്. ഡൽഹിക്ക് പോവുകയാണ്. അന്ന് പുലർച്ചയായിരുന്നു ഫ്ലൈറ്റ്. രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ ഡ്യൂട്ടി ഉണ്ട്. അവൾ വിളിക്കില്ല എന്നാണ് പറഞ്ഞത്. അതുകൊണ്ട് ഫോൺ സൈലന്റ് ആക്കി കിടന്നുറങ്ങി. അവൾ ഡൽഹിയിൽ എത്തിയതിനുശേഷം ആണ് ഞാനും ഉണർന്നത്. അവൾ ഒരുപാട് തവണ വിളിച്ചിരുന്നു. എനിക്ക് എടുക്കാൻ കഴിഞ്ഞില്ല. അവസാനമായി എന്റേത് മാത്രമായ ചെക്കനോട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല. ഒരുപാടു വിഷമം തോന്നി. അണയുന്നതിന് മുൻപുള്ള ആളിക്കത്തൽ ആയിരിക്കും ഈ കൂടിക്കാഴ്ച എന്ന് ഞാൻ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സത്യമായിട്ടും എനിക്ക് അവളോടുള്ള പ്രണയം നിഷ്കളങ്കമായിരുന്നു. ആത്മാർത്ഥമായിരുന്നു. ഇനി എഴുതണോ എന്നെനിക്കറിയില്ല. 

 തുടരും


*പാതഭേദം*

പാതഭേദം എന്നാൽ വഴിമാറ്റം എന്നാണ് അർഥം. ജീവിതത്തിന്റെ വഴിയിൽ വന്ന വലിയൊരു മാറ്റം. അങ്ങനെ ഞങ്ങളുടെ മനോഹരമായ കഥയിലും അത് സംഭവിച്ചു. ഈ കഥ എഴുതി തുടങ്ങിയത് പൂർത്തിയാക്കാൻ ആയിരുന്നു.ഇടയ്ക്ക് വേണ്ടെന്ന് വച്ചു. തുടർച്ചയുടെയും അവസാനത്തിന്റെയും ഇടയിൽ എവിടെയോ കുരുങ്ങി കിടപ്പായിരുന്നു ഇത്രയും നാൾ. ഞാൻ എഴുതുന്നത് കൊണ്ടു ഇതിലെ ശരികൾ എന്റേത് മാത്രം ആണ്. അഭിപ്രായങ്ങളും, തോന്നലും എല്ലാം വ്യക്തിപരം. എതിർവശത്തും ശെരികൾ ഉണ്ട്. ന്യായം ഉണ്ട്. ഈ കഥ അവസാനിക്കല്ലേ എന്നായിരുന്നു ആഗ്രഹം. അല്ലെങ്കിൽ ഇങ്ങനെ ഒരു പര്യവസാനം ആയിരുന്നില്ല ആഗ്രഹിച്ചത്. ഒരുപാടു ശ്രമിച്ചു നോക്കി. പക്ഷെ മനസിന് വല്ലാതെ മുറിവേറ്റു. അവഗണിക്കപ്പെട്ടു, അപമാനിക്കപ്പെട്ടു. അത് ജീവചക്രം പോലെ തുടരുന്നു. അങ്ങനെ ഒരു മനസുമായി ഒട്ടും ആത്മാർഥത ഇല്ലാതെ ഇത് തുടരുന്നത് എന്നോട് ചെയ്യുന്ന തെറ്റാണു. അതുകൊണ്ട് മാത്രമാണ് ഈ കഥ എഴുതി പൂർത്തിയാക്കാൻ തീരുമാനിച്ചത്. ഇത് നീ മാത്രമേ വായിക്കുക ഉള്ളു. ഒന്നും ആവശ്യപ്പെടാൻ എനിക്ക് നിന്റെ മേലിൽ അധികാരം ഇല്ല. അങ്ങനെ തന്നെയാണ് ഇതുവരെ തുടർന്നതും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ആകെ ചെയ്യാൻ കഴിയുന്നത് സ്വയം പിൻവാങ്ങുക എന്നത് മാത്രം ആണ്. നീ ചെയ്യുന്നത് എല്ലാം നിന്റെ ശരികൾ ആണ്. അതിൽ ചിലതിനോട് എനിക്ക് എതിർപ്പുണ്ട് , വിയോജിപ്പുണ്ട്. ചില കാര്യങ്ങൾ അറിഞ്ഞപ്പോൾ ഞാൻ പ്രതികരിച്ച രീതി എന്റെ പക്വത കുറവ് കൊണ്ട് മാത്രമാണ്. അതിന് ക്ഷമ ചോദിക്കുന്നു. കാരണം നീ ചെയ്‍തത്, ചെയ്യുന്നത് നിന്റെ ശരികൾ ആണ്. നിനക്ക് സന്തോഷം തരുന്നത് മാത്രമാണ്. നിന്റെ ജീവിതം ആണ്. ഇനി അതിലേക്ക് ഞാൻ കടന്നു വരില്ല എന്ന് മാത്രം മനസ്സിലാക്കുക.വാദിച്ചു ജയിക്കാനോ, തർക്കിക്കാനോ, ഞാൻ ശ്രമിക്കുന്നില്ല. നീയും ശ്രമിക്കരുത്. പറയാൻ പറ്റാത്തത് എഴുതിയാൽ തെളിയുമായിരിക്കും. അതുകൊണ്ട് എഴുതുന്നു. അത്രേയുള്ളൂ. ഒരു സുഹൃത്ത് ആയിട്ടെങ്കിലും തുടരാമോ എന്ന് നീ ചോദിച്ചിട്ടുണ്ട്. പറ്റില്ല എന്നാണ് എന്നും എന്റെ ഉത്തരം. പ്രകടിപ്പിക്കാകാതെ സ്നേഹം ഉള്ളിൽ ഒതുക്കി ഒരു സുഹൃത്ത് മാത്രമായി നിന്നെ കാണാൻ എനിക്ക് വിഷമം ഉണ്ട്. നിനക്ക് അത് പറ്റുമായിരിക്കും. പിന്നെ ഒരിക്കൽ നീ ചോദിച്ചിട്ടുണ്ട് എന്നെ നീ വേദനിപ്പിച്ചോ എന്ന്. സത്യത്തിൽ ഉണ്ട്. ഇപ്പോഴും ചെയ്‌തുകൊണ്ടിരിക്കുന്നു. അത് തിരിച്ചറിയാൻ നിനക്ക് സാധിക്കുന്നില്ല എന്ന് മാത്രം. ഈ കഥ അവസാനിക്കുമ്പോൾ ഞാൻ എന്റെ ഭാഗം വ്യക്തത വരുത്തും. അത് മാത്രമേ എനിക്ക് സാധിക്കൂ. നിന്നെ ഇപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല. അല്ലെങ്കിൽ ഞാൻ മനസ്സിലാക്കിയത് ഒന്നുമല്ല അല്ല നീ. ആ തിരിച്ചറിവ് വൈകി വന്നു എന്ന് മാത്രം. വീണ്ടും ആവർത്തിക്കുന്നു. ഈ കഥയിൽ പറയുന്നത് ചിലപ്പോൾ എന്റെ സങ്കൽപം ആയിരിക്കാം. പക്ഷെ അങ്ങനെ ഒരു അവസ്ഥ നമ്മൾക്ക് ഇടയിൽ വന്നല്ലോ എന്നോർത്തു എനിക്ക് വിഷമം ഉണ്ട്. 

