Saturday, 13 February 2021

അച്ചുതന്റെ കോവിലകം ....


അച്ചു:  എടാ നകുല നമ്മട പാർട്ടിക്കു ഈ നാട്ടിൽ ഇനിയും വല്യ വേരിറക്കാൻ സാധിച്ചിട്ടില്ല , ഇനി എന്നാണാവോ ഈ സാധുക്കളെയൊക്കെ ഒന്നു രക്ഷപ്പെടുത്താനാവുക?

നകുലൻ : ജനങ്ങളൊക്കെ മാറിചിന്തിക്കുന്ന ഒരു കാലം ഉടനെ തന്നെ വരും അച്യുതാ. ഇപ്പോൾ തന്നെ ചെറിയ ചെറിയ മാറ്റങ്ങൾ കാണാൻ കഴിയുന്നുണ്ടല്ലോ. നമ്മളിനിയും നന്നായി പരിശ്രമിക്കേണ്ടി വരും.

അച്ച്യുതൻ: അല്ലടോ നകുലാ എനിക്കിപ്പോ കുറേ നാളായിട്ട് ചെറിയ പരിഭ്രമം ,, നമ്മൾ ഇത് ആർക്കു വേണ്ടിയാണ് ചെയ്യുന്നത്.. ഈ കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടിയല്ലേടോ താനും ഞാനുമൊക്കെ ഇങ്ങനെ കഷ്ടപ്പെടുന്നത്. എന്നിട്ടും ഇവിടുത്തെ ആൾക്കാർക്കു എന്തേ നമ്മൾ പറയുന്നത് മനസ്സിലാവുന്നില്ല?

നകുലൻ : കുറേ നാളുകളായി അവർ ജീവിച്ചുവന്നതും വിശ്വസിച്ചുവന്നതുമായ കാര്യങ്ങൾ തെറ്റാണെന്നു കരുതാനും പെട്ടെന്ന് മാറ്റാനുമുള്ള മടിയായിരിക്കാം കാരണം. മനസ്സിലാകാത്തവർക്കു മനസ്സിലാക്കികൊടുക്കലല്ലേ നമ്മടെ പണി, ആ നമ്മള് തന്നെ ഇങ്ങനെ പറഞ്ഞാൽ എങ്ങനാടോ ശെരിയാവുന്നത് ???

അച്ച്യുതൻ: താൻ പറഞ്ഞത് ശരിയാടോ .. അല്ലെങ്കിലും ഒന്നും കൂട്ടി വയ്ക്കാൻ ഇല്ലാത്ത നമ്മൾക്കു എന്തിനാ ഇത്തരത്തിലുള്ള ആശങ്ക ,, അതൊക്കെ പോട്ടെ നാളെ നമുക്ക് ആ മുത്തുവിന്റെ വീടു വരെ  ഒന്ന് പോണം , അവന്റെ കൂര ഇന്നലത്തെ മഴയിൽ എല്ലാം തകർന്നു. പറ്റുവെങ്കിൽ കുറച്ചു കാശ് പിരിവെടുത്തു അവനൊരു പുതിയ കൂര കെട്ടി കൊടുക്കണം.

നകുലൻ : അതിനെന്താടോ നാളെ രാവിലെതന്നെ ഞാനങ്ങെത്തിയേക്കാം നമ്മടെ കുറച്ചു പിള്ളാരേം കൂട്ടാം ഒരു സഹായത്തിനു.

അച്ചുതൻ: എന്നാ അങ്ങനെ ആയ്ക്കോട്ടെ ,, ആ കുഞ്ഞിക്കാനെ വിളിക്കാൻ മറക്കല്ലെ... വിളിക്കാണ്ടിരുന്നാൽ അതുമതി അങ്ങേർക്കു ഭ്രാന്താവാൻ .. വിപ്ലവം തലക്കു പിടിച്ചു നടപ്പല്ലേ മൂപ്പര് ...

നകുലൻ: എന്നാ അങ്ങനെ ആയ്ക്കേട്ടെ നാളെ രാവിലെ കാണാം .. ലാൽ സലാം സഖാവേ..

അച്ചുതൻ: ലാൽസലാം..

സീൻ 2 .. മുത്തുവിന്റെ വീട്

അച്യുതൻ: മുത്തുവേ ... ഇവടാരൂല്ലെ .. എവിടെ പോയി എല്ലാരും ..

കുഞ്ഞിക്ക : ഓനീടത്തന്നെ കാണൂന്ന് പിന്നേടെ പോവാനാന്നു. മുത്തുവേയ്‌ എടാ മുത്തുവേയ്.

കാളി: ഇതാരാ അച്ചുതനോ? ചേട്ടൻ ഇവിടില്ലല്ലോ താമ്പാൻ എന്തോ സാധനം കടത്താൻ അങ്ങോട്ടു വിളിപ്പിച്ചതാ.

നകലൻ: ഇനിയിപ്പോ എന്താ ചെയ്ക അച്ചുതാ.. ഓനെ കണ്ടാലല്ലേ നമമടെ കർഷക സംഘത്തിന്റെ മീറ്റിങിന്റെ കാര്യം കൂടി അറിയിക്കാൻ പറ്റോള്ളു..

