Wednesday, 5 September 2018

ട്രോളന്മാരും വിമര്‍ശനവും

ആധുനിക കാലത്തെ കുഞ്ചന്‍ നമ്പ്യാര്‍മാരാണ് ട്രോളന്മാര്‍ ,ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് . ഏതു മേഖലയിലും എത്തിക്കല്‍ അണ്‍എത്തിക്കല്‍ എന്നിങ്ങിനെ വിഭജനം ഉള്ളതിനാല്‍ ട്രോളുകളിലും ഉണ്ട് അത്തരം വിഭജനങ്ങള്‍ . ചിലര്‍ അവരുടെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഹാസ്യപരമായി വിമര്‍ശിക്കുമ്പോള്‍  മറ്റുചിലര്‍ സാമൂഹിക സാംസ്കാരിക സിനിമ മേഖലയിലെ വിഡ്ഡിത്തങ്ങളെ ട്രോളുകള്‍ ആക്കുന്നു . ഇനിയുള്ള ചിലര്‍ ഇതൊന്നും പെടാതെ വ്യക്തിപരമായി അധിക്ഷേപിക്കുവാനും താറടിച്ചു കാട്ടാനും വിനിയോഗിക്കുന്നു. എന്തായാലും സര്‍ഗ്ഗാത്മഗതയുടെ പങ്ക് ഇവരിലെല്ലാവരിലും ഉണ്ടെന്ന് പറയാതെ വയ്യ. തുള്ളല്‍ക്കഥകളിലെ ഫലിതങ്ങള്‍ ഏറെ പ്രസിദ്ധങ്ങളാണ്.  ശ്രോതാക്കളെ ത്രസിപ്പിക്കുന്ന കുഞ്ചന്‍ നമ്പ്യാര്‍ എഫക്ടിനെ കുറിച്ച് നാം കണ്ടും കേട്ടും വായിച്ചും അറിഞ്ഞവയാണ്. കുഞ്ചന്‍ നമ്പ്യാര്‍  തിരുവനന്തപുരത്തും അമ്പലപ്പുഴയിലും താമസിച്ചിരുന്ന കാലത്ത് പ്രയോഗിച്ചിരുന്ന ഫലിതങ്ങളും മലയാളി മറക്കാനിടയില്ല. മൂര്‍ച്ഛേറിയ ശക്തമായ കൂരമ്പുകള്‍ പോലെ ശ്രോതാക്കളുടെ നെഞ്ചില്‍ തളയ്ക്കുന്നവയായിരുന്നു അവയൊക്കെയും. ആറ്റിക്കുറുക്കിയ നമ്പ്യാര്‍ ഫലിതങ്ങള്‍ക്ക് ഔഷധ ഗുണമുണ്ട് , അവ പലരുടെ സൂക്കേടിനും മരുന്നായിട്ടുണ്ട്


Sunday, 2 September 2018

ദില്ലി വാല..

ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം . തെരഞ്ഞെടുപ്പിലൂടെ മാത്രം  അധികാരകൈമാറ്റവും  ഭരണമാറ്റങ്ങളും നടക്കുന്ന നാട്. വൈവിധ്യങ്ങളുടെയും വികലമായ ആചാര അനുഷ്ടാനങ്ങളുടെയും കലവറ. എല്ലാത്തിനുപരി പൗരന്മാര്‍ക്ക് എല്ലാ അവകാശങ്ങളും വാഗ്ദാനം ചെയ്യുന്ന ശക്തവും തുറന്ന മനസ്സുമുള്ള ഒരു ഭരണഘടനയുമുള്ളൊരു നാട്. നമ്മുടെ ഭാരതം.70 ആണ്ടിന്‍റെ സമ്പൂര്‍ണ്ണാധികാര പരിവേശങ്ങളോട് കൂടിയ രാജ്യ സമ്പത്ത്  കേവലമായ ജനസംഖ്യയുടെ കൈകളില്‍ ഒതുങ്ങുമ്പോള്‍ അരക്ഷിതത്വത്തിന്‍റെയും അരാചകത്വത്തിമന്‍റെയും നിലവിളികള്‍ നാടെമ്പാടും മുഴങ്ങികേള്‍ക്കുന്നത് പതിവായി തുടങ്ങി. പട്ടിണിയുടെ രൂപത്തിലും തീവ്രമായ അവഗണനയുടെയും ഒറ്റപ്പെടലിന്‍റെ രൂപത്തിലും ചിലരെ വേട്ടായാടാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. കുട്ടികളാണ് ഇവരില്‍ നല്ലൊരു വിഭാഗം. നൂറ്റാണ്ടുകളുടെ രക്തച്ചൊരിച്ചിലുകളുടെ കലാപങ്ങളുടെ വെടിയൊച്ചകളുടെ വിപ്ലവങ്ങളുടെ വലിയ സ്മരണകള്‍ പേറുന്ന രാജ്യ തലസ്ഥാനത്ത് ഇന്നും വീടില്ലാത്തവരുണ്ട്,  രണ്ട് നേരം പോലും ഉണ്ടുറങ്ങാത്തവരുണ്ട്,  ഉണങ്ങിയ ചപ്പുചവറുകള്‍ക്കിടയിലും പൊട്ടിയൊലിക്കുന്ന ഓടചാലുകള്‍ക്കിടയിലും നല്ലകാലം തള്ളി നീക്കുന്ന കൊച്ചു കുട്ടികളുണ്ട്. ഭൂരിഭാഗം പേരും നല്ലുടുപ്പിട്ട് സ്പൂകൂളുകളിലും പാര്‍ക്കുകളിലും ചെലവഴിക്കുമ്പോള്‍ മറ്റുചിലര്‍ ട്രാഫിക് തിരക്കുകള്‍ക്കിടയില്‍ ബലൂണും പൂക്കളും കളിപ്പാട്ടങ്ങളുമായി ആഹാരത്തിന് വേണ്ടിയുള്ള അലച്ചിലിലാണ്. നാളെയുടെ ഇന്ത്യയുടെ നക്ഷത്രങ്ങള്‍  പ്രകാശിക്കുന്നില്ല , അവര്‍ തെരുവുകളില്‍ കണ്ണുചിമ്മിയിരിപ്പുണ്ട്. 