Our love was once as pure as a serene stream, but now it's like the harsh sea. കഥയുടെ അവസാനം ഇങ്ങനെ തുടങ്ങാം എന്ന് കരുതി. 


*നിങ്ങളുടെ ചിരി നഷ്ടപ്പെട്ട ഇടത്തേക്ക് ഒരിക്കലും തിരിച്ചു പോകാതിരിക്കുക*

അവൾ തിരുവനന്തപുരം വിട്ടുപോയിട്ട് ഒരുപാട് മാസങ്ങൾ കഴിഞ്ഞു. എന്നാലും ഓർമ്മകളുടെ ഇടവേളയിൽ ഞാൻ ഒട്ടും മാറിയില്ല.വീണ്ടും അടുക്കണം എന്ന് മാത്രമേ തോന്നിയുള്ളു. രണ്ടാമതും വന്നു പോയ ശേഷം അവളുടെ ഡൽഹി ജീവിതത്തിൽ പുതിയ മാറ്റങ്ങൾ വന്നിരുന്നു. ഞാൻ അറിഞ്ഞിരുന്നില്ല എന്ന് മാത്രം. പറഞ്ഞില്ല. പക്ഷെ ഞാൻ ഓർത്തത് മറ്റൊന്നായിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന കാലം. അതൊരു സ്വപ്നം പോലെ മനോഹരമായിരുന്നു. നീളുന്ന രാത്രികളിൽ ഉറക്കം മറന്നുള്ള സംസാരം, കൈകോർത്ത് നടന്ന വീഥികൾ. അതെ, ആ പ്രണയത്തിന് സാക്ഷികൾ ഉണ്ടായിരുന്നില്ല, ഞങ്ങളൊഴികെ.അവൾക്ക് ജോലിയിൽ ഉണ്ടാകുന്ന ഓരോ വളർച്ചയും എന്റെ കൂടി അംഗീകാരം ആയിട്ടാണ് തോന്നിയത്. ദൂരെ ആണെങ്കിലും നാട്ടിൽ വരാൻ പറ്റുന്നില്ലെന്ന വിഷമം എന്റേത് കൂടെ ആയി മാറി. ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ പല തവണ പറഞ്ഞത് ഓർക്കുന്നു. എന്റെ സാമീപ്യം അവൾക്ക് സന്തോഷം നൽകുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ഒരിക്കലെങ്കിലും എനിക്ക് അങ്ങനെ ചെയ്തു കൂടാ. ഇങ്ങനെ പല തവണ ചിന്തിച്ചു. എന്റെ പിറന്നാളിന് ഡൽഹിയിൽ നിന്ന് ഫ്ലൈറ്റ് പിടിച്ചു വന്നതല്ലേ. തിരിച്ചു അവൾക്കായി എന്തെങ്കിലും ചെയ്യണ്ടേ. പല തവണ ചിന്ദിച്ചതാണ്. പക്ഷെ അങ്ങനെ ചെയ്‌താൽ ഞാൻ ഡൽഹിയിൽ തളയ്ക്കപ്പെട്ടു പോയാലോ. വേണ്ട പിന്നെ ആകാം. തത്കാലം ഒരു ഫോൺ കോളിന് അപ്പുറം എന്ത് ആവശ്യത്തിനും ഞാൻ ഉണ്ടല്ലോ. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം അകലങ്ങൾ മറികടക്കും എന്ന് വിശ്വസിച്ചു. ഏറ്റവും നല്ല സുഹൃത്തും കൂടി ആയിരുന്നു അവൾ എനിക്ക്. പല മാസം കഴിഞ്ഞ്, ഞാൻ അവളെ കാണാൻ വീണ്ടും ആ നഗരത്തിലേക്ക് പോയി. മെയ്‌ 8 ആയിരുന്നു ആ ദിവസം. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷം നടക്കുന്ന സമയം. തിരുവനന്തപുരം ബ്യുറോയിൽ കാര്യമായ ജോലി ഒന്നുമില്ല. ഡൽഹിയിൽ ആണ് വാർത്ത മുഴുവൻ. തിരക്കിനിടയിൽ അവൾ വിളിക്കും, വിശേഷങ്ങൾ പറയും. രാത്രി വൈകിട്ട് ശല്യം ആകാതിരിക്കാൻ അങ്ങോട്ട് വിളിച്ചു ബുദ്ധിമുട്ടിക്കാറില്ല. എന്നാലും അവൾ ഇങ്ങോട്ട് വിളിക്കും. മിസ് യു പറയും. പഹൽഗാം ആക്രമണം നടന്നതിനു പിന്നാലെ എല്ലാ ചാനലുകളും യൂണിറ്റ് കാശ്മീരിലേക്ക് വിട്ടിരുന്നു. ആ സമയത്തും അവൾ വിളിച്ചിരുന്നു. വലിയ കരച്ചിലോടെ ഡൽഹി മടുത്തു എന്നൊക്കെ പറഞ്ഞു. പെട്ടെന്ന് എന്ത് പറ്റിയെന്നു എനിക്ക് തോന്നാതിരുന്നില്ല. ഈ സമയത്ത് അവളുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് സത്യത്തിൽ ആഗ്രഹിച്ചു. പലപ്പോഴും ആ റൂമിൽ താനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ പറയുമായിരുന്നു. ആത്മാർത്ഥതയോടെയാണ് എന്നാണ് കരുതിയത്. പഹൽഗാം സമയത്തെ ഏകാന്തതയുടെ കാരണവും മറ്റൊന്നായിരുന്നു. അതും ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ സാന്നിധ്യം അവളെ സന്തോഷിപ്പിക്കുമെങ്കിൽ താത്കാലികമായിട്ടെങ്കിലും അത് ചെയ്യണം എന്ന് തോന്നി. അങ്ങനെ സംഘർഷം തുടങ്ങുന്ന സമയത്ത് ഒരു അവസരം വന്നു. മെയ് 8 ആണ് ജീവിതത്തിന്റെ ഗതി മാറ്റിയ ആ നശിച്ച ദിവസം. അവളോട്‌ ഞാൻ സംസാരിച്ചിരുന്നു. കൂടെ ഉള്ളവരെയൊക്കെ കാശ്മീരിലേക്ക് പോകാൻ ആയി വിളിക്കുന്നുണ്ട് എന്ന്. ചിലപ്പോൾ ആ വിളി എനിക്കും വന്നേക്കാം. ഞാൻ ഡൽഹിയിൽ വന്നാൽ എങ്ങനെ ഉണ്ടാകും. സന്തോഷം ഉണ്ടാകുമോ. താൻ വാടോ എന്നാണ് കിട്ടിയ മറുപടി. സന്തോഷമേ ഒള്ളു. എന്നാൽ ഒരു ഭാഗ്യ പരീക്ഷണം നടത്തിയേക്കാം എന്നായി. ഇതാകുമ്പോൾ ഡൽഹിയിൽ പോയി അവളെ കാണുകയും ചെയ്യാം. സ്ഥിരമായി നിൽക്കുകയും വേണ്ട. ഇത് മാത്രം ആയിരുന്നു ആലോചിച്ചത്. മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കാതിരുന്നത് എന്റെ മാത്രം പിഴ. ഒരു മെസ്സേജ് ഇട്ടു ദിലീപേട്ടന്. തമാശ പോലെയാണ് ചോദിച്ചത്. താത്കാലികമായി എന്ന് എടുത്തു പറഞ്ഞിട്ടുമുണ്ട്. അന്ന് രാത്രി തന്നെ മറുപടി വന്നു. പിറ്റേന്ന് തന്നെ വിട്ടോളാൻ. അവളുടെ അടുക്കലേക്ക് വീണ്ടും പോകാൻ പറ്റുന്നു. സന്തോഷം അടക്കാൻ സാധിച്ചില്ല. സർപ്രൈസ് കൊടുത്താലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ കരുതി പറയാമെന്നു. രാത്രി തന്നെ അവൾക്ക് മെസ്സേജ് അയച്ചു. ബെഡിൽ ഒരാൾക്ക് കൂടി സ്ഥലം ഉണ്ടോ എന്ന്. തമാശക്ക് ആയിരുന്നു അതും. ഒരു ദിവസം അവിടെ ചിലവഴിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എല്ലാ ദിവസവും ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. സന്തോഷത്തിന് ആയുസ്സ് നിമിഷങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. മുഖം അടച്ചായിരുന്നു അവളുടെ മറുപടി. ഇവിടെ കിടക്കാൻ പറ്റില്ല. പ്രശ്നം ആണ്. 'ഇത്ര കാലം അവൾ പറയാത്തൊരു പുതിയ പ്രതിസന്ധി'. പെട്ടെന്ന് അമ്പരപ്പ് ആണോ സങ്കടം ആണോ ഉണ്ടായതെന്ന് ഓർക്കുന്നില്ല. ഇത് എന്റെ ചെക്കൻ തന്നെയാണോ സംസാരിക്കുന്നെ എന്നാണ് തോന്നിയത്. അപ്പോഴും പോകുന്ന കാര്യത്തെ പറ്റി ഉറപ്പിച്ചു അവളോട്‌ പറഞ്ഞില്ല. പോകാൻ തീരുമാനിച്ചത് തെറ്റായി പോയി എന്നാണ് തോന്നിയത്. നെഞ്ചിൽ എന്തോ കനം. വീർപ്പുമുട്ടൽ. എന്താണെന്ന് മനസിലായില്ല. വീണ്ടും ചോദിച്ചപ്പോൾ അവൾ പറഞ്ഞത് 'ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് എന്നാണ്'. ഒരു തരിമ്പ് കരുണ പോലും ഇല്ലാത്ത വാക്കുകൾ. വേറെ രീതിയിൽ ഒഴിവാക്കാമായിരുന്നു. ഇത് നിഷ്കരുണം ആയിപ്പോയി. എന്റെ ചിരി മാഞ്ഞു. മനസില്ല മനസ്സോടെ ഡൽഹിക്ക് ഫ്ലൈറ്റ് കയറി. എയർപോർട്ടിൽ വരാൻ പറ്റുമോ എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു. ധൈര്യം വന്നില്ല. അകൽച്ചയുടെ തുടക്കം മാത്രം ആയിരുന്നു. വല്ലാത്തൊരു ഭയം പിടികൂടിയിരുന്നു. എന്തിന് വേണ്ടി ആയിരുന്നു ഇങ്ങനെ ചെയ്‌തത് എന്നോർത്തു. ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഡൽഹിയിൽ എത്തി അവൾ വിളിച്ചു. ഏതോ പരിചയമുള്ള ആൾ വിളിക്കുന്നത് പോലെ തോന്നിയുള്ളു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞിട്ടും പരസ്പരം കണ്ടില്ല. എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒരു ദിവസം ഒരു ബൈറ്റ് എടുക്കുന്നതിനു ഇടയിൽ കണ്ടു. വല്ലാത്ത സന്തോഷം തോന്നി. കൂടുതൽ സംസാരിക്കാൻ ഒന്നും പറ്റിയില്ല. പിന്നെ ഒരു ദിവസം രാത്രി ഇന്ത്യ ഗേറ്റിന് മുന്നിൽ കാണാം എന്ന് പറഞ്ഞു. 'പാതഭേദം' തുടങ്ങുന്നത് അവിടെ നിന്നായിരുന്നു.