അച്ചുതൻ: അത് സാരല്ലടോ നകുലാ .. കാളീ അന്റെ കൂരയൊക്കെ നശിച്ചല്ലേ... നോക്കട്ടെ എന്തേലും ചെയ്യാൻ പറ്റുമോന്ന് .. മുത്തു വന്നാൽ എന്നെ വന്ന് ഒന്ന് കാണാൻ പറയണം .. ഇശ്ചിരി അത്യാശ്യാ... ട്ടോ

കാളി: കൂരയെല്ലാം ഇന്നലത്തെ കാറ്റിനും മഴക്കും പോയി അച്ചുതാ ചേട്ടൻ ഒറ്റക്ക് കൂട്ടിയാൽ നടക്കൂല്ല. ഞാൻ വന്നു കാണാൻ പറയാം.

കുഞ്ഞിക്ക: ഇജ്ജ് ബേജാറാവാണ്ടിരിക്ക്ന്ന് എല്ലാത്തിനും നമ്മക്ക് പരിഹാരം ണ്ടാക്കപ്പാ .

അച്ചുതൻ: ന്നാ ഞങ്ങളങ്ങിടിറങ്ങട്ടെ .. മുത്തുവിനോട് വരാൻ പറയണം ..

കാളി: കുടിക്കാനെന്തെങ്കിലും?

നകുലൻ: ഓ.. വേണ്ട കാളിയെ ലേശം തിരക്കുണ്ട് പിന്നെ ആവാം

സീൻ 3
നകലനും അച്ചുതനും കുഞ്ഞിക്കാനും കവലയിലെ ആലിൻ ചോട്ടിലിരുന്നുള്ള സംഭാഷണം ..

നകുലൻ: അച്ചുതാ.. നമുക്ക് ആ പരമേശരൻ നായരുടെ വീട്ടീന്നു തുടങ്ങിയാലോ.. അങ്ങേരോടു കുറച്ചു കാശ് ചോദിച്ചു നോക്കാo .. മുത്തു അങ്ങേർടെ പറമ്പിലെ തൊഴിലാളിയല്ലേ ...

അച്ചുതൻ: അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്ത ആ ജന്മി പരമേശൻ നായർ നമ്മക്ക് വല്ലതും തരും എന്നു തോന്നണുണ്ടോ? മുത്തുവിന്റെ പേരും പറഞ്ഞങ്ങു ചെന്നാ മതി.

കുഞ്ഞിക്ക്: ഞമ്മട ആവശ്യായിപ്പോയില്ലേ.. ന്തായാലും നുമുക്ക് പോവാo .. ആ ഹിമാറ് ആളൊരു അറാംമ്പുറപ്പാണ് ...

അച്ചുതൻ : എന്നാ വാ ഒട്ടും വൈകിക്കണ്ടാ ഇപ്പ തന്നങ്ങിട് പുറപ്പെടാം...

നകുലൻ: എന്നാ പോയേക്കാം.

സീൻ 4
പരമേശ്രൻ നായരുടെ വീട്ടുമുറ്റം

അച്ചുതൻ : ഇവടാരൂല്ലേ .... ഓയ് .. ഇവടരൂല്ലേയ്...

ഗൗരി : ആരാ എന്തു വേണം ... അച്ചനിവിടില്ലാട്ടോ...

അച്ചുതൻ: പരമേശരൻ നായരുടെ മകളാണല്ലേ . ഞങ്ങൾ അദ്ദേഹത്തെ ഒന്നു കാണാൻ വന്നതാ .. ഇപ്പെങ്ങാനും വരുവോ അച്ചൻ ...

ഗൗരി: അച്ഛനെപ്പളാ വരണേന്ന് നിക്കറിഞ്ഞൂടാ. ആദ്യം ഇയാളാരാന്നു പറയൂ.

അച്ചുതൻ: ന്റെ പേര് അച്ചുതൻ .. ഇവിടൊക്കെ ഒള്ളതു തന്നാ ... കുട്ടി അറിയാൻ വഴിയില്ല .. അച്ചനോട് ഒരു സഹായം അന്വേഷിച്ചു വന്നതാ ...

അമ്മ : ഗൗരീ ആരാ മോളെ മുറ്റത്ത് ...

ഗൗരി: ഇവിടൊക്കെത്തന്നെ ഉള്ള ഏതോ ഒരു അച്ചുതനാ അമ്മേ. നിക്കറിയാൻ വഴിയില്ലാത്രേ അപ്പോ അമ്മക്കും അറിയാൻ പാടില്ലായിരിക്കും.

നകുലൻ: അച്ചുതാ.. കുട്ടിക്ക് ലേശം തണ്ട് കൂടുതലാ .. വാ നമുക്ക് പോവാം .. ഇവറ്റകൾടെ സഹായവും വേണ്ട ഒന്നും വേണ്ട .. കണ്ടില്ലേ അഹന്ത ...

ഗൗരി: ദേ ഞാൻ പറയാട്ടോ അച്ഛൻറടത്ത് അച്ചുതൻ സഹായം ചോദിച്ചു വന്നെന്ന്.

അച്ചുതൻ: ആയ്ക്കോട്ടെ .. ഒന്നും തോന്നരുത് ട്ടോ കുട്ട്യേ .. ഇവിടുത്തെ പണിക്കാരൻ മുത്തുവിന്റെ കൂര തകർന്നു .. അത് നേരെയാക്കാനാ ...

