കാലം വളരെ മുന്നോട്ടു പോയപ്പോൾ ചിലതൊക്കെ നമ്മുടെ രാജ്യത്ത് അങ്ങനെ തന്നെ അവശേഷിച്ചു . ഐതിഹാസിക സമരങ്ങളും , വിപ്ലവങ്ങളും, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളും , ജാതി -ജന്മി വ്യവസ്ഥയ്ക്കെതിരെയുണ്ടായ ചെറുത്തു നിൽപ്പുകളുടെയും കാലഘട്ടമായിരുന്നു 19 -20 നൂറ്റാണ്ടുകളുടെ ഒടുക്കവും തുടക്കവും . അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ, വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് കുതന്ത്രത്തിനുമെതിരെ സംഘടിതവും അല്ലാത്തതുമായ പോരാട്ടങ്ങൾക്കും 20ാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചു. ഒടുവിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യ വളർന്നു .ശാസ്ത്രത്തിനെയും ശാസ്ത്ര ബോധത്തിനെയും വളർത്തുവാനും ഉത്തേജിപ്പിക്കുവാനും ഉതകുന്ന തീരുമാനങ്ങൾക്ക് നാം അതീവ പ്രാധാന്യം നൽകി . ഭരണഘടന എന്ന ആ പുസ്തകത്തിനുള്ളിൽ വരച്ചുകാട്ടിയത് രാജ്യത്തിന്റെ സവിശേഷതയും പുരോഗതിക്ക് അനുസൃതമായ നിയമങ്ങളുമാണ് . ആ നിയമ സഞ്ചയങ്ങൾ പലതിനെയും മാറ്റി മറിച്ചു . എന്നാൽ ഇരുപത്തിയൊന്നാം നുറ്റാണ്ടിൽ നാം കണ്ടത് നമ്മൾ എന്നോ ഉപേക്ഷിച്ച, കത്തിച്ചു കളഞ്ഞ അന്ധവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും തിരിച്ചു വരവാണ് . 'ഉണങ്ങാത്ത മുറിവിൽ എളുപ്പം ചോര പൊടിയും ' ഈ കുതന്ത്രം മനസ്സിലാക്കിയ തീവ്ര വർഗ്ഗീയ സംഘടനകൾ അവയെ ഓരോന്നായി തിരിച്ചു നമമളിലേക്കെത്തിച്ചു കൊണ്ടിരുന്നു . സമത്വത്തിനും സാഹോദര്യത്തിനും മതേതരത്വത്തിനും പേരു കേട്ട രാജ്യത്തിന്റെ ഹൃദയത്തിൽ ചവിട്ടി നിന്നുകൊണ്ടു അവർ അട്ടഹസിച്ചു . കലാപങ്ങളുടെ , ഭിന്നിപ്പിന്റെ ,താഴ്ന്നവനും വലിയവനെന്നും , വിശ്വാസിയും അവിശ്വാസിയും , രാജ്യ സ്നേഹിയും ദ്രോഹിയും എന്ന തരത്തിൽ അവർ രാഷ്ട്രീയത്തെ മാറ്റി . എണ്ണിയാലൊടുങ്ങാത്ത കലാപങ്ങളുടെയും മതത്തിന്റെയും തമ്മിൽ തല്ലിയും തല്ലിച്ചും ചത്തവരാണധികവും . കേവലമായ മതത്തെ അവർ രാഷ്ട്രീയത്തിലേക്ക് എത്തിച്ചു . ഇല്ലാത്ത ദൈവങ്ങളുടെ പേരിൽ അവർ മനുഷ്യരെ തമ്മിൽ പിരിച്ചു . ശാസ്ത്രത്തിന്റെയും അതിന്റെ ഫലങ്ങളും എത്തേണ്ടിടത്ത് അമ്പലങ്ങളെക്കൊണ്ടും പള്ളികളെക്കൊണ്ടും നടക്കാൻ വയ്യാത്ത സ്ഥിതിയാക്കി . ജനാധിപത്യ പ്രക്രിയകളിൽ തെരഞ്ഞെടുപ്പുകളിൽ മാനവികതയെക്കാളും മതത്തിന് പ്രാമുഖ്യം നേടി . ഉള്ളത് തുറന്നു പറഞ്ഞാൽ ആഭാസം , വിമർശിച്ചാൽ, ഒത്തുകൂടിയാൽ രാജ്യദ്രോഹം . എങ്ങനെ മാറേണ്ടിയിരുന്ന ഒരു സമൂഹത്തെയാണ് നിങ്ങൾ വേദകാലഘട്ടത്തിലേക്ക് തിരിച്ചുവിട്ടത് . ശരികേടുകൾ പഠിപ്പിച്ചും വഴിതെറ്റിച്ചും ഒട്ടും പക്വത ഇല്ലാത്ത ജനങ്ങളെ നിങ്ങടെ പുറകേ എത്തിച്ചു . യുക്തിപരമായി ചിന്തിക്കുന്നവനും പ്രവർത്തിക്കുന്നവനും ആവിശ്കരിക്കുന്നവനും ചെരുപ്പേറും ചീത്ത വിളിയും , യാതൊരു വിവരവും വിവേകവുമില്ലാതെ 'ഹോളി ബുക്ക്സ് ' എന്നു നിങ്ങൾ വിളിക്കുന്ന കാലഹരണപ്പെട്ട എന്നാൽ ഒട്ടും മോശമല്ലാത്ത പുസ്തകങ്ങളെ വായിച്ചു കളയുന്നതിനു പകരം തിന്നുന്നവർ പറയുന്നത് വേദ വാക്യവും . പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി രൂപം കൊണ്ട സംഘടനകൾ കാലാനുസൃതമായ മാറ്റങ്ങൾക്ക് തയ്യാറാകാതെ തുടർന്നപ്പോൾ മതങ്ങളെ ഉപയോഗിച്ച് നിങ്ങൾ ഇടിച്ചുകയറി. വീണ്ടും സമരങ്ങളും വിപ്ലവങ്ങളും അനിവാര്യമാക്കി തീർത്തു .
മഹാരാഷ്ട്രയിൽ നിങ്ങൾ കണ്ടത് വെറും കർഷകരുടെ സമരം മാത്രമായിരുന്നില്ല . സഹിക്കേണ്ടതിന്റെ പരമാവധി കഴിഞ്ഞിട്ടും ഗതിയില്ലാത്തതു കൊണ്ട് അതിജീവനത്തിന്റെ അവസാനത്തെ മാർഗ്ഗം കൂടിയായിരുന്നു അത് . അന്നം തരുന്നവരുടെ വളരെ നിസ്സാരമായ പ്രതികരണം മാത്രമായിരുന്നു .ഇത് ഒടുവിലത്തേതെന്നു കരുതരുത് . ഇനിയും ഉണ്ട് വീർപ്പുമുട്ടി കഴിയുന്ന കോടിക്കണക്കിന് ജന്മങ്ങൾ . ഒരിക്കലും തകർക്കാനാവില്ലായെന്നു കരുതിയിരുന്ന എല്ലാം തകർന്ന ചരിത്രമേ ഈ മണ്ണിനുള്ളു . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ തുരത്തിയ പാരമ്പര്യവും . നുണയും വിദ്വേഷവും , അന്ധതതയും അജ്ഞതയും പരത്തി അധികാരത്തിൽ അധികനാൾ വാഴാമെന്ന വ്യാമോഹവും വേണ്ട .