.*സ്നേഹത്തിന്റെ വിടവാങ്ങൽ*


അപ്രതീക്ഷിതമായിരുന്നു തുടക്കം. ഇതുവരെ എത്തുമെന്ന് കരുതിയില്ല. നന്ദി സ്നേഹിച്ചതിന്, കൂടെ നിന്നതിന്, തല്ലുണ്ടാക്കിയതിന് . നമ്മുടെ സമയം എത്തി. രണ്ടു വഴി പോകേണ്ട സമയം. തെറ്റ് എന്റെ ഭാഗത്ത്‌ എന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. കണ്ടതും, അനുഭവിച്ചതും ഉൾക്കൊള്ളാൻ ഉള്ള പക്വത ഇല്ലാത്തത് കൊണ്ടാകാം. അവൾ എന്നും എനിക്ക് ഏറ്റവും പ്രിയേപ്പെട്ടവൾ ആണ്. അത് അങ്ങനെ അല്ലാതായവാൻ പറ്റില്ല. ഉള്ളിലെ ഭാരം ഇറക്കി വയ്ക്കണം. ഇനിയും സ്വയം മുറിവേൽപ്പിക്കാൻ വയ്യ. തുടരാനും വയ്യ. അത്ര മാത്രം. എനിക്ക് സ്വന്തമാക്കാൻ കഴിയാത്ത പ്രിയപ്പെട്ടവളെ.. With lots of love. വേദനിപ്പിച്ചെങ്കിൽ പൊറുക്കണം. 

.

.

.

ഏറെ കാലത്തിനു ശേഷം വീണ്ടും അടുത്ത് കാണുന്നു. കൈകോർത്തു നടന്നു. പ്രകാശമുള്ള രാത്രി, ആൾക്കൂട്ടം. ഇന്ത്യ ഗേറ്റിന് എതിർവശം. ആ വഴി അങ്ങനെ നടക്കുമെന്ന് ഒരിക്കലും കരുതിയതല്ല. അടുത്ത് കാണാൻ പറ്റിയതിന്റെ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. 