അമ്മ: ഓ നീയാരുന്നോ അച്ചുതാ. ഇവൾടെ വർത്തമാനം കേട്ടപ്പോ ഞാൻ കരുതി.....
എന്താ ഇപ്പോ ഇവിടേം തുടങ്ങിയോ നിങ്ങടെ സാമൂഹ്യ പ്രവർത്തനം

അച്ചുതൻ: എന്താ ചെയ്യാ .. ഉള്ള കണ്ഡവും പറമ്പുമൊക്കെ നിങ്ങളൊക്കെ അടക്കി വച്ചിരിക്കയല്ലേ .. പാവങ്ങൾക്ക് നിവൃത്തിയില്ലെന്നു  വന്നാ എന്താ ചെയ്ക .. ഇതു പോലെ ഇരന്നല്ലേ പറ്റൂ ...

അമ്മ: ആയിക്കോട്ടെ ആയിക്കോട്ടെ ഇവൾടെ അച്ഛൻ വരുമ്പോ ഞാൻ പറഞ്ഞേക്കാം . ഇപ്പൊ പൊയ്ക്കോളൂ

കുഞ്ഞിക്ക : പെരുത്ത് നന്ദി ... അച്ചുതാ ..നകുലാ.. വാ മ്മക്ക് ങ്ട്ടിറങ്ങാം ..

ഗൗരി: അമ്മയ്ക്കറിയോ അയാളെ?

അമ്മ: പണ്ടു നമ്മടെ പറമ്പിൽ പണിക്കു നിന്ന നാണുപ്പോലയന്റെ മോനാ അച്യുതൻ...  ഇപ്പൊ എന്തോ ഇസവും പറഞ്ഞു നടപ്പാണ്. കമ്മണിസമോ കമ്മ്യൂണിസമോ എന്തോ

ഗൗരി : അതെന്താ അമ്മേ സാധനം

അമ്മ : ആ അതൊന്നും എനിക്കറിഞ്ഞൂടാ..  അല്ല പെണ്ണെ നിനക്ക് പഠിക്കാനൊന്നും ഇല്ലേ ഇല്ലെങ്കിൽ ഉള്ളില് വന്നു വല്ല പണിയും ചെയ്യ്. കണ്ട അടിയന്മാരോടൊക്കെ വായിട്ടലക്കാൻ വന്നേക്കുന്നു. നിന്റെ അച്ഛനോ ആങ്ങളമാരോ എങ്ങാൻ കാണണം ഇതോടെ തീർന്നു. മതി കേറിപ്പോ ഉള്ളില്..

സീൻ 5
അച്ചുതനും നകുലനും കുഞ്ഞിക്കാനും തമ്മിലുള്ള സംഭാഷണം ..

നകുലൻ: കാശ് കൂട്ടീട്ടും കൂട്ടീട്ടും ഒന്നങ്ങടെത്തണില്ലല്ലോ അച്ചുതാ .. ആ പരമേശരൻ നായർ കൂടി കനിഞ്ഞാലേ ഇനി രക്ഷയുള്ളൂ...

അച്യുതൻ : എന്നുവെച്ചു അയാളുടെ കാലുപിടിക്കാനൊന്നും വയ്യ നകുലാ

കുഞ്ഞിക്ക : ഇനിയിപ്പ ആ പഹയൻ അറിഞ്ഞു കാണൂല്ലന്നുണ്ടോ നമ്മള് ചെന്നത്

നകുലൻ: അറിയാഞ്ഞിട്ടൊന്നുമല്ല .. അങ്ങനെ ഭാവിക്കണതാ .. ചെറ്റ ..

അച്ചുതൻ:  അച്ചൻ ചെറ്റയാണെങ്കിലും മോളു മിടുക്കിയ.... നല്ല തന്റേടം ...

കുഞ്ഞിക്ക : എന്തു പറഞ്ഞാലും ആ ഹിമാറിന്റെ മോളല്ലാണ്ടാവോ എന്റെ സഖാവച്ചുതൻ കുട്ട്യേ

നകുലൻ: അച്ചുതാ ... നിനക്കാ കുട്ട്യേ നന്നേ പിടിച്ചിരിക്കുണുന്നു തോന്നണല്ലോ .. എന്താ വല്ല പ്രേമം വല്ലതുമാണോ .. ! സഖാവേ ....

കുഞ്ഞിക്ക : എന്താ അച്ചുതൻ കുട്ട്യേ... അന്നക്കൊണ്ട് കൂട്ട്യാ കൂടോന്ന് തോന്നണണ്ടാ ...

അച്ചുതൻ: പ്രണയൊന്നുമല്ലെന്റെ കുഞ്ഞിക്ക.. എന്തോ ആ തന്റേടിയായ കാന്താരിയെ കണ്ടപ്പോ ഒരിഷ്ടം...

കുഞ്ഞിക്ക: എന്നാ ഇജജാ ആ ഇഷ്ടം മനസ്സിലുവച്ചു അധിക ങ്ട് മൂപ്പിക്കണ്ടട്ടാ....

നകുലൻ: ന്നാ ... ഞാൻ ങ്ട് നടക്കട്ടെ അച്ചുതാ .... എനിക്ക്യാ കവല വരെയൊന്നു  പോണം ,, പിന്നെ കാണാം...

‎അച്യുതൻ :  ന്നാ നീ പോയിട്ട് വാ .. ഇക്ക ഇങ്ങളും പൊയ്ക്കോളീ...

കുഞ്ഞിക്ക: അച്ചുതൻ കുട്ട്യേ .. ജജ് കിടന്നിങ്ങനെ കിനാവ് കാണാണ്ട് .. കുടിലിൽ പോവാൻ നോക്കീന്ന്.. ഹും നല്ല മഴക്കാറ് കാണണണ്ടല്ല ...
 
അച്ചുതൻ : നീങ്ങള് പോയി വാ .. ഞാൻ കുറച്ചു നേരം കൂടി ഇവടെ കിടക്കട്ടേന്ന് ...