Wednesday, 15 August 2018

സ്വാതന്ത്ര്യ ദിനം ....

2 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു  സര്‍വ്വകലാശാലയില്‍ നിന്നും കാണാതായ നജീബ് എന്ന വിദ്യാര്‍ത്ഥിയുടെ ഉമ്മയുടെ കാത്തിരിപ്പിനൊപ്പം

ബീഫ് കടത്തുന്നുവെന്നാരോപിച്ച് ഗോ സംരക്ഷകര്‍ കൊന്നുകളഞ്ഞ ഒരുപാടുപേരുടെ  മകനൊപ്പവും

ഖൊരഘ്പൂര്‍ ആശുപത്രിയില്‍ ശ്വാസം കിട്ടാതെ  മരണപ്പെട്ട 65 ഓളം കുഞ്ഞുങ്ങളും , ജയിലിലായ മനുഷ്യസ്നേഹിയായ ഡോ . ഖഫീല്‍ ഘാനും അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പവും ഒരു സ്വാതന്ത്ര ദിനം 

Thursday, 22 March 2018

Views on caste and religion

കാലം വളരെ മുന്നോട്ടു പോയപ്പോൾ ചിലതൊക്കെ നമ്മുടെ രാജ്യത്ത് അങ്ങനെ തന്നെ അവശേഷിച്ചു . ഐതിഹാസിക സമരങ്ങളും , വിപ്ലവങ്ങളും, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും , ജാതി -ജന്മി വ്യവസ്ഥയ്ക്കെതിരെയുണ്ടായ ചെറുത്തു നിൽപ്പുകളുടെയും കാലഘട്ടമായിരുന്നു 19 -20 നൂറ്റാണ്ടുകളുടെ ഒടുക്കവും തുടക്കവും . അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ, വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കുതന്ത്രത്തിനുമെതിരെ സംഘടിതവും അല്ലാത്തതുമായ പോരാട്ടങ്ങൾക്കും 20ാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. ഒടുവിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യ വളർന്നു .ശാസ്ത്രത്തിനെയും ശാസ്ത്ര ബോധത്തിനെയും വളർത്തുവാനും ഉത്തേജിപ്പിക്കുവാനും ഉതകുന്ന തീരുമാനങ്ങൾക്ക്  നാം അതീവ പ്രാധാന്യം നൽകി . ഭരണഘടന എന്ന ആ പുസ്തകത്തിനുള്ളിൽ വരച്ചുകാട്ടിയത് രാജ്യത്തിന്റെ സവിശേഷതയും പുരോഗതിക്ക് അനുസൃതമായ നിയമങ്ങളുമാണ് . ആ നിയമ സഞ്ചയങ്ങൾ പലതിനെയും മാറ്റി മറിച്ചു . എന്നാൽ ഇരുപത്തിയൊന്നാം നുറ്റാണ്ടിൽ നാം കണ്ടത് നമ്മൾ എന്നോ ഉപേക്ഷിച്ച, കത്തിച്ചു കളഞ്ഞ അന്ധവിശ്വാസങ്ങളുടെയും  ആചാരങ്ങളുടെയും തിരിച്ചു വരവാണ് . 'ഉണങ്ങാത്ത മുറിവിൽ എളുപ്പം ചോര പൊടിയും ' ഈ കുതന്ത്രം മനസ്സിലാക്കിയ തീവ്ര വർഗ്ഗീയ സംഘടനകൾ അവയെ ഓരോന്നായി തിരിച്ചു നമമളിലേക്കെത്തിച്ചു കൊണ്ടിരുന്നു . സമത്വത്തിനും സാഹോദര്യത്തിനും മതേതരത്വത്തിനും പേരു കേട്ട രാജ്യത്തിന്റെ ഹൃദയത്തിൽ ചവിട്ടി നിന്നുകൊണ്ടു അവർ അട്ടഹസിച്ചു . കലാപങ്ങളുടെ , ഭിന്നിപ്പിന്റെ ,താഴ്ന്നവനും വലിയവനെന്നും , വിശ്വാസിയും അവിശ്വാസിയും , രാജ്യ സ്നേഹിയും ദ്രോഹിയും എന്ന തരത്തിൽ അവർ രാഷ്ട്രീയത്തെ മാറ്റി . എണ്ണിയാലൊടുങ്ങാത്ത കലാപങ്ങളുടെയും മതത്തിന്റെയും തമ്മിൽ തല്ലിയും തല്ലിച്ചും ചത്തവരാണധികവും . കേവലമായ മതത്തെ അവർ രാഷ്ട്രീയത്തിലേക്ക് എത്തിച്ചു . ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ അവർ മനുഷ്യരെ തമ്മിൽ പിരിച്ചു . ശാസ്ത്രത്തിന്റെയും അതിന്റെ ഫലങ്ങളും എത്തേണ്ടിടത്ത് അമ്പലങ്ങളെക്കൊണ്ടും പള്ളികളെക്കൊണ്ടും നടക്കാൻ വയ്യാത്ത സ്ഥിതിയാക്കി . ജനാധിപത്യ പ്രക്രിയകളിൽ തെരഞ്ഞെടുപ്പുകളിൽ മാനവികതയെക്കാളും മതത്തിന് പ്രാമുഖ്യം നേടി . ഉള്ളത് തുറന്നു പറഞ്ഞാൽ ആഭാസം , വിമർശിച്ചാൽ, ഒത്തുകൂടിയാൽ രാജ്യദ്രോഹം . എങ്ങനെ മാറേണ്ടിയിരുന്ന ഒരു സമൂഹത്തെയാണ് നിങ്ങൾ വേദകാലഘട്ടത്തിലേക്ക് തിരിച്ചുവിട്ടത് . ശരികേടുകൾ പഠിപ്പിച്ചും വഴിതെറ്റിച്ചും ഒട്ടും പക്വത ഇല്ലാത്ത ജനങ്ങളെ നിങ്ങടെ പുറകേ എത്തിച്ചു . യുക്തിപരമായി ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനും ആവിശ്കരിക്കുന്നവനും ചെരുപ്പേറും ചീത്ത വിളിയും , യാതൊരു വിവരവും വിവേകവുമില്ലാതെ 'ഹോളി ബുക്ക്സ് ' എന്നു നിങ്ങൾ വിളിക്കുന്ന കാലഹരണപ്പെട്ട എന്നാൽ ഒട്ടും മോശമല്ലാത്ത പുസ്തകങ്ങളെ വായിച്ചു കളയുന്നതിനു പകരം തിന്നുന്നവർ പറയുന്നത് വേദ വാക്യവും . പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി രൂപം കൊണ്ട സംഘടനകൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് തയ്യാറാകാതെ തുടർന്നപ്പോൾ മതങ്ങളെ ഉപയോഗിച്ച് നിങ്ങൾ ഇടിച്ചുകയറി. വീണ്ടും സമരങ്ങളും വിപ്ലവങ്ങളും അനിവാര്യമാക്കി തീർത്തു .

മഹാരാഷ്ട്രയിൽ നിങ്ങൾ കണ്ടത് വെറും കർഷകരുടെ സമരം മാത്രമായിരുന്നില്ല . സഹിക്കേണ്ടതിന്റെ പരമാവധി കഴിഞ്ഞിട്ടും ഗതിയില്ലാത്തതു കൊണ്ട് അതിജീവനത്തിന്റെ അവസാനത്തെ മാർഗ്ഗം കൂടിയായിരുന്നു അത് . അന്നം തരുന്നവരുടെ വളരെ നിസ്സാരമായ പ്രതികരണം മാത്രമായിരുന്നു .ഇത് ഒടുവിലത്തേതെന്നു കരുതരുത് . ഇനിയും ഉണ്ട് വീർപ്പുമുട്ടി കഴിയുന്ന കോടിക്കണക്കിന് ജന്മങ്ങൾ . ഒരിക്കലും തകർക്കാനാവില്ലായെന്നു കരുതിയിരുന്ന എല്ലാം തകർന്ന ചരിത്രമേ ഈ മണ്ണിനുള്ളു . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ തുരത്തിയ പാരമ്പര്യവും . നുണയും വിദ്വേഷവും , അന്ധതതയും അജ്ഞതയും പരത്തി അധികാരത്തിൽ അധികനാൾ വാഴാമെന്ന വ്യാമോഹവും വേണ്ട .