വീണ്ടും അവളുടെ മധുരമുള്ള കടി കിട്ടി. കുറച്ചു ദൂരം നടന്നു. ഒരു നിമിഷം നമ്മൾ വീണ്ടും നമ്മുടെ തിരുവനന്തപുരത്ത് എത്തിയ പോലെ. പെട്ടെന്ന് നഷ്ടപ്പെട്ടതെല്ലാം അടുക്കലേക്ക് ഒഴുകി വന്ന പോലെ. പരസ്പരം കാണാൻ കഴിയാത്തതിന്റെ സങ്കടങ്ങൾ പറഞ്ഞു തുടങ്ങി. എന്റെ വലിയ ആഗ്രഹം ആയിരുന്നു പണ്ട് നമ്മൾ യാത്ര പോയ പോലെ ഡൽഹിയിലും പോകണമെന്ന്. എന്റെ വണ്ടി ഇല്ലെങ്കിലും ആ രാത്രിയിൽ അവളോടൊപ്പം കുറേ ദൂരം ചെലവഴിക്കണം എന്ന് തോന്നി. തിരിച്ചു റൂമിൽ പോകുമ്പോൾ കൂടെ വരാമെന്ന് പറഞ്ഞു. കാറിലോ ബസിലോ എങ്ങനെ ആണെങ്കിലും. മുഖമടച്ചു ആയിരുന്നു മറുപടി. വേണ്ട, പറ്റില്ല. പെട്ടെന്ന് കേട്ടപ്പോൾ പുരികം ചുളിഞ്ഞു. ഇത് മാറ്റാരോ ആണെന്ന് തോന്നി. പാതിരാത്രി എന്റെ വീട്ടിലേക്ക് ധൈര്യ പൂർവ്വം എനിക്ക് പുറകിൽ വന്നവൾ. വീടിനു പുറത്ത് കടക്കാൻ ആകാതെ ടെൻഷൻ അടിച്ചു വിയർത്തു നിന്ന നേരം. ഒരു ദുസ്വപ്നം പോലെ മാത്രം ഓർക്കാൻ ആഗ്രഹിക്കുന്ന ആ രക്ഷപ്പെടൽ. എത്രയോ ദിവസം പാതി രാത്രി വരെ സ്വന്തം ഹോസ്റ്റലിന് മുന്നിൽ എന്നോടൊപ്പം മിണ്ടിയിരുന്നവൾ. ഇത്ര അകലത്ത് ഒരുമിച്ച് കാറിൽ പോകാമെന്നു പറഞ്ഞപ്പോൾ, ഒരു കൈ അകലെ എന്നെ നിർത്തിയതിൽ ആസ്വഭാവികത തോന്നി. സേഫ് അല്ല അത്രെ. എന്നോടൊപ്പം ഒരുമിച്ചു പോകുന്നതിനേക്കാൾ സുരക്ഷ തോന്നുക അവൾക്ക് ഒറ്റയ്ക്ക് പോകുന്നതിന് ആണോ. ഒഴിവാക്കലിന്റെ തുടക്കം ആണ് അതെന്ന് മനസ്സിലാക്കാൻ വലിയ ആലോചന വേണ്ടി വന്നില്ല. നിർബന്ധിച്ചു വഴങ്ങിയില്ല. അത് സുരക്ഷിതമല്ല എന്നൊക്കെ അവൾ പറഞ്ഞൂ. മനസിലായില്ല. ഒടുവിൽ ഞാൻ ഊഹിച്ചത് ആകാം ശെരിയെന്നു കരുതി. എല്ലാം അവസാനിപ്പിക്കാം എന്ന് പറഞ്ഞു. പക്ഷെ അവളെ ഒഴിവാക്കാൻ എനിക്ക് ഒരു കാരണം പോലും ഉണ്ടായിരുന്നില്ല. എന്തെങ്കിലും കാരണം പറയു എന്ന് ആവശ്യപ്പെട്ടു. തനിക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നു കഴിഞ്ഞ മാസം വരെ എന്നാണ് ആദ്യം പറഞ്ഞത്. പക്ഷെ ടോക്സിക് റിലേഷൻ ആയതുകൊണ്ട് മനസ്സുകൊണ്ട് വെറുത്ത വ്യക്തിയാണ് അയാൾ എന്നും. പെട്ടെന്ന് കേട്ടപ്പോൾ വളരെ മോശം തോന്നി. എല്ലാം ഷെയർ ചെയ്തിരുന്ന ഒരു സുഹൃത്ത് കൂടി ആയിരുന്നു ഞാൻ എന്നാണ് കരുതിയത്. തെറ്റ്. അങ്ങനെ ആയിരുന്നില്ല. എനിക്കൊപ്പം ചെലവഴിച്ചിരുന്ന സമയത്തും ആ റിലേഷൻ ഉണ്ടായിരുന്നു അത്രെ. അവസാനിപ്പിച്ചു പോകാമെന്നു കരുതി. വിട ചൊല്ലാം എന്ന് ഞാൻ പറഞ്ഞു. അവളുടെ കണ്ണിൽ ഒരു ഭാവ മാറ്റവും കണ്ടില്ല. കഷ്ടപ്പെട്ട് മുഖത്തു വിഷമം വരുത്തുന്നത് പോലെ. അഭിനയിക്കുകയാണോ. ഉള്ളിൽ സന്തോഷം തോന്നി കാണുമോ. ആ അറിയില്ല. പണ്ട് എയർപോർട്ടിൽ നമ്മൾ പിരിഞ്ഞപ്പോൾ കണ്ട അവളുടെ കണ്ണിൽ സ്നേഹത്തിന്റെ വാത്സല്യം ഉണ്ടായിരുന്നു. പ്രണയത്തിന്റെ വേദന ഉണ്ടായിരുന്നു. ഇന്ന് അതില്ല. ഒരുതരം മരവിപ്പ്. 


 


ഞാനും അവളും ഒരിക്കൽ ഒരേ ദിശയിൽ ആയിരുന്നു. പക്ഷേ, കാലം പടിയിറങ്ങിയപ്പോൾ അവൾ മാറി പോയിരിക്കുന്നു. അതിന്റെ സൂചനകൾ ആയിരുന്നു കുറച്ചു ദിവസങ്ങളായി കണ്ടത്.

ഞാൻ നോക്കി നിന്നു, ചോദിച്ചില്ല. മനസ്സിലാക്കാനായിരുന്നു എന്റെ ശ്രമം.

വിട പറയാം എന്നു ഞാൻ പറഞ്ഞപ്പോൾ, എന്റെ സ്വരം വിറച്ചു.

അവളുടെ കണ്ണുകളിൽ ഒരു ചൂട് പോലും തോന്നിയില്ല. കൈ കൊടുത്തു. അവൾ തിരിച്ചു വിളിച്ചില്ല. ഞാൻ ഒതുങ്ങി നിന്നു, അവൾ മുന്നോട്ട് നടന്നു.തിരിഞ്ഞ് നോക്കുമെന്ന് പ്രതീക്ഷിച്ചു.