സീൻ 6
പരമ : ഇന്നെന്താ ഇവിടെ സന്ധ്യക്ക്‌

അമ്മ : മോളെ ... എന്തൊരു കിടപ്പാ കുഞ്ഞേ നീ ... എണീറ്റു വാ അത്താഴം കഴിക്കാം .. അച്ചൻ അന്വേഷിക്കുണു ...

ഗൗരി: ഇശ്ചിരി കഴിയട്ടെ മെമ ...

അമ്മ:  വേഗം  വാട്ടോ ...  മോളെ

സീൻ 7
പരമേശ്വരൻ നായരും മകളും അമ്മയും തമ്മിലുള്ള സംഭാഷണം

അച്ഛൻ : ഇന്ന് ആരാ  മോളെ ഇവിടെ വന്നത്..

ഗൗരി : ഏതോ അച്യുതൻ കൂടെ രണ്ടു പേരുമുണ്ടായിരുന്നു .. അച്ചനെ തിരക്കിയ വന്നത് .. എന്തിനാന്ന് പറഞ്ഞില്ല..

അമ്മ : വല്ല സഹായവും ചോദിച്ചു വന്നതാവും ... ഉം ..

അച്ചൻ: ഇവറ്റകളെ ആരാ ഉമ്മറത്ത് കയറ്റിയത് ... ഇന്നാട്ടിലെ ആഢ്യന്മാർക്കെതിരെ സമരം ചെയ്യുന്നോരാ ... ഇനി വന്നാ ഈ പഠിക്കലു കയറ്റരുത് ...

ഗാരി : ഊവ്വ് ...

അച്ചൻ : ന്നാ മോള് പോയി കിടന്നോ .. നിന്റെ പഠിത്തമൊക്കെ നന്നായിട്ടു പോണല്ലോല്ലെ..

ഗൗരി : ഉം ...

സീൻ 8
അമ്മയും അച്ചനും തമ്മിലുള്ള സംഭാഷണം

അച്ചൻ: ഓൾക്ക്  ഈ മകരത്തില് പതിനാറ് തികഴുമല്ലേ.. ഓൾടെ വേളി ഉടനെ നിശ്ചയിക്കണം ..

അമമ : അതങ്ങ്ട് പറയാനിരിക്കയാർന്ന് .. ഇപ്പ തന്നെ പ്രായം ഏറെയായി ..

അച്ചൻ: ഉം ... ഞാനാ ദിവാകരനോട് പറഞ്ഞിട്ടുണ്ട് നല്ല വല്ല സംബന്ധവും ഉണ്ടേൽ നോക്കാൻ ..

അമ്മ : ഉടനെ വേണം .. പെൺകുട്ട്യോൾടെ മനസ്സ ... എപ്പ എങ്ങടാ മാറണതെന്ന് നിരീക്കാൻ പറ്റേല..

സീൻ 9
അച്ചുതനും നകുലനും രാവിലെ പരമേശ്വരൻ നായരുടെ വീട്ടിലേക്ക് നടക്കുന്നു ...

അച്ചുതൻ : കുഞ്ഞിക്കാനേ വിളിച്ചില്ലെ നകുലാ .. ഓൻ എവിടെ ..

നകുലൻ :  ഉമ്മക്ക് നല്ല സുഖമില്ല .. വൈദ്യനെ വിളിക്കാൻ പോയിരിക്കുവാ ... ആശാൻ ..

അച്ചുതൻ : ന്നാ വേഗം നടക്കാം മുത്തുവിന്റെ കാര്യത്തിൽ ഇന്നെങ്കിലും ഒരു തീരുമാനം ഉണ്ടാക്കണം .

സീൻ 10

നകുലൻ:   ആഹാ ... ഇന്നുമമറപ്പടിക്കൽ തന്നെ ആ കള്ള നായരുണ്ടല്ലോ ...

അച്ചുതൻ: ഏതായാലും നീ വാ ഇന്നങ്ങേരോടു നേരിട്ടന്നെ ചോദിക്കാം.

സീൻ 11

പരമേശ്വരൻ: അല്ല ഇതാരാ അച്ചുതനോ ...? മമളെപ്പോലുള്ള ജന്മികളുടെ വീട്ടിൽ ഇങ്ങളൊക്കെ കാലു കുത്തുവോ ...?

അച്ചുതൻ: എന്തു ചെയ്യാനാ നായരേ ആവശ്യം വന്നാൽ വന്നല്ലേ പറ്റൂ ...

പരമ : ഇന്നലെയും വന്നിരുന്നു ല്ലെ ... എന്താണാവോ വരവിന്റെ ഉദ്ദേശ്യം ...

അച്ചു : നിങ്ങടെ പണിക്കാരൻ മുത്തുവിന്റെ കൂര നശിച്ച കാര്യം അറിഞ്ഞു കാണുമായിരിക്കും .. പാവം .. കെട്ട്യോളും , രണ്ടു പിള്ളാരുമുള്ളതാ .. അതൊന്നു ശരിയാക്കാൻ കുറച്ചു സഹായം പ്രതീക്ഷിച്ചാണ് ഞങ്ങൾ വന്നത് ..

പരമ: അതൊക്കെ ശരിയാക്കാനല്ലേ നിങ്ങൾ കമമ്യൂണിസ്റ്റുകാര് .. ജന്മികൾടെ സഹായം എന്തിനാണാവോ ...

