അവരെന്നെ തുറങ്കലിലടച്ചില്ല ..
പട്ടിണി കിടക്കുമ്പോഴും എന്റെ ജാതി ചോദിച്ചു...
നേർച്ചകൊടുക്കാൻ ആവതില്ലാത്തപ്പോൾ
ഈശ്വര കോപം കൊണ്ടാണെന്ന് വാദിച്ചു..
ഫുഡ് റെസിപ്പികളുടെ കളർഫുൾ അവതരണം കണ്ട് വെള്ളമിറക്കി ,നിങ്ങൾ ഈ രംഗം സ്മാർട്ട് ഫോണുകളുടെ മുന്നിൽ നെടുവീർപ്പിടണം .. കരയണം .. ആക്രോഷിക്കണം ..
എന്നെ തനിച്ചു മരിക്കാൻ അവർ അനുവദിക്കുന്നില്ല, അതിനാൽ
ഞാൻ എന്റെ കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും കൂട്ടുന്നു ..
നിങ്ങൾ ഭരിച്ചോളു , കീഴടക്കി മുന്നോട്ടു പോയ്ക്കൊള്ളുക ഭരണകൂടമേ ..
ഇന്നീ മണ്ണിൽ എനിക്ക് ജയിക്കാൻ അര ലിറ്റർ റേഷൻ മണ്ണെണ്ണ ധാരാളം ..
ഇന്നെന്നെ പോലുള്ളവരുടെ എരിഞ്ഞടങ്ങിയ ചാരത്തിൽ ആ ത്രിവർണ്ണ പതാക നിവർത്തണം ...
എനിക്കും പുനർജ്ജനിക്കണം ഒരു ഉത്തരേന്ത്യൻ പശുവായ് ..
എനിക്കു വേണ്ടി വാദിക്കുവാൻ ,
എനിക്കു വേണ്ടി കൊല്ലുവാൻ ,
എനിക്കു വേണ്ടി തെരുവിലിറങ്ങുവാൻ , ഒരു ജനത തന്നെ മുന്നോട്ടു വരും .. ഞാനെന്ന പശു മൃഗത്തിന് ജാതി വേണ്ട ..
ജാതി തമ്പ്രാക്കളുടെ തുപ്പലു നക്കേണ്ട ഗതികേടു വേണ്ട ..
ചിരിക്കണ്ട ചിന്തിക്കണ്ട ഒന്നിനെയും എതിർക്കേണ്ട മനുഷ്യത്വമില്ലാത്ത മനുഷ്യമൃഗത്തിന്റെ ദയ കാത്ത് കഴിയണ്ട ..
എന്റെ പേരിൽ രാജ്യം ഉണ്ടാക്കും പള്ളിക്കുടങ്ങളിൽ എന്റെ മഹത്വം ഉച്ചത്തിൽ പാടും ..
കവലകളിൽ , പുസ്തകങ്ങളിൽ എന്റെ ചിത്രം വരും .. അമ്പലങ്ങൾ പണിയും , ഒടുവിൽ അവർ എനിക്കു വേണ്ടി അന്യേന്യം പടവെട്ടും ..
ഞാൻ ഗർവ്വോടെ പറയും ഞാൻ പശുവാണെന്ന് ..
ജാതി മത വർഗ്ഗീയ ലഹളകളിൽ പെട്ട് കത്തിയെരിഞ്ഞ ആയിരം മനുഷ്യ ശവകുടീരങ്ങൾക്കു മുകളിൽ മുളയ്ക്കുന്ന പുല്ല് ഞാൻ തിന്നും ,
നിങ്ങളെ നോക്കി ചിരിക്കും ..