പക്ഷേ അവളെ പല വഴികളിലും ജീവിതം മാറ്റിയതായി തിരിച്ചറിഞ്ഞു.

എനിക്ക് അപ്പോഴും അവളെക്കുറിച്ചുള്ള ഓർമകൾ മാത്രമായിരുന്നു. അതിൽ ആഹ്ലാദത്തേക്കാളും അധികം തീവ്രതയുള്ള കത്തുന്ന ശൂന്യത.

അവളെ ഞാൻ വിട്ടയച്ചതല്ല.

അവൾ എന്നെ വിട്ടുപോയതും അല്ല.

അവൾ അകന്നു പോകാൻ പല ദിവസങ്ങളായി ആഗ്രഹിച്ചിരുന്നു. ഞാൻ അതിന് അനുമതി കൊടുത്തു എന്ന് മാത്രം. 


പാർലമെന്റ് ഭാഗത്തേക്ക്‌ ആണ് നടന്നു പോയത്. കുറേ നേരം പ്രതീക്ഷിച്ചു തിരിച്ചു വിളിക്കുമെന്ന്.വിളിച്ചില്ല മറ്റാരെയോ പ്രതീക്ഷിച്ചു നടന്ന് പോയത് പോലെ. ചോദിച്ചില്ല. ചോദിച്ചാലും എന്തെങ്കിലും കളവ് പറയുമെന്ന് ഉറപ്പ്.. ആൺ ഈഗോ മാറ്റിവച്ചു ഞാൻ തന്നെ കീഴടങ്ങി. വിളിച്ചു. തിരിച്ചു വന്നു. 

എന്താ മിണ്ടേണ്ടത് എന്നറിയാതെ കുറേ നേരം നിന്നു. മനസ് രണ്ടാണ്. വേണമെന്നും വേണ്ടെന്നും രണ്ട് അഭിപ്രായം. വേണ്ടെന്ന് വയ്ക്കാൻ തോന്നിയില്ല. പഴയ പോലെ ആയാലോ? ആവാം. എന്തിനാ നിർത്തിയതെന്ന് അവൾ. അറിയില്ല. വീണ്ടും ഒരുമിച്ചു നടന്നു. മനസ്സിൽ ഉരുണ്ടു കൂടിയ ചില സംശയങ്ങൾ ചോദിച്ചു. മറ്റൊരരെങ്കിലുമായി അടുപ്പം ഉണ്ടായോ. ചോദിക്കാൻ പോലും അർഹതയോ, അവകാശമോ ഇല്ലാത്ത ഞാൻ ആ ചോദ്യം അവളുടെ മുന്നിൽ എടുത്തിട്ടത് എന്തിനായിരുന്നു. ഉണ്ടെങ്കിൽ നിനക്കെന്താ എന്നാണ് തലച്ചോർ പറഞ്ഞത്. നീ ആരാണ് അവളുടെ. ആരുമല്ല. എന്നിട്ടും ചോദിക്കാൻ തോന്നി. ഇല്ല. ഒരു പേര് മുന്നിലിട്ട്. വലിയ അടുപ്പം ഉണ്ടെന്ന് മാത്രം മറുപടി. ആ നടത്താം ചെന്നെത്തിയത് ഒരു വെളിപ്പെടുത്തലിൽ ആയിരുന്നു. ഇപ്പോൾ ഇമോഷണലി അറ്റാച്ഡ് ആയ ആളുമായി മുൻപ് ഒരിക്കൽ ഫിസിക്കൽ റിലേഷൻ ഉണ്ടായിരുന്നത്രേ. 

ആ പറഞ്ഞത് നെഞ്ചിലേക്കാണ് ഞെരിഞ്ഞ് കയറിയത്. എന്താണ് പറഞ്ഞതെന്നോ, പ്രവർത്തിച്ചതെന്നോ ഇപ്പോഴും ശെരിക്കും ഓർമ കിട്ടുന്നില്ല. ഒരിക്കലും എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകാൻ പാടില്ലാത്തത്. അങ്ങനെ നടന്നു പോയി. ആ പെരുമാറ്റം കണ്ടിട്ടാവണം, ഫിസിക്കൽ റിലേഷൻ എന്നുള്ളത് അവൾ വെറും ചുംബനം മാത്രമാക്കി. പിന്നെയും സംസാരിച്ചപ്പോൾ അത് അയാളുടെ ഭാഗത്ത്‌ നിന്നുള്ള ഒരു മോശം പെരുമാറ്റം ആയി. പക്ഷെ ഇപ്പോൾ അത് വെറും ഒരു അബദ്ധം ആണ്. 

നിന്റെ അതിരുകൾ ലംഘിച്ചു ഒരാൾ നിന്നോട് മോശമായി പെരുമാറിയത് നീ അന്നാണ് എന്നോട് ആദ്യമായി പറഞ്ഞത്. ഞാൻ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന സൗഹൃദം വെറും ഒരു തമാശ ആണെന്ന് ആ ദിവസം എനിക്ക് ബോധ്യമായി. 

ഞാനറിഞ്ഞില്ല. 

പിന്നീട് എന്ത് പറഞ്ഞെന്ന് ഓർമ ഇല്ല.  

ഉള്ളു മുഴുവൻ തകർന്ന് പോയി.

നീ എന്നോട് അപ്പോൾ കുറച്ചു കരുണ കാണിക്കാമായിരുന്നു. എല്ലാം അവസാനിപ്പിക്കാൻ ഇങ്ങനെ ഒന്ന് എന്നോട് പറയേണ്ടിയിരുന്നില്ല. 