നകുലൻ: മുത്തു ഇവിടുത്തെ പണിക്കാരൻ തന്നെയല്ലേ ...

പരമ : അതൊക്കെ ശരി തന്നെ നകുല .... ഓൻ പണിയെടുക്കുന്നതിന്റെ കൂലി  ഞാൻ കൊടുക്കുന്നുണ്ട് .. അല്ലാണ്ട് ഒരണ  എടുക്കാൻ എനേറൽ ഇല്ല ....

നകുലൻ : ന്നാ ശരി ങനെ ആയ്ക്കോട്ടെ നായരെ ... ഇങ്ങളെ കൊണ്ട് ആ കൂര ശരിയാക്കിക്കാൻ പറ്റുമോന്ന് നോക്കട്ടെ ...

പരമ: ആഹ ... ആഹ് ... അതൊക്കെ കാണാം .. ഇപ്പ നിങ്ങൾ പോയിട്ടെ .. നിക്ക് ലേശം തിരക്കുണ്ട് .....

സീൻ 12

നകുലൻ : പാടത്ത് വെയില് തന്നിരിക്കുണു... ആൾക്കാരെല്ലാം എത്തിക്കൊണ്ടുമിരിക്കുണു ... ന്നാ നമുക്ക് കമ്മിറ്റി ആരംഭിച്ചാലോ....

അച്ചുതൻ : കുഞ്ഞിക്ക എത്തിയ '.?

കുഞ്ഞിക്ക : ഞമ്മിളിവിടെണ്ട് അച്ചുതാ ... ഇജ്ജ് തുടങ്ങിക്കോളിൻ ...

നകുലൻ : സുഹൃത്ത്ക്കളെ .... നമ്മളിന്നിവിടെ ഒത്തുകൂടിയിരിക്കുന്നത് ഒരു പ്രതിഷേധത്തിന്റെ ഭാഗമായാണ് .. നിങ്ങൾ ഓരോരുത്തരും ഇന്നനുഭവിക്കുന്ന അനീതിക്കെതിരെ സംഘടിക്കേണ്ട കാലം ആഗമിച്ചിരിക്കുന്നു . ഈ കർഷക തൊഴിലാളി കൂട്ടയ്മയുടെ അനിവാര്യതയെപ്പറ്റി കൂടുതൽ സംസാരിക്കുവാൻ അച്ചുതൻ സഖാവിനെ ക്ഷണിച്ചു കൊള്ളുന്നു ..
( കൈയടിയുടെ ശബ്ദം)

അച്ചു : പ്രിയപ്പെട്ട എന്റെ സഹോദരങ്ങളെ .. നിങ്ങൾ ഇന്ന് എന്റെ മുന്നിൽ ഇരിക്കുന്നതിന് ഒരു കാരണമുണ്ട്. ആ കാരണത്തെ വേരോടെ പിഴുതെറിയുവാൻ നിങ്ങൾക്കൊപ്പം എന്നും ഈ ചെങ്കൊടി ഉണ്ടാവും .. കാലങ്ങൾ ഏറെയായില്ലെ നിങ്ങളുടെ ചോര ഊറ്റിക്കുടിച്ചു ഇവിടുത്തെ തമ്പ്രാക്കൾ മതിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്. ഈ ഏർപ്പാട് അവസാനിക്കണം . നിങ്ങൾ പണിയെടുത്ത് ഇനി ഒരു തമ്പ്രാക്കളെയും ഊട്ടേണ്ട  .. ആ പാടങ്ങൾ നിങ്ങൾക്കവകാശപ്പെട്ടതാണ് . അവിടുത്തെ ഓരോ മണി നെല്ലും നിങ്ങൾടെ പരമ്പരകൾക്കുള്ളതാണ് . ഇന്ന് മുത്തുവിന് വന്ന അവസ്ഥ ആർക്കു വേണേലും ഉണ്ടാവും . നിങ്ങളുടെ കിടപ്പാടവും പറമ്പും വീണ്ടെടുക്കുവാൻ .. എല്ലാം അടിയറവച്ചു തൊഴുതു നിൽക്കുന്നതിനു പകരം നട്ടെല്ലുയർത്തി നിവർന്നു നിൽക്കുവാൻ ഒരുങ്ങി കൊൾക... വരും നാളുകൾ നിങ്ങളുടേതായിരിക്കും .. അതിനായുള്ള സമരം ആരംഭിച്ചിരിക്കുന്നു .. തമ്പ്രാക്കന്മാരുടെ നിറഞ്ഞ പത്തായപ്പുരകൾ നിങ്ങളൊഴുക്കിയ ചോരയും നീരുമാണ് .. അവ നിങ്ങളുടേതാണ് ...
(കൈയടി ആരവങ്ങൾ ,,.. മുദ്രാവാക്യം വിളികൾ ... ഇൻക്വിലാബ് സിന്ധാബാദ് ...)

സീൻ 13

ജന്മി 1 : അറിഞ്ഞില്ലേ കലാപകാരികൾ പരമേശരൻ നായരുടെ പത്തായം കൊള്ളയടിച്ചു ...

ജന്മി 2 : നായരുടെ മാത്രമല്ല ... ദേശത്തെ പല വീടുകളിലും അവർ കൊള്ള നടത്തിയിരിക്കുണു.. എതിർക്കാൻ ശ്രമിച്ചു ശങ്കരൻ നമ്പൂതിരിയെയും അയാൾടെ ആൾക്കാരെയും ആക്രമിച്ചു ..

ജന്മി 1 : ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ .. ഇതിനൊരു അറുതി കണ്ടെത്തിയേ തീരൂ ... ആ ജന്തുക്കൾക്ക് ഇത്ര അഹന്തയോ ...? അവസാനിപ്പിക്കണം എല്ലാറ്റിനെയും ..

ജന്മി 2: നമുക്കാ നായരുടെ വീട്ടിലേക്കൊന്നു പോകാം .. എല്ലാരേയും കൂട്ടാം ...

സീൻ 14

ജന്മി 1: നായരേ .. ന്താ ഈ കേക്കണത് ..ഇങ്ടെ പത്തായം കൊള്ളയടിച്ചോ ..?

പരമ : ഹും... അവനാ ആ അച്ചുതൻ .. ഇതിന്റെയൊക്കെ സൂത്രധാരൻ ... കൊല്ലണം അവനെയും അവന്റെ എച്ചിൽ പട്ടികളെയും ...

ജന്മി 2: ഇതിനിപ്പ എന്താ ഒരു പ്രതിവിധി ...? ഈ സമയത്ത് നമ്മളെല്ലാവരും ഒരുമിച്ച് നിക്കണം .. പോലീസ് ഏമാന്മാരെ അറിയിക്കണ്ടെ ..? എല്ലാവരും വരു നമുക്കാ അകത്തളത്തിലിരിക്കാം..

പരമ : പ്രതിവിധി ഒന്നേയുള്ളു .. അവനെ ... ആ... അച്ചുതനെ അങ്ങ് ഇല്ലാണ്ടാക്കണം .. അതു മാത്രം മതി ഇവറ്റകൾ ഒക്കെ അടങ്ങാൻ ...

ജന്മി 3: അതന്നെയാ അതിന്റെ ശരി .. നമുക്കെന്താ ആൾബലമില്ലേ.... സമ്പത്തില്ലേ ... ഇനി അതു പോരാന്നു വച്ചാ .. ആ .. പൊലീസിന്റെ സഹായവും തേടാം ... എന്ത്യേ ....

പരമ : ആർക്കേലും ഇതിനൊരു എതിർപ്പുണ്ടോ ... ഉണ്ടെങ്കിലും ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു ..

സീൻ 15

അമ്മ : നീയെന്താണ് പെണ്ണെ ഇവിടെ ഈ വലിയവര് പറയുന്നത് നിന്ന് കേൾക്കുന്നത്. അപാരത്തെങ്ങാനും പോ..

ഗൗരി: അല്ലമ്മേ എനിക്ക് ചില സംശയങ്ങൾ ....? ഇവരെന്തിനാണമ്മേ ആ അച്യുതനെയും കൂട്ടരേം തല്ലും കൊല്ലും എന്നൊക്കെ പറയുന്നത് ?? അതിനവരെന്തു തെറ്റു ചെയ്തു...?

അമ്മ : നിനക്കിത് എന്തിന്റെ കേടാ... ഡി .. അവർ തീരൂമാനിക്കുന്നതിനെയൊക്കെ എതിർക്കാൻ നീയാരാ ...

ഗൗരി : അതിനാരെതിർത്തു ?? എനിക്ക് ചില സംശയങ്ങൾ തീർക്കാനല്ലേ...  അമ്മ ആ ചായയിങ്ങു തന്നേക്കു ഞാൻ ഉമ്മറത്ത് കൊണ്ടു കൊടുത്തോളാം

അമ്മ : അവിടെ ചെന്ന് ആവശ്യമില്ലാത്തത് വല്ലതും പറഞ്ഞാലിണ്ടല്ലോ ... നിന്റെ നാക്ക് ഞാനരിഞ്ഞു കളയും ...കേട്ടോടി അസത്തേ ....

ഗൗരി : അമ്മായിതിങ്ങു തന്നേ.... (വളകൾ കിലുങ്ങുന്നതിന്റെയും ഗ്ലാസ്സുകൾ കൂട്ടിമുട്ടുന്നതിന്റെയും ശബ്ദം )

സീൻ 16

ജന്മി 1: നായരേ .... ഇത് നിങ്ങൾടെ മോളാണല്ലേ ... ഇവൾ അങ്ങ് വല്യ കുട്ടിയായല്ലോ ... വേളിയൊക്കെ നോക്കുന്നുണ്ടോ ...?

പരമ : ആ നോക്കി വരുന്നു,  ഇനിയിപ്പോ അധികം വൈകാതെ അങ്ങു നടത്തണം..  അവിടെ അടുക്കളേല് പണിക്കാരരൂല്ലേ നിന്നെ ഇതും കൊണ്ടു പറഞ്ഞയച്ചത് ആരാണ്....  രമേശാ അതിങ്ങു വാങ്ങിവെച്ചേക്ക്....  ആ ഗൗരീ നീ അകത്തു പൊയ്ക്കോ..

ഗൗരി : അല്ല അച്ഛാ എനിക്ക് നിങ്ങളോടൊക്കെ ഒരു കാര്യം ചോദിക്കാനുണ്ട്..

പരമ: ഉം ... എന്ത ... നിനക്കറിയേണ്ടത് .. ?