അവിടെ നിന്നും ഒരുമിച്ചു ആണ് കാറിൽ പോയത്. . നിവർത്തിയില്ലാതെ കൂടെ വന്ന ഒരു അപരിചതന്റെ സാന്നിധ്യമാണ് കാറിൽ അവളുണ്ടായിരുന്നപ്പോൾ തോന്നിയത്. ദിവസങ്ങൾ കടന്നു പോയി. പിന്നെ പഴയ പോലെ മെസ്സേജ് ഇല്ല, കാൾ ഇല്ല. ഞാൻ ഇവിടെ ഉണ്ടെന്നു പോലും ഓർത്തില്ല. വഴിപാട് പോലെ എന്തൊക്കെയോ ചോദിക്കും അപ്രത്യക്ഷം ആകും. പുതിയ 'സുഹൃത്തിനൊപ്പം' അവളെ അതീവ സന്തോഷവതിയായും, പ്രണയാർദ്രയായും കണ്ടു. അവസാനിപ്പിക്കാം എന്ന് വീണ്ടും ഓർത്തു. പറഞ്ഞു. ഫോണിൽ ആയിരുന്നു. അവൾ ഒന്ന് ആലോചിച്ചു, ഒക്കെ നിർത്താം എന്ന് മാത്രം പറഞ്ഞു. പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. പക്ഷെ കിട്ടിയില്ല. അതിനുമാത്രം ഞാൻ ഒന്നും ആയിരിക്കില്ല. കാലം അങ്ങനെ അല്ലേ. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത് എന്ന പാഠം ഒടുവിലെ നിമിഷം വരെയും പഠിപ്പിക്കും. അവളിൽ നിന്ന് ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല. ശെരിയാണ് ഒരിക്കൽ എന്റെ അസാന്നിധ്യം വേദനിപ്പിക്കുന്നു എന്ന് പറഞ്ഞവൾക്ക് ആ സാന്നിധ്യം ഒരു ബാധ്യത ആയി മാറിയോ എന്ന് പോലും തോന്നി. പടിയിറങ്ങേണ്ട സമയം ആയി എന്ന് മനസിലായി. പക്ഷെ ഈ നാട്ടിൽ, ഇവളെ കാണാൻ ആണോ ഞാൻ വന്നത്. ഡൽഹിയിലേക്ക് പറിച്ചു മാറ്റും നിന്നെ എന്ന സൂചന കൂടി കിട്ടിയതോടെ മാനസികമായി ആകെ തളർന്നു. ആരോടും പറയാതെ കൊണ്ടു നടന്ന പ്രണയം. ഈ നടുക്കടലിൽ നമ്മൾ പ്രതീക്ഷിച്ചു വന്ന വെളിച്ചം വെറുമൊരു മിഥ്യ ആയിരുന്നു എന്ന് ബോധ്യപ്പെടുമ്പോൾ ഉണ്ടാകുന്ന നിരാശ. എത്ര നിരർത്ഥകം ആയിരുന്നു എന്റെ പ്രണയം എന്ന് സ്വയം പഴിച്ചു. ഈ നാട്ടിൽ അവളുടെ സാന്നിധ്യം ഉള്ളിടത്ത്, ഒരു നിമിഷം പോലും നിക്കാൻ വയ്യാതായി. കാര്യങ്ങൾ കൈവിട്ട് പോയി. ചില സുഹൃത്തുക്കളോട് കാരണം എന്താണെന്ന് തുറന്ന് പറയാതെ അഭയം തേടാൻ നോക്കി. വിജയിച്ചില്ല. പിന്നെയും ആ മുഖം വേട്ടയാടാൻ എത്തി. എന്തിന് വേണ്ടി ആയിരുന്നു. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ അവിടെ നിന്ന് ഒരിക്കലും വരില്ലായിരുന്നു. സ്വയം പഴിച്ചും, കണ്ണീർ പൊഴിച്ചും ദിവസങ്ങൾ പോകുന്നതിന് വേണ്ടി കാത്തിരുന്നു. ഒടുവിൽ അവൾക്കായി ഒരു അവസാന കുറിപ്പ് എഴുതാം എന്ന് കരുതി. പോകുന്നതിനു തലേന്ന് ഇത് കൊടുക്കണം. നന്ദി പറയണം. തിരിഞ്ഞു പോലും നോക്കാതെ പോകണം. അത്രെ വേണ്ടു. അവസാന ദിവസത്തിന് തൊട്ട് മുൻപ് അവളും സുഹൃത്തും അവധി ആയിരുന്നു. കാണാൻ പറ്റുമോ എന്ന് ചോദിച്ചു. സുഖമില്ലെന്ന ആയിരുന്നു മറുപടി. ശെരി. നിർബന്ധിച്ചില്ല. നിർബന്ധിക്കാൻ എനിക്ക് അവകാശമില്ല. ആശ്വാസത്തിന് വേണ്ടി ആയിരുന്നു വിളിച്ചത്. കേട്ടില്ല. മനസ്സ് കല്ലാക്കാൻ ശ്രേമിച്ചെങ്കിലും പരാജയപ്പെട്ടു. ഓർമ്മകൾ പെരുമഴയായി. 


അവളെ കാണാൻ ഞാൻ താണ്ടിയ ദൂരം. അതൊരു യാത്രയായിരുന്നു. മനസ്സിൽ വരച്ചത് ഒന്നായിരുന്നു,അവളെ കാണുമ്പോൾ കൈ പിടിച്ചു കുറേ നിമിഷങ്ങൾ ചിരിച്ചിരിക്കാം, ചുറ്റിലും ഉള്ളത് മറന്ന് പരസ്പരം നോക്കാം. 

പക്ഷേ, അവളെ ഞാൻ കണ്ടില്ല.

കണ്ടത് ഒരു അപരിചിതയായിരുന്നു. മുഖം അവളുടേതായിരുന്നു. അവളുടെയല്ലാതെ മറ്റൊരാളുടെ നിഴൽ അവളുടെ കണ്ണുകളിലുണ്ടായിരുന്നു. ഒരപക്വമായ അടുപ്പം, എന്റെയല്ലാത്ത ഒരവകാശം അവൾ മറ്റൊരാളിലേക്കെത്തിച്ചിരിക്കുന്നു എന്ന് പറഞ്ഞുപറയാതെ പറഞ്ഞു.


എന്നോടുള്ള അനാസക്തിയുടെയും, അകത്തളങ്ങളിൽ ഞാൻ ഇനിയില്ലെന്ന ഭാവവും അതിനേക്കാളുമധികം വേദനിപ്പിച്ചു. പാതിയിലായൊരു സ്നേഹം പോലെ ഞാൻ അവിടെ നിന്നു തിരിച്ചു പോവുകയായിരുന്നു. ഒന്നുമല്ലാതെ ഒന്നാകാൻ ശ്രമിച്ച സ്നേഹത്തിന്റെ പൂർണ്ണ പരാജയമായിത്തീർന്നു ആ സന്ദർശനം.


മടുത്തെന്ന് പറഞ്ഞില്ല അവൾ, പക്ഷേ പറയാതെ പറഞ്ഞു. പറഞ്ഞതൊന്നും മനസ്സിലായില്ല, പക്ഷേ കണ്ണുകളുടെ ശൂന്യത എന്റെ കൺതുറപ്പിച്ചു.

ഇനി എത്ര ദൂരം സഞ്ചരിച്ചാലും

അവളുമായുള്ള ദൂരം പൂരിപ്പിക്കാൻ ആകില്ലെന്ന തിരിച്ചറിവ്. പിന്നീട് ഞാൻ അവളെ സ്നേഹിച്ചതു പോലെ തന്നെ വേദനിച്ചും തുടങ്ങി. 



ആ പുതിയ സുഹൃത്ത്.

അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് എപ്പോൾ ആണെന്ന് എനിക്കറിയില്ല.

അവൾ പറയുന്നത് കേട്ടപ്പോൾ മനസ്സിൽ ഒരു ചോദ്യമുണ്ടായി. 

"ഈ ബന്ധം പ്രണയമല്ലേ?"