ഗൗരി : നിങ്ങളെന്തിനാണ് ആ അച്യുതനെയും കൂട്ടരേം ഉപദ്രവിക്കും എന്നൊക്കെ പറയുന്നത് ???? അവരെന്തു തെറ്റു ചെയ്തു ? മുത്തു നമ്മടെ ഇവിടത്തെ പണിക്കാരനല്ലേ..  അവന്റെ കൂര തകർന്നപ്പോൾ അതു ശെരിയാക്കാൻ അവർ മാന്യമായി ഇവിടെ വന്നു സഹായം ചോദിച്ചതല്ലേ..  അന്നു അച്ഛൻ പറ്റില്ല എന്നു പറഞ്ഞതുകൊണ്ടല്ലേ

രമേശൻ : ഗൗരീ നീ എന്തൊക്കെയാണീ പറയുന്നത് കേറിപ്പോ അകത്തു..

പരമ : ഫാ ... അസത്തേ ... ആണുങ്ങൾ സംസാരിക്കുന്നിടത്തേക്കു വന്നു തർക്കുത്തരം പറയാൻ മാത്രം നീ വളർന്നോ ..? കയറി പോടി പിഴച്ചവളെ ...

ജന്മി 2: കണ്ടില്ലേ പെണ്ണുങ്ങളുടെ ഒരു അഹന്ത ..? എന്ത നായരേ ഞങ്ങളെ അപമാനിക്കാനാണോ നിങ്ങൾ വിളിച്ചു വരുത്തിയത് ..? പെൺകുട്ട്യോളേ നിലക്കു നിർത്താൻ അറിയില്ലേ നിങ്ങൾക്ക് ...

ഗൗരി : ഇവിടെ ഞാനാണോ അസംബന്ധം പറയുന്നത് അല്ല നിങ്ങളൊക്കെയൊ ?? എന്നെ വിടൂ ചേട്ടാ....  എല്ലുമുറിയെ നമുക്ക് വേണ്ടി പണിയെടുക്കുന്ന പാവങ്ങൾക്ക് ഒരു കഷ്ടകാലം വരുമ്പോൾ സഹായിക്കാതെ ഈ നെല്ല് മുഴുവനും പത്തായത്തിൽ കൂട്ടി വെച്ചിട്ട് ആർക്ക് അനുഭവിക്കാനാണ് ??? ആ പാവങ്ങളെ സഹായിക്കുന്നതിനെയാണ് നിങ്ങൾ കമ്മ്യൂണിസം എന്നും പറഞ്ഞു അറപ്പോടും വെറുപ്പോടും കൂടെ കാണുന്നതെങ്കിൽ ഞാൻ ആ കമ്മ്യൂണിസത്തിനോടൊപ്പമാണ്

ജന്മി 1 : എന്താ കുട്ടി ഈ പറയണത് . .. കുട്ട്യേ ആരോ കൂടോത്രം ചെയ്തിരിക്കുണു...

പരമ:  ( ടപ്പേ) .. ചെകിട്ടത്തടിച്ചു കൊണ്ട് ) കുലം മുടിക്കാൻ പിറന്നവളെ ... നിന്റെ നാവിനി പൊങ്ങുന്നത് എനിക്കൊന്നു കാണണം ...പരമ : ഒരു പെണ്ണല്ലേ ഉള്ളൂ എന്നു കരുതി ലാളിച്ചതാണ് പറ്റിയത്. സുകൃതക്ഷയം..  രമേശാ കൊണ്ടു പൂട്ടിയിടിവളേ...  ഞാൻ പറയാതെ പച്ചവെള്ളം പോലും കൊടുത്തു പോകരുത്..

ഗൗരി : നിങ്ങൾ ഒക്കെ ഇത്രയേയുള്ളു .. ഒരു പെണ്ണിനു പോലും ശബ്ദിക്കാൻ അനുവാദമില്ലാത്ത പഴകിയ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും കൊണ്ടു നടക്കുന്നവർ .. എതിരെ നിൽക്കുന്നത് സ്വന്തം ചോരയാണെങ്കിൽ പോലും കൊല്ലാൻ മടിക്കാത്ത നീചവർഗ്ഗം .

പരമ : ഇനിയും നിന്റെ അസംബന്ധം തുടരാനാണ് നിന്റെ തീരുമാനമെങ്കിൽ ഗൗരീ ഇപ്പൊ ഇറങ്ങിക്കോളണം എന്റെ വീട്ടീന്ന്..  എന്റെ രീതിക്കൊക്കെ നിൽക്കാൻ പറ്റുന്നവർ മതി ഇവിടെ...  ഇനി എനിക്ക് ഇങ്ങനൊരു മകളില്ല എന്നു ഞാൻ കരുതിക്കോളാം...  കമ്മ്യൂണിസത്തോടൊപ്പം പോകാനാണ് നിന്റെ തീരുമാനമെങ്കിൽ നിന്നെ പടിയടച്ചു പിണ്ഡം വെക്കാനായിരിക്കും എന്റെ തീരുമാനം.

ഗൗരി : ജീർണ്ണിച്ചു തുരുമ്പെടുത്ത നിങ്ങളുടെ ചിന്തകളോട് വെറും പുച്ഛം മാത്രമേയുള്ളു അച്ചാ .. മറ്റുള്ളവരെ ദ്യോഹിച്ചും കൊന്നും നിങ്ങൾ നേടിയ സമ്പത്തിന്റെ പങ്കു പറ്റിയതിൽ ഇന്നെനിക്ക് സഹതാപം മാത്രമേ ഉള്ളു .. വെറും സഹതാപം .. നിങ്ങളെന്നെ കൊല്ലാനും മടിക്കില്ല അതെനിക്കറിയാം .. ഇത്രയും കാലം ഞാൻ കഴിച്ച അന്നത്തിന് ഒരുപാട് പേരുടെ കണ്ണീരിന്റെ രുചിയുണ്ടെന്ന് മനസ്സിലാക്കാൻ ഒരല്പം വൈകിപ്പോയി  .. ഇനി ഞാൻ ഇറങ്ങട്ടെ ... എല്ലാത്തിനും നന്ദി ..

അമ്മ : എന്താ മോളേ നീ ഈ കാട്ടണത് .. അച്ചൻ വല്ലതും പറഞ്ഞെന്നു വച്ച് വീട് വിട്ടിറങ്ങണോ ..?

പരമ : വിടടീ നശൂലമേ അവളേ ... അവൾ പോകട്ടെ എത്ര വരെ പോകണമെന്നു എനിക്ക് അറിയണമല്ലോ ... ഇറങ്ങി കൊള്ളണം ... ഈ നിമിഷം ... പിഴച്ചവളേ ... തേവിടിശ്ശി ...

അമ്മ : (കരഞ്ഞുകൊണ്ട് ) അവൾ പോയി ... ഉടുതുണിക്ക് മറുതുണി പോലുമില്ലെന്റ കുഞ്ഞിന് .. ഒന്നു തിരിച്ചു വിളിക്കുവോ ന്റെ കുട്ടീനേ ... ഒന്നു വിളിക്ക് ...

പരമ: നീ യൊറ്റ ഒരുത്തി കാരണമാണ് ഇതെല്ലാം .. അടങ്ങി നിന്നോണം .. ഇല്ലേൽ മോൾടെ വഴി അമ്മക്കും പോവാം ...കുലം മുടിക്കാൻ പിറന്നോരു .....ഹും ....

സീൻ 17

നകുലൻ : അച്ചുത..... നീ വരണതാരാണെന്നു കണ്ടോ ... നായരു കുട്ടി ....

അച്ചുതൻ: എന്തു പറ്റി കുട്ട്യേ ഈ നേരത്ത് ...

നകുലൻ : കുട്ടി എന്തിനാ ഇങ്ങനെ കരയണെ ... എന്താ ഉണ്ടായത് ..

ഗൗരി : ഞാൻ വീട് വിട്ടിറങ്ങി ....

അച്ചു: എന്താ .... എന്താ അതിനും മാത്രം ഇണ്ടായത് ...

ഗൗരി : നിങ്ങളെയൊക്കെ കൊല്ലാൻ അവർ ഗൂഢാലോചന നടത്തിയത് ചോദ്യം ചെയ്തതിന് ...

നകുലൻ : കുട്ടിക്ക് എന്താ ഭ്രാന്തുണ്ടോ .... ഞങ്ങളെ കൊന്നാൽ കുട്ടിക്കെന്താ ...

അച്ചുതൻ: ഇല്ല നകുലാ ... നമ്മളെന്താണോ ആഗ്രഹിച്ചത് അത് തന്നെയാ സംഭവിക്കുന്നത് ... ജന്മികൾക്കെതിരെ സമരം ചെയ്യാൻ അവർടെ ഇടയിലെ ആളുകൾ കൂടി വന്നേ മതിയാവൂ....
ഗൗരി പരിഭ്രമിക്കണ്ട ... ഞങ്ങളെ പേടിയാണോ.... ഗൗരിക്ക് ..

ഗൗരി : ഏഹ് .. ഒട്ടുമില്ല .. വിശ്വാസം മാത്രം... ഞാനും നിങ്ങടെ കൂടെ കൂടിക്കോട്ടെ .. എനിക്കും പഠിക്കണം കമ്മണിസം...

അച്ചുതൻ: അതിനെന്താ .... സന്തോഷല്ലേ ഉള്ളു .. അല്ല ഇപ്പ ഈ കുട്ട്യേ എവിടെയാ താമസിപ്പിക്ക നകുലാ ...

നകുലൻ : മമ്ടെ കുട്ടിയാരുടെ വീട്ടിൽ ആക്കാം .. അവിടെ മൂന്നു പെൺകുട്ട്യോകും കുട്ടിയാരും മാത്രല്ലേ ഉള്ളു ... സൗകര്യവും ഉണ്ട് ...

ഗൗരി: ഉം ..

അച്ചുതൻ : ന്നാ അങ്ങനെ ആവട്ടെ .. പിന്നെ ഈ കമമ്യൂണിസം അത്ര സുഖമുള്ള ഏർപ്പാടൊന്നുമല്ല ട്ടോ കുട്ട്യേ .. ഒരുപാട് കഷ്ടപാടാ ... ഇതൊക്കെ തരണം ചെയ്യാൻ ആവോ ..

ഗൗരി : ആവും ...നിക്കും പഠിക്കണം ... എല്ലാം .. എല്ലാം ..

അച്ചുതൻ: ന്നാ പോന്നോളി .. ഇനി ഈ ചെങ്കൊടിയുണ്ടാവും ഗൗരിക്ക് തുണയായിട്ട് ... ഞാനും ...

ഗൗരി : ഉം ... മനസ്സിലായി ... എനിക്കും ഇഷ്ടാ .. ഈ കൊടിയെയും ...പിന്നെ ... പിന്നെ ....

അച്ചുതൻ: പിന്നെ ....

ഗൗരി : (ചെറു ചിരിയോടെ ) .. പിന്നൊന്നൂല്ല ....

ആ യാത്ര അവിടെ തുടങ്ങുന്നു ഗൗരിയുടെയും അച്ചുതന്റെയും യാത്ര ... എല്ലാറ്റിനും സാക്ഷിയായി ചെങ്കൊടിയും ....


















No comments:

Post a Comment