അവൾ പറഞ്ഞു,

"പ്രണയമല്ല, പക്ഷേ വെറും സൗഹൃദം മാത്രമല്ല..."


അതു കേട്ടപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് 

ഞങ്ങളുടെ ഇടയിലുണ്ടായിരുന്ന ആ ആത്മബന്ധം, ഇപ്പോൾ അവളെ സംബന്ധിച്ചിടത്ത് ഒരു പഴയ ഓർമ്മ മാത്രമാണ്.

അവളെ കാണാൻ ഞാൻ പോയതും, അവളുടെ മുഖം നോക്കി ചിരിക്കാൻ ശ്രമിച്ചപ്പോഴുള്ള അവഗണനയും. അവളെ തേടി ഞാൻ നടത്തിയ യാത്ര, നാളെമുതൽ എന്റെ ഓർമകളുടെ അവസാന യാത്രയാവുകയാണ്.നാട്ടിലേക്ക് മടങ്ങുന്നു. അവളെ അറിയിക്കണം. പക്ഷെ ഒരു മെസ്സേജ് കൊണ്ടല്ല. അവൾ എനിക്ക് ആരായിരുന്നു എന്നും, എന്തായിരുന്നു എന്നും പറഞ്ഞുകൊണ്ട് ഒരു സന്ദേശം. അതോടെ എല്ലാം അവസാനിപ്പിക്കണം. 

വേദനയോടെയും, അവളെ മറക്കാൻ കഴിയുമെന്ന ധൈര്യത്തോടെയും ഞാൻ ആ കുറിപ്പ് എഴുതാൻ തീരുമാനിച്ചു. 


കാഴ്ചയിൽ നിന്നും മറഞ്ഞുപോയവളെ ഞാനെന്റെ ഉള്ളിൽ ഒതുക്കി വച്ചു.

ഒരു നിമിഷം പോലും ഞാൻ അവളെ വെറുത്തിട്ടില്ല. 

പക്ഷേ, ഒരവസാന നിമിഷം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പ്രണയത്തെ ഞാൻ ശാന്തതയിൽ വിട്ടു. അവളെ ഞാൻ കാണാതിരിക്കാൻ തീരുമാനിച്ചു, സ്നേഹിച്ചുകൊണ്ടുതന്നെ.

അങ്ങനെ അവസാന സന്ദേശം എഴുതി. 

മനസ്സിന്റെ സമാധാനത്തിനായി ഞാൻ പിറകോട്ടു പോകുന്നു. നീ നഷ്ടപ്പെടുത്തിയത് എന്തെന്ന് നിനക്ക് മനസ്സിലാകുമോ എന്നെനിക്കറിയില്ല. 

എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നെനിക്കറിയില്ല.

ഇത് ഒരു വിടപറച്ചിൽ ആണ്.

പക്ഷേ നീ എന്റെ മുഖത്തു നോക്കി ചിരിച്ചാൽ ഞാൻ മുഴുവൻ ചിതറുമായിരിക്കും. 

നിന്റെ സ്‌നേഹവാക്കുകൾ കേട്ടാൽ എന്റെ കരളലിയും. വേദനയ്ക്ക് ഭാഷ വേണം.

നിശബ്ദതയിൽ ഒളിച്ചു നില്ക്കുന്ന

എന്റെ ആത്മാവ് ഉച്ചത്തിൽ പറയേണ്ടിയിരിക്കുന്നു.

ഞാൻ വിശ്വസിച്ചു.

നിന്റെ ഓരോ വാക്കിലും.

ഞാൻ എന്റെ ഹൃദയം നിനക്ക് നൽകി. 

പക്ഷേ നീ രണ്ട് ഹൃദയങ്ങൾ കൈയ്യിലേറ്റി നടന്നു. 

നിന്റെ സ്‌നേഹം എന്റെ മാത്രം അല്ലെന്ന്

നിന്റെ മുഖം അറിയിക്കാതിരുന്നെങ്കിലും

നിന്റെ മൗനം പറഞ്ഞുകൊണ്ടിരുന്നു.

തെറ്റ് എന്റേത് മാത്രമാണ്. നീ പറയുന്നത് മനസ്സിലാക്കാനുള്ള പക്വത എനിക്കില്ലായിരിക്കാം. 

നിന്നെ സ്നേഹിച്ചത്

എന്റെ ആത്മാവിന്റെ മുഴുവൻ വെളിച്ചവും തെളിച്ചാണ്.  

പക്ഷേ ഞാൻ ഇപ്പോൾ പോകേണ്ടത് അനിവാര്യമായിരിക്കുന്നു.  

നിന്നെ വിഷമിപ്പിക്കാനല്ല. 

ഇരുവരുടെയും നല്ലതിന് വേണ്ടി.

നിന്നെ സ്നേഹിച്ചത് നിനക്ക് മതിയാവോളം ആയിരിക്കില്ല. 

പക്ഷേ ആത്മാർത്ഥമായിരിന്നു.

ആശംസകൾ

നന്മകൾ വരട്ടെ

സംസാരിച്ചില്ലെങ്കിലും കണ്ടില്ലെങ്കിലും 

ഞാനെപ്പോഴും ദൂരെ നിന്നു സ്‌നേഹിക്കുന്നുണ്ടാകും നിന്നെ.

മിണ്ടാതെയും, മറയാതെയും.



ചോര പൊടിഞ്ഞ വാക്കുകൾ മെസ്സേജ് ആക്കി ഞാൻ അവൾക്ക് അയച്ചു. 

ഇപ്പോൾ ഞാൻ വീണ്ടും എന്റെ നാട്ടിലേക്ക് തിരിച്ചു പോവുകയാണ്.

നിശബ്ദമായ ഒരു യാത്ര. ഹൃദയം വിങ്ങി നിൽക്കുന്ന യാത്ര.

വിമാനത്താവളത്തിന്റെ കോണിൽ ഇരുന്ന് അവൾക്കായി എഴുതിയ വരികൾ അയച്ചു. .

എന്റെ ഹൃദയത്തിൽ ഒരിക്കൽ പൂത്തുലഞ്ഞ സ്നേഹത്തിന്റെ അവസാനത്തെ ഇല ഇതാണ്.

ചിരിച്ചുല്ലസിച്ച ഫോട്ടോകളും, വിഡിയോകളും ഫോണിൽ നിന്ന് നീക്കി. 

ഇനി ആ വഴികൾ ഇല്ല.

ഇനി അവളില്ലാത്ത ദിവസങ്ങൾ. 

അവളെ ഒരിക്കൽ സ്നേഹിച്ചു, അതൊന്നും മറക്കാൻ ആകില്ല. 

പക്ഷേ, ഇനിയൊരിക്കൽ കൂടെ കാണാൻ എനിക്കാവില്ല.

ഒരുപാട് സ്നേഹത്തോടെ, പക്ഷേ അതിലും ഏറെ വേദനയോടെ, ഞാൻ പിന്മാറുന്നു.

ഇത് സ്നേഹത്തിന്റെ അവസാന സന്ദേശം, അവസാന ഓർമയും.


ആ വിമാനം അവിടെ നിന്ന് പറന്ന് ഉയർന്നു. 

താഴെ ഡൽഹിയുടെ വിശാലതയിൽ ഒരിടത്ത് അവളുണ്ട്. എന്നെ ഓർക്കുന്നുണ്ടാകും. പക്ഷെ അതെ ഇഴയടുപ്പും ഇല്ലാതെ. 

ആകാശവും മേഖവും നീങ്ങി മാഞ്ഞു. 

അവളിലേക്കുള്ള എന്റെ വഴികളും

പിരിഞ്ഞു.

ഇനി ഞാനില്ല അവളുടെ കാഴ്ചയിൽ,

ഇനി അവളില്ല എന്റെ കാത്തിരിപ്പുകളിൽ.

ഞാനും അവളും

രണ്ടു ദിശകളായി പിരിഞ്ഞു പോയി...



നന്ദി....

ആ നല്ല കഥക്ക് ഒരു മോശം അവസാനം അല്ല പ്രതീക്ഷിച്ചത്. പക്ഷെ അങ്ങനെ വേണ്ടി വന്നു. 













വഴിമാറി

ഇന്ന്,
നിന്റെ പേരാണ്
എന്റെ പ്രാർത്ഥനയുടെ അവസാനവരി,
എന്റെ കവിതയുടെ സംഗീതം,
എന്റെ ലോകത്തിന്റെ ഹൃദയമിടിപ്പ്

ഒരുദിവസം,
ആകാശത്തിന്റെ അരികിൽ നിന്ന്
പതിച്ച നീ...
എന്നിൽ അറിയാതെ ഉറങ്ങിക്കിടന്ന
സ്വപ്നങ്ങളെ ഉണർത്തി

ഞാൻ നോക്കാതിരുന്ന വഴികളിൽ
നിന്റെ ചുവടുകൾ ശബ്ദിച്ചു,
ജീവിതത്തിന്റെ പഴകിയ ഇരുട്ടുകൾ
ഒന്നൊന്നായി പിൻവാങ്ങി.

നിന്റെ കണ്ണുകളിൽ
ഞാൻ കണ്ടത് വെറും സൗന്ദര്യമല്ല,
ഒരു സമാധാനം,
എന്നെ മുഴുവൻ കവരുന്നൊരു വെളിച്ചം.

നിന്റെ വാക്കുകളിൽ
മഴയുടെ മാധുര്യവും
പുലരിയുടെ മൃദുത്വവും
ഒന്നിച്ചു നിറഞ്ഞിരുന്നു.

ഇന്ന്,
നീ എന്റെ ഹൃദയത്തിന്റെ
ഒരു അധ്യായമല്ല,
പൂർണ്ണമായൊരു പുസ്തകമാണ്.

Sunday, 10 August 2025

അവൾ വരുമ്പോൾ

നിന്നെ കാണുമ്പോൾ
ഞാൻ നിശ്ചലമാകും
നിന്റെ ചിരിയിൽ വിരിയുന്ന
മൃദുലമണത്തിൽ ഞാൻ
അലിഞ്ഞു പോകും

നിന്റെ കണ്ണുകളിൽ കണ്ടത്
നിലാവിന്റെ തെളിമ
ചുണ്ടുകളിൽ കിളിക്കുരുവിയുടെ
ചൂട്...
നിന്റെ രൂപം
കലയുടെ കയ്യൊപ്പു ചേർത്ത 
തച്ചന്റെ കൃത്യത

നിന്റെ നെഞ്ചിൽ,
പുലരിയുടെ സൂര്യകിരണം
ആദ്യമായി തൊട്ടു മുത്തമിടുന്ന
രണ്ട് സ്വർണ്ണവളയങ്ങൾ 

പിന്നിൽ മഴവില്ലിന്റെ മൃദു വളവ്
ഒരു രാജധാനിയുടെ കവാടം പോലെ,
അവിടെ നിന്നാണ് സൗന്ദര്യത്തിന്റെ
പാതകൾ തുടങ്ങുന്നത്

നിന്റെ നഗ്നരൂപം 
മൂടൽമഞ്ഞിൽ പതിഞ്ഞ ചന്ദ്രപ്രകാശം പോലെ,
അവിടെ വിരിഞ്ഞ പൂവിലെ
തേൻ നുകരാൻ വണ്ടുകൾ 
വട്ടമിട്ടു

യോനിയ്ക്ക്
മണൽപ്പുറത്തിന്റെ ചാര നിറം,
തുമ്പിൽ സ്പർശിച്ചാൽ
അരുവിയുടെ സംഗീതം 

അരവയറിൽ പതിയുന്ന ശ്വാസത്തിൽ
സൃഷ്ടിയുടെ രഹസ്യം
പറയുന്ന കഥ കേൾക്കാം 

നിന്റെ നഗ്നതയിൽ,
പ്രകൃതിയുടെ പരമമായ സത്യം 
കാണാം 
നിന്റെ സാന്നിധ്യത്തിൽ,
ലോകം മുഴുവൻ കവിതയായിത്തീരും




Saturday, 9 August 2025

മായാനദി

ഒരു മഴക്കാലത്ത്
നീ വന്നു
മഴത്തുള്ളികളുടെ മധുരത്തിൽ
നിന്റെ ചിരി ചേർന്നു 
എന്റെ ഹൃദയത്തിൽ ഒഴുകി 
ഒരു ചെറുനദി
സുഗന്ധം നിറഞ്ഞൊരു ഒഴുക്ക്,
പാട്ടുപാടുന്നൊരു യാത്ര

എന്റെ വരണ്ട കരകളിൽ നീ 
പൂക്കൾ വിരിയിച്ചു
കണ്ണുകളിൽ വെളിച്ചം വീണു
എന്നാൽ…
നദികൾ അറിയുന്നു 
ഒരേ വഴിയിൽ ഒരിക്കലും ഒഴുകാനാവില്ലെന്ന്
എന്റെ സ്വപ്നങ്ങൾക്കും 
നിന്റെ ജീവിതത്തിനും വഴി രണ്ടാണ് 
നമുക്കിടയിൽ കാലത്തിന്റെ 
തിരമാലകൾ

മാസങ്ങൾക്കു ശേഷം
ഒരു പാലത്തിന്മേൽ ഞാൻ...
മറുവക്കിൽ നീ.. 
കണ്ണുകളിൽ സന്തോഷം,
നീ കൈവീശി…
ഞാൻ കൈവീശി…
ഇടയിൽ മായാനദി 
തിരിച്ചു ചേരാനാകാത്തൊഴുക്ക്..

മഴ വീണ്ടും പെയ്യും
നീ വീണ്ടും ഒഴുകും
കരകളിൽ വസന്തം വിടർത്തും
അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു
നീയൊരു മായാനദി 
ആണെന